Tuesday, May 19, 2015

മന്ത്രങ്ങൾ

മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ്‌ മന്ത്രങ്ങൾ. മനനാത്‌ ത്രായതേ ഇതിമന്ത്ര എന്നതാണ്‌ പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത്‌ പരമാത്മാവിന്റെയോ അതിന്റെ ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്‌. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്‌.

നാദവിസ്‌ഫോടനത്തിൽ നിന്നാണ്‌ പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന്‌ ഗ്രഹിക്കാവുന്നതല്ല. അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ്‌ ഓംകാരം. ഓംകാരത്തിൽ നിന്നാണ്‌ പ്രപഞ്ചസൃഷ്ടിയുണ്ടായത്‌. അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ്‌ ഓം. ഇത്‌ ഏകവും അദ്വിതീയവുമായ പരബ്രഹ്‌മത്തിന്റെ പ്രതീകമാണ്‌. ബ്രഹ്‌മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ്‌ ഏറ്റവും മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്‌. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്‌. മഹാപുണ്യമായ ഓംകാരം ത്രിസന്ധ്യകളിലും ജപിക്കണമെന്ന്‌ ആചാര്യന്മാർ ഉത്‌ഘോഷിക്കുന്നു.

മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ്‌ ജപം. നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ്‌ ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്‌.

നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക്‌ മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ്‌ ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്‌.

മന്ത്രങ്ങൾ ശിഷ്യന്‌ ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന്‌ ചൈതന്യമുണ്ടാവുകയുള്ളൂ.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates