Wednesday, May 20, 2015

രുദ്രാക്ഷമാഹാത്മ്യം

''മരിക്കും വിധൗഭീതി കൂടാതിരിപ്പാന്‍ ധരിക്കേണം മംഗേഷ്‌ഠ രുദ്രാക്ഷാഭാമം''

ഹിന്ദുക്കള്‍ രുദ്രാക്ഷത്തെ ഒരു പുണ്യവസ്‌തുവായി കാണുന്നു. ഇതിന്‌ കാരണം രുദ്രാക്ഷത്തിന്റെ ഉത്ഭവം ശിവനില്‍നിന്നായതുകൊണ്ടാണ്‌. രുദ്രന്റെ അക്ഷിയില്‍നിന്നുത്ഭവിച്ചതുകൊണ്ട്‌ ഇതിന്‌ രുദ്രാക്ഷമെന്ന്‌ പേരുണ്ടായി. ഭഗവാന്‍ ശിവന്‍ ത്രിപുരാസുരന്മാരെ എങ്ങനെ വധിക്കണമെന്നാലോചിച്ച്‌ അല്‌പസമയം കണ്ണടച്ചിരുന്നു. ആ ഇരുപ്പ്‌ ഒരായിരം ദിവ്യ സംവത്സരം നീണ്ടുപോയി. അതിനുശേഷം കണ്ണ്‌ ഇമവെട്ടി തുറന്നപ്പോള്‍ കണ്ണില്‍നിന്ന്‌ അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞുവീണു. ഈ കണ്ണുനീര്‍ത്തുളളികളില്‍നിന്നാണ്‌ രുദ്രാക്ഷം ഉണ്ടായത്‌ എന്നാണ്‌ ഐതിഹ്യം. രുദ്രാക്ഷം കണ്ടാല്‍ ലക്ഷം പുണ്യം, ധരിച്ചാല്‍ നൂറുകോടി പുണ്യം. ധരിച്ചുകൊണ്ട്‌ ജപിച്ചാല്‍ കോടാനുകോടി പുണ്യമാണ്‌ ഫലം. നാലു ജാതിയില്‍പ്പെട്ട രുദ്രാക്ഷമാണുള്ളത്‌. വെളുത്തനിറത്തില്‍പ്പെട്ടത്‌ ബ്രാഹ്‌മണനും, ചുവന്ന നിറത്തില്‍പ്പെട്ടത്‌ ക്ഷത്രിയനും, മഞ്ഞനിറത്തില്‍പ്പെട്ടത്‌ വൈശ്യനും കറുത്ത നിറമുള്ളതു ശൂദ്രനുമാണ്‌ ധരിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌. നെല്ലിക്കാവലുപ്പമുളള രുദ്രാക്ഷമാണ്‌ മികച്ചത്‌. ചാണയിലുരച്ചാല്‍ സ്വര്‍ണ്ണരേഖ പോലിരിക്കുന്നതാണ്‌ ശിവഭക്‌തന്മാര്‍ ധരിക്കുന്നത്‌. കഴുത്തില്‍ 36 എണ്ണവും ഇരു ഭുജങ്ങളിലും പതിനാറു വീതവും മണിബന്ധത്തില്‍ പന്ത്രണ്ടും തോളില്‍ പതിനഞ്ചും ശിഖയില്‍ ഒന്നും, തലയില്‍ മാലപോലെ കോര്‍ത്ത്‌ മുപ്പതെണ്ണവും ധരിക്കണം. കണ്‌ഠത്തില്‍ രണ്ടോ, മൂന്നോ, അഞ്ചോ, ഏഴോ ധരിക്കുക. കുണ്ഡലമായും കടുക്കനായും രുദ്രാക്ഷം ധരിക്കാം. ''ഈശാനഃ സര്‍വ്വ വിദ്യാനാം'' എന്ന മന്ത്രം ജപിച്ചുകൊണ്ട്‌ ശിരസ്സിലും ''തത്‌പുരുഷായ വിദ്‌മഹേ'' എന്ന മന്ത്രം ജപിച്ച്‌ കഴുത്തിലും നെഞ്ചിലും രുദ്രാക്ഷം ധരിക്കണം. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷം ഭവിക്കുമെന്ന്‌ വെളിപ്പെടുത്തുന്ന ആചാര്യമതം, രുദ്രാക്ഷം ധരിക്കുന്നവര്‍ ആഹാരകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും ഉപദേശിക്കുന്നുണ്ട്‌. രുദ്രാക്ഷം ധരിക്കുന്നവര്‍ മദ്യം, മാംസം, വെളുത്തുള്ളി, ചുവന്നുള്ളി, മുരിങ്ങക്ക എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല. ബ്രഹ്‌മഹത്യാപാപം നശിക്കുവാനാണ്‌ ഏകമുഖ രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ രണ്ടുമുഖമുളളതു ധരിച്ചാല്‍ അര്‍ദ്ധനാരീശ്വരന്‍ പ്രസന്നനാകും. അഗ്നിദേവനെ പ്രസാദിപ്പിക്കുന്നതിനും സ്‌ത്രീഹത്യാപാപം തീരുന്നതിനുമാണ്‌ മൂന്നു മുഖമുളള രുദ്രാക്ഷം ധരിക്കുന്നത്‌. ബ്രഹ്‌മസ്വരൂപമായ നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നരഹത്യാ പാപം തീരും. സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നതും പുരുഷഹത്യയെ ദൂരീകരിക്കുന്നതുമാണ്‌ അഞ്ചുമുഖമുള്ള രുദ്രാക്ഷം. ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുന്നതിനാണ്‌ ആറുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത്‌. ഏഴുമുഖമുള്ളതു ധരിച്ചാല്‍ ജ്‌ഞാനം, ഐശ്വര്യം, ആരോഗ്യം എന്നിവയുണ്ടാകും. വിഘ്‌നങ്ങള്‍ ഒഴിവായി പരപ്രാപ്‌തിയെ പ്രാപിക്കുവാന്‍ ഗണപതിയാകുന്ന അഷ്‌ടമുഖ രുദ്രാക്ഷം ധരിക്കുന്നു. അതുകൊണ്ട്‌ അഷ്‌ടവസുക്കളും പ്രസാദിക്കുമെന്ന്‌ വിശ്വസിക്കുന്നു. ഒന്‍പതുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഈശ്വരനെപ്പോലെയാകുന്നതോടൊപ്പം ഭ്രൂണഹത്യാപാപം, ബ്രഹ്‌മഹത്യാപാപം ഇവ ഇല്ലാതാകും. പത്തുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പവിഷം ബാധിക്കുകയില്ല. ഇതിന്റെ അധിദേവത വിഷ്‌ണുവാണെന്നും യമനാണെന്നും അഭിപ്രായമുണ്ട്‌. പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ശിരസ്സിലാണ്‌ ധരിക്കേണ്ടത്‌. ആയിരം അശ്വമേധയാഗം ചെയ്‌തതിന്റെ ഫലം ലഭിക്കും. പന്ത്രണ്ടു മുഖമുള്ളത്‌ ദ്വാദശാതീതന്മാരാണ്‌. ഇത്‌ ചെവിയില്‍ ധരിക്കണം. മൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാവില്ല. സൂര്യഭഗവാന്റെ കൃപയുണ്ടാകും. ആധിയും വ്യാധിയും ഉണ്ടാകില്ല. ആന, സര്‍പ്പം, മാ ന്‍, എലി, തവള, കഴുത എന്നിവയെ കൊന്നാലുളള പാപം തീരും. പതിമൂന്നു മുഖമുള്ളതു ധരിച്ചാല്‍ അഭീഷ്‌ടസിദ്ധിയുണ്ടാകുന്നു. സര്‍വ്വ ആഗ്രഹങ്ങളും സാധിക്കും. പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍വ്വരോഗങ്ങളും മാറി ആരോഗ്യമുള്ളവനാകും. ഗ്രഹണസമയം, വിഷു, അമാവാസി, പൂര്‍ണ്ണപൗര്‍ണ്ണമി ഈ സമയങ്ങളില്‍ ധരിച്ചാല്‍ പാപമോചനമുണ്ടാകും. രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പത്മപുരാണത്തില്‍ വ്യാസമഹര്‍ഷിതന്നെ വിവരിക്കുന്നുണ്ട്‌. രുദ്രാക്ഷം ആര്‍ക്കും ധരിക്കാവുന്നതും, ദര്‍ശിച്ചാല്‍ തന്നെ പാപം നശിക്കുന്നതുമാണ്‌. തൊട്ടാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും ധരിച്ചാല്‍ മോക്ഷം സിദ്ധിക്കുമെന്നും വ്യാസമഹര്‍ഷി പറയുന്നു. ചെളിയില്‍നില്‍ക്കുന്ന താമരയെ ചെളി സ്‌പര്‍ശിക്കാത്തതുപോലെ പാപിയായവന്‍ ചെയ്യുന്ന പാപം രുദ്രാക്ഷധാരിയെ ഏശുന്നില്ല. അതിനാല്‍ നമ്മുടെ ഗൃഹത്തിന്റെ ഐശ്വര്യത്തിന്‌ രുദ്രാക്ഷവൃക്ഷം ശ്രദ്ധയോടെ നട്ടു വളര്‍ത്തുന്നത്‌ വളരെ നല്ലതാണ്‌.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates