Saturday, May 16, 2015

ആത്മസാക്ഷാല്‍ക്കാരത്തിന്റെ പതിനെട്ടു പടികള്‍


മനുഷ്യന്‍െറ അവസാനിക്കാത്ത സത്യാന്വേഷണ യാത്രയുടെ ഭാഗംതന്നെയാണ്‌ തീര്‍ഥാടനം. ശാന്തി, വിശുദ്ധി, ആത്മസാക്ഷാത്‌കാരം -ഇവയ്‌ക്കുവേണ്ടിയുള്ള അന്വേഷണമാണ്‌ ശബരിമല തീര്‍ഥാടന ലക്ഷ്യം. ആ യാത്രയില്‍ പരമപവിത്രമായ പൊന്നു പതിനെട്ടാംപടിയും തീര്‍ഥാടകന്‍ പിന്നിടുന്നു. വിജയത്തിലേക്കുള്ള പതിനെട്ടു പടികള്‍ കടന്നുചെല്ലുന്ന അവന്‍ ഈ പ്രപഞ്ചത്തിന്‍െറതന്നെ ആത്മാവായി സാക്ഷാത്‌കരിക്കപ്പെടുന്നു.

പക്ഷേ, ഒരു സാധാരണ ഭക്തന്‌ പതിനെട്ടാംപടിയുടെ വിപുലമായ അര്‍ഥം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. വേദശാസ്‌ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യത്തെതന്നെയാണ്‌ `സത്യമായ പൊന്നു പതിനെട്ടാംപടി'യും സൂചിപ്പിക്കുന്നത്‌.

പള്ളിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി ചവിട്ടുവാന്‍ പറ്റൂ. അയ്യപ്പന്മാര്‍ പടിയില്‍ തേങ്ങയുടച്ച്‌ വലതുകാല്‍വെച്ച്‌ കയറുന്നു. ധ്യാനനിരതനായ ഭക്തന്‍െറ മനസ്സ്‌ `സ്ഥൂല' - `സൂക്ഷ്‌മ' ശരീരങ്ങള്‍ ഭേദിച്ച്‌ യഥാര്‍ഥമെന്നു കരുതുന്ന `കാരണത്തി'ലെത്തി ലയിക്കണം. ഇതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്‌ തേങ്ങയുടയ്‌ക്കല്‍ ചടങ്ങ്‌. ഇവിടെ തേങ്ങയുടെ ചിരട്ട `സ്ഥൂല' ശരീരത്തെയും പരിപ്പ്‌ `സൂക്ഷ്‌മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.

പതിനെട്ടാംപടി കടന്നുചെന്നാല്‍ കാണുന്നത്‌ `ഭട്ടബന്ധം പൂണ്ട്‌ യോഗസമാധിപ്പൊരുളായി ചിന്മുദ്രയും കാട്ടി' ഇരിക്കുന്ന അയ്യപ്പനെയാണ്‌. പടികള്‍ ചവുട്ടിക്കയറാനുള്ള യോഗ്യതനേടലാണ്‌ വ്രതകാലത്ത്‌ ഭക്തന്‍ ചെയ്യേണ്ടത്‌. ശ്രദ്ധ, വീര്യം, സ്‌മൃതി, സമത്വബുദ്ധി എന്നിവയാണോ യോഗ്യത. യമനിയമപാലനം വഴിയേ ഈ യോഗ്യത കൈവരിക്കൂ.

വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ആഗ്രഹങ്ങള്‍ ഏറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക (അസേ്‌തയ), ബ്രഹ്മചര്യം, അന്യരില്‍നിന്ന്‌ ഒന്നും സ്വീകരിക്കാതിരിക്കുക (അപരിഗ്രഹ) എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ്‌ യമനിയമങ്ങള്‍.

പൂങ്കാവനത്തില്‍ 18 മലകളാണുള്ളത്‌. ആ പതിനെട്ടു മലകളും ചവിട്ടി മലനടയിലെത്തുന്നുവെന്നാണ്‌ വിശ്വാസം. പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്‌. കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്‌, ചിറ്റമ്പലമേട്‌, മൈലാടുംമേട്‌, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണോ പതിനെട്ടു മലകള്‍. ഒരു സാധാരണ വിശ്വാസിക്ക്‌ അഗമ്യമായ ഈ മലകള്‍ ആരാധിക്കാന്‍ അവനു അവസരമൊരുക്കുന്നതാണ്‌ പതിനെട്ടാംപടിയെന്നു പറയുന്നു.

അതല്ല, മോക്ഷപ്രാപ്‌തിക്കുമുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച്‌ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്‌, ചെവി, നാക്ക്‌, മൂക്ക്‌, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്‌ടരാഗങ്ങളെ -കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ -പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ -സത്വഗുണം, രജോഗുണം, തമോഗുണം -പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ-പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന്‌ ഈ ലോകമാകുന്ന `മായ'യില്‍ നിന്ന്‌ മോചനം നേടാനാവൂ.

18 എന്ന അക്കത്തിന്‌ ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. ഭഗവദ്‌ഗീതയില്‍ 18 അധ്യായങ്ങളാണുള്ളത്‌. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങള്‍ 18 ആണ്‌. നാലു വേദങ്ങളും എട്ടു ശാസ്‌ത്രങ്ങളും അഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും 18 എന്ന സംഖ്യ ലഭിക്കുന്നു. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌. അങ്ങനെ ഈ പ്രപഞ്ചത്തിന്‍െറ തന്നെ ആത്മാവ്‌ തേടുന്ന വഴിയാണ്‌ പതിനെട്ടു പടികള്‍.

ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണ്‌ പടിപൂജ. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്‌ പണ്ടു പടിപൂജ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അതു തീര്‍ഥാടനകാലത്തും മാസപൂജയ്‌ക്ക്‌ നട തുറക്കുമ്പോഴും മിക്ക ദിവസങ്ങളിലും നടക്കുന്നു. ശബരിമലയില്‍ ഏറ്റവും ചെലവേറിയ പൂജയും ഇതുതന്നെ. പൂജാദ്രവ്യങ്ങള്‍ക്കു പുറമേ 7501 രൂപയാണ്‌ വഴിപാടുനിരക്ക്‌. ശബരിമല തന്ത്രിയാണ്‌ പടിപൂജ നടത്തുക. അത്താഴപൂജയ്‌ക്കുമുമ്പ്‌ ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിര്‍ത്തിവെക്കും.

30 നിലവിളക്കുകള്‍, 18 നാളികേരം, 18 കലശവസ്‌ത്രങ്ങള്‍, 18 പുഷ്‌പഹാരങ്ങള്‍ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്‌

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates