Monday, April 27, 2015

കുറി തൊടുന്നത് എന്തിന് ? എങ്ങനെ ?

ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോള്‍, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ' തിലകമണിയല്‍ ' അഥവാ ' കുറിതൊടല്‍ ' എന്നു പറയുന്നു. നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്‍റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു. തിലകം ജ്ഞാനത്തിന്‍റെ പ്രതീകമാണ്. സ്നാനത്തിനു ശേഷമാണ് തിലകവിധി. മഹാവിഷ്ണു, പരമശിവന്‍, പരാശക്തി എന്നിങ്ങനെ മൂന്നു ആദ്ധ്യാത്മിക ശക്തികളാണല്ലൊ നമ്മുടെ സങ്കല്‍പ്പത്തില്‍. പരാശക്തി (ദേവിശക്തി) സൃഷ്ടിരൂപവും, മഹാവിഷ്ണു പരിപാലകനും, പരമശിവന്‍ സംഹാരകനുമാണ്. അരൂപിയും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നു.
ഭസ്മകുറി ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇടണമെന്നാണു ശാസ്ത്രം വിധിച്ചിട്ടുള്ളത്. മൂന്നു കുറികള്‍ സന്യാസിമാര്‍ക്കെ വിധിച്ചിട്ടുള്ളൂ. കാരണം ഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. ഭസ്മം നെറ്റിക്ക് മുകളിലേയ്ക്ക് നീളത്തില്‍ (ഗോപിക്കുറി) ധരിക്കാന്‍ പാടില്ല. നെറ്റിയുടെ ഇടതുവശത്തു ആരംഭിച്ച് മറ്റേ അറ്റം വരെ കുറിയിട്ടശേഷം തലയ്ക്കുചുറ്റുമായി പ്രദക്ഷിണംവെയ്ച്ച്, പെരുവിരല്‍ കൊണ്ട് ഭൂമദ്ധ്യത്തില്‍ (മൂക്കില്‍) സ്പര്ശിച്ച് നിറുത്തണം. ചൂണ്ടുവിരല്‍ ഉപയോഗിക്കരുത്. ചന്ദനം വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു സര്‍വ്വവ്യാപിയാണല്ലൊ. അതുപോലെ ചന്ദന സുഗന്ധവും പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം. നെറ്റിയ്ക്കു മദ്ധ്യഭാഗത്ത് മുകളിലോട്ട് നീളത്തില്‍ തൊടണം (ഗോപിക്കുറി). വൈഷ്ണവര്‍ ഇതിനെ 'ഊര്‍ദ്ധ്വപൂണ്ഡ്രം' (സുഷുമ്ന നാഡിയുമായി ബന്ധിച്ച്) എന്ന് വിളിക്കുന്നു. വിഷ്ണുഭഗവാന്‍റെ നടുനായകത്വം സൂചിപ്പിക്കുകയാണ് ചന്ദനക്കുറി. കുങ്കുമം ദേവിസ്വരൂപമാണ്. ലലാടത്തിനു നടുവിലോ, ഭൂമദ്ധ്യത്തിലോ (മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്‍ തൊടാം. വിശാലമായ പ്രപഞ്ചത്തില്‍ സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. നെറ്റിക്ക് കുറുകയോ, നെടുകയോ തൊട്ടുകൂടാ. കുങ്കുമം ഭസ്മത്തിനോട്‌ ചേര്‍ത്തു തൊടുന്നത് ശിവശക്ത്യാത്മകവും, ചന്ദനക്കുറിയോടു ചേര്‍ത്തു തൊടുന്നത് വിഷ്ണുമായ പ്രതീകവും, മൂന്നുംകൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകവും ആകുന്നു. പ്രഭാതത്തില്‍ (ബ്രാഹ്മമുഹൂര്‍ത്തം) ചന്ദനവും, പുലര്‍ച്ചെ കുങ്കുമവും, സായാഹ്നത്തില്‍ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. ശീലമാക്കിയാല്‍ നാഡിശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാവുന്നു.
Continue Reading…

ലക്ഷ്‌മീ ഭഗവതി ജ്യേഷ്‌ഠാ ഭഗവതി

ഒരിക്കല്‍ ലക്ഷ്‌മീഭഗവതിയും ജ്യേഷ്‌ഠാഭഗവതിയും കൂടി ഒരു സായാഹ്നസവാരിക്കിറങ്ങി. ഗ്രാമത്തിലെ തെരുവില്‍ക്കൂടി അവരങ്ങനെ കഥകള്‍ പറഞ്ഞു നടക്കുകയാണ്‌. ആ സമയം വഴിയരുകിലുള്ള ഒരു ഭവനത്തില്‍നിന്നും അതിമധുരമായ സ്വരത്തില്‍ ഒരാള്‍ ദേവിസ്‌തുതികള്‍ ആലപിക്കുന്നത്‌ കേട്ടു.
രണ്ടുപേരും അതില്‍ ലയിച്ച്‌ അവിടെനിന്നു. അപ്പോള്‍ ജ്യേഷ്‌ഠ പറഞ്ഞു: 'അനുജത്തീ നിന്നെ സ്‌തുതിച്ചു കൊണ്ടുള്ള കീര്‍ത്തനം ആരോ ആലപിക്കുന്നത്‌ കേട്ടില്ലേ? അത്‌ കേട്ടിട്ടും നീ എന്താണ്‌ അവിടെത്തന്നെ നില്‍ക്കുന്നത്‌. ഒന്ന്‌ കയറിയിട്ടു വരൂ.''
'ശരി' എന്ന്‌ പറഞ്ഞ്‌ ലക്ഷ്‌മീദേവി ആ ഭവനത്തിലേക്ക്‌ കയറാന്‍ ഒരുങ്ങി. എന്നാല്‍ നടവാതില്‍ക്കലെത്തിയ ദേവി അവിടെത്തന്നെ വിഷമിച്ച്‌ നിന്നു. കാരണം ആ ഭവനം വളരെ വൃത്തിഹീനമായിരുന്നു. നായ്‌ക്കളുടെയും പൂച്ചകളുടെയും മറ്റും വിസര്‍ജ്‌ജ്യവസ്‌തുക്കള്‍ അവിടവിടെ വീണു കിടന്നിരുന്നു. കോഴികള്‍ അതെല്ലാം ചികഞ്ഞു നടക്കുന്നു.
കുളിക്കാതെയും വൃത്തിയില്ലാതെയും അല്‌പ വസ്‌ത്രധാരികളായ രണ്ടുമൂന്നു കുട്ടികള്‍ ഇവയുടെ ഇടയില്‍ക്കൂടി തമ്മില്‍ത്തല്ലി നടക്കുന്നു. പശുത്തൊഴുത്തും വളരെ വൃത്തിഹീനമായിരുന്നു. അതില്‍ ഒരു പശു എല്ലും തോലുമായിനിന്ന്‌ കരയുന്നു. ഗൃഹനാഥ തലയ്‌ക്ക് കൈയും കൊടുത്ത്‌ പാടുന്ന ആളിനെ ശകാരിച്ചുകൊണ്ടിരിക്കുന്നു. ഈയൊരവസ്‌ഥയില്‍ ലക്ഷ്‌മീദേവിക്ക്‌ അങ്ങോട്ട്‌ നോക്കുന്നതിനുപോലും സാധിച്ചില്ല. ദേവി ജ്യേഷ്‌ഠയോട്‌ പറഞ്ഞു: ''ദേവീ ഇത്‌ എനിക്കിരിക്കാന്‍ പറ്റിയ ഇടമല്ല. അവിടുത്തേക്ക്‌ പറ്റിയ സ്‌ഥലമാണ്‌.

'അതെയോ' എന്ന ചോദിച്ച്‌ സന്തോഷത്തോടുകൂടി ജ്യേഷ്‌ഠ ആ വീടിനുള്ളിലേക്ക്‌ കാലെടുത്തുവച്ചതും അവരുടെ ഏക ആശ്രയമായിരുന്ന പശു നിലത്തുവീണ്‌ ചത്തു. തുടര്‍ന്ന്‌ അവിടെ കൂട്ടക്കരച്ചിലും ബഹളവുമാണ്‌ കേട്ടത്‌.രണ്ടുപേരും വീണ്ടും മുമ്പോട്ടുതന്നെ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ മറ്റൊരു വീട്ടില്‍നിന്നും ഒരു പശുവിന്റെ ദീനമായ കരച്ചില്‍ കേട്ടു.
അതെന്താണെന്ന്‌ അറിയുന്നതിനായി രണ്ടുപേരും അവിടെത്തന്നെ നിന്നു. പതിവുപോലെ ആദ്യം ലക്ഷ്‌മീദേവിയാണ്‌ അകത്തേക്ക്‌ കയറിയത്‌. അവിടെക്കണ്ട കാഴ്‌ചകള്‍ ദേവിയെ സന്തോഷഭരിതയാക്കി. വീടും പരിസരവും തൂത്ത്‌ ചാണകം തളിച്ച്‌ ശുദ്ധമാക്കിയിട്ടിരിക്കുന്നു. പൂമുഖത്ത്‌ നിലവിളക്ക്‌ കത്തിച്ചുവച്ചിരിക്കുന്നു.
ചന്ദനത്തിരിയുടെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഗൃഹനാഥനും കുട്ടികളും പൂമുഖത്തിരുന്ന്‌ നാമം ജപിക്കുന്നു. തൊഴുത്തിലേക്ക്‌ നോക്കിയ ദേവി വളരെ സന്തോഷവതിയായി.

കാരണം അവിടെ ഒരു പശു പ്രസവിക്കുന്നതിനുള്ള ആരംഭമാണ്‌. ആ വീട്ടമ്മ അതിന്റെ വീര്‍ത്ത വയറില്‍ തലോടിയും സമാധാനിപ്പിച്ചും ഈശ്വരനാമം ഉരുവിട്ടുകൊണ്ട്‌ നില്‍ക്കുന്നു. ലക്ഷ്‌മീദേവി ആ മുറ്റത്തേക്ക്‌ കാലെടുത്തുവച്ചതും പശു പ്രസവിച്ചതും ഒന്നിച്ചായിരുന്നു. ഒരു പശുക്കിടാവ്‌. ആ വീട്ടമ്മ പശുക്കിടാവിനെ കണ്ടതും സന്തോഷംകൊണ്ട്‌ 'അമ്മേ മഹാമയേ നീ തുണച്ചു.

മഹാലക്ഷ്‌മിയെപ്പോലെ ഇവള്‍ പിറന്നല്ലോ' എന്നു പറഞ്ഞു. അതുകേട്ടതും ദേവി അറിയാതെ പുഞ്ചിരിച്ചുപോയി. ആ പുഞ്ചിരി ആ ഗൃഹത്തില്‍ സമസ്‌ത ഐശ്വര്യങ്ങളും നിറച്ചു. ലക്ഷ്‌മീദേവി തിരികെ ഇറങ്ങി കാത്തുനിന്ന ജ്യേഷ്‌ഠയോട്‌ പറഞ്ഞു: 'വരൂ, ജ്യേഷ്‌ഠത്തി അങ്ങോട്ട്‌ നോക്കുകയേ വേണ്ട നമുക്ക്‌ യാത്ര തുടരാം.' അവര്‍ മുമ്പോട്ട്‌ നടന്നു.

Continue Reading…

ദക്ഷ യാഗം നല്കുന്ന സന്ദേശം...

അഹങ്കാരം നിറഞ്ഞ മനുഷ്യ മനസ്സിന്റെ പ്രതീകം ആണ് ദക്ഷന്‍., അവന്റെ ബുദ്ധിയുടെ, അഥവാ ശ്രദ്ധയുടെ പ്രതീകമാണ്‌ മകള്‍ സതീദേവി. ഈശ്വരാര്‍പ്പണം കൂടാതെ നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദക്ഷയാഗം ആണ്, ദക്ഷന്‍ ശിവനെ ക്ഷണിക്കാതെ യാഗം നടത്തുന്നു. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള എല്ലാ കര്മ്മങ്ങളുടെയും ഫലം അവസാനം ദക്ഷയാഗം പോലെ; രോഗം, ഭയം, മരണം എന്നിവയില്‍ നശിച്ചുപോകുന്നു...! മാത്രമല്ല അഹങ്കാരി ആയ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും ശിവനെ പ്രാപിക്കുവാന്‍ സാധ്യമല്ല, സാധിച്ചാല്‍ തന്നെ അവന്റെ അഹങ്കാരം ഒടുവില്‍ ബുദ്ധിയെ ഈശ്വരനില്‍ നിന്നും അകറ്റി സ്വയം നശിപ്പിക്കും. അതിനാലാണ് സതീദേവി ശിവനെ വിട്ട് ദക്ഷയാഗം കൂടുവാന്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നതും അവസാനം യോഗാഗ്നിയില്‍ സ്വയം ശരീരം നശിപ്പിക്കേണ്ടി വരുന്നതും.
പക്ഷെ അഹങ്കാരി ആണെങ്കില്‍ കൂടി, ഈശ്വര ഭക്തി ഉണ്ടായിരുന്നാല്‍, അനേക ജന്മങ്ങള്‍ക്ക് ശേഷം പാപം മുഴുവന്‍ നശിച്ച് അഹങ്കാരം ഒട്ടുമില്ലാതെ ഒരു മനുഷ്യ ശരീരത്തില്‍ ജനിക്കാന്‍ ഇടവരുന്നു. അതായത് ഹിമവാന്റെ പുത്രിയായി പാര്‍വതീ എന്ന നാമത്തില്‍ സതീദേവി പുനര്‍ജ്ജനിക്കുന്നത് പോലെ. ഹിമവാന്റെ നിറം തന്നെ നോക്കൂ, നിര്‍മ്മലമായ ആ തൂവെള്ള നിറം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. മാത്രമല്ല എല്ലാ ശുദ്ധിയും, ശാന്തിയും തേടി യോഗിമാര്‍ പോലും ചെന്നെത്തുന്നത് ഹിമാവാനില്‍ തന്നെ. അതിനാല്‍ ആ ഹിമവാന്‍ എത്ര പരിശുദ്ധനാണ്‌ എന്നോര്‍ക്കുക. അങ്ങിനെ അഹങ്കാരം ഇല്ലാത്ത ഒരു ശരീരത്തില്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറുപ്പം മുതലേ ഈശ്വര ഭക്തി ഉണ്ടായിരിക്കും; മാത്രമല്ല അവര്‍ ആ സത്യം പ്രാപിക്കുവാന്‍ അശ്രാന്ത പരിശ്രമം തുടരുകയും ചെയ്യും, പാര്‍വതീ ദേവി പരമ ശിവനെ ലഭിക്കാന്‍ നന്നേ ചെറുപ്പത്തിലേ കഠിന തപസ്സു ചെയ്യുന്നത് പോലെ. പക്ഷെ ഈശ്വരനെ പ്രാപിക്കുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സാധ്യമല്ല എന്ന് കാമദേവന്റെ ശ്രമം വിഫലം ആകുന്നതില്‍ നിന്നും മനസ്സിലാക്കുക. മാത്രമല്ല, നമ്മെ മോഹിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തിരിക്കുവാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും അതിനെ എല്ലാം ധീരമായി നേര്ടുന്ന വ്യക്തി, പാര്‍വതീ ദേവി പരമേശ്വരനെ പ്രാപിക്കുന്നത് പോലെ ആത്മ സക്ഷാത്കാരത്തെ പ്രാപിക്കുന്നു...! ഇതില്‍ നിന്നും, ആത്മ സാക്ഷാത്കാരത്തിന് ഭക്തിയും ശ്രദ്ധയും എത്രത്തോളം വേണം എന്ന് ഓരോരുത്തരും നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക.
Continue Reading…

ഗുരുവായൂര്‍

ഗുരുവായൂര്‍ ഇന്ന് ലോകം മുഴുവനും കീര്‍ത്തികേട്ട പുണ്യഭുമിയാണ്. ഭക്തിയുടെ ലഹരിയില്‍ ദുഖങ്ങള്‍ ഇറക്കിവെക്കാനും ആശ്വാസം തേടാനും ലക്ഷങ്ങളാണിവിടെയെത്തുന്നത്. വിശ്വാസികള്‍ക്കു മാത്രമല്ല സഞ്ചാരികള്‍ക്കും ഇവിടെ കാണാനും കേള്‍ക്കാനും ഏറെയുണ്ട്.
രുദ്രനും(ശിവന്‍) പ്രചേതസ്സുകളും വളരെക്കാലം തപസ്സുചെയ്ത രുദ്രതീര്‍ഥക്കരയിലാണ് ഗുരുവായൂര്‍. ഗുരുവായൂരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.
മഹാവിഷ്ണു വൈകുണ്ഡത്തില്‍ പൂജിച്ചിരുന്ന വിഗ്രഹം ബ്രഹ്മാവിനു കൊടുത്തു. ബ്രഹ്മാവ് അത് സുതപസ്സിനും. അദ്ദേഹത്തില്‍ നിന്ന് കാശ്യപ പ്രജാപതിയിലേക്കും കാശ്യപ പ്രജാപതിയില്‍ നിന്ന് വസുദേവരിലേക്കും കൈമാറിയ വിഗ്രഹം കൃഷ്ണന്‍ ദ്വാരകയില്‍ വെച്ച് പൂജിച്ചു. ദ്വാരക പ്രളയത്തിലാണ്ടുപോകുന്ന സമയം ജലോപരിയില്‍ ഒരു വിഗ്രഹം കാണാമെന്നും കലിയുഗത്തില്‍ എല്ലാവര്‍ക്കും ആരാധിച്ച് മുക്തിനേടാന്‍ സഹായകമാവും വിധം ഉചിതമായൊരു സ്ഥലത്ത് അതെടുത്ത് പ്രതിഷ്ഠിക്കണമെന്നും ദേവഗുരുവായ ബൃഹസ്പതിയോട് പറയാന്‍ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഭഗവാന്‍ ഉദ്ധവരെ ഏല്‍പ്പിച്ചു.
വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിക്കാനിടം തേടി ദേവഗുരു ബൃഹസ്പതിയും വായുവും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. പരമശിവന്‍ തപസുചെയ്ത രുദ്രതീര്‍ഥക്കരയിലുമെത്തി. ഇവിടെ തന്നെയാണ് പ്രതിഷ്ഠ നടത്തേണ്ടതെന്ന് പരമശിവന്‍ പ്രത്യക്ഷപ്പെട്ടരുളി. ശിവ കല്‍പ്പനപ്രകാരം പരശുരാമസാന്നിധ്യത്തില്‍ ഗുരുവും വായുവും ചേര്‍ന്നു പ്രതിഷ്ഠ നടത്തി. ശിവന്‍ പൂജാദികള്‍ ചെയ്ത് ഇരുവരേയും അനുഗഹിച്ചു. ഇനി ഈ സ്ഥം നിങ്ങളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു.
അങ്ങിനെ ഗുരുവായൂര്‍ ആയി മാറിയ ഇവിടെ ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവാണ് അമ്പലം പണിതത്. വൈകുണ്ഠത്തില്‍ വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം സര്‍വ്വചൈതന്യ സമ്പൂര്‍ണ്ണമായി ഇവിടെയുള്ളതുകൊണ്ട് ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠമായി. രുദ്രതീര്‍ഥത്തിലാണിപ്പോള്‍ ഗുരുവായൂരപ്പന്റെ ആറാട്ട്. ഗുരുവായൂരമ്പലനടയില്‍ നില്‍ക്കുമ്പോള്‍ ഈ ഐതിഹ്യകഥകള്‍ മനസില്‍ നിറയട്ടെ.

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ണമാകണമെങ്കില്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രം, തിരുവെങ്കിടം ക്ഷേത്രം, പാര്‍ഥസാരഥി ക്ഷേത്രം എന്നിവയില്‍ കൂടി ദര്‍ശനം നടത്തണം.

കടപ്പാട് മാതൃഭൂമി

Continue Reading…

Friday, April 17, 2015

ഹൈന്ദവർ അറിയുവാൻ


1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
----------------------------------------------------------------------------

14. വേദങ്ങൾ 4 : ഋക്, യജൂസ്, സാമം, അഥര്വ്വം

15. ഉപവേദങ്ങൾ : ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം : അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...! അന്ധവിശ്വാസങ്ങളും
അനാചാരങ്ങളുംഇല്ലാത്ത
യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന്
വേണ്ടി നമുക്ക് ഒത്തു ചേരാം.

Continue Reading…

Sunday, April 12, 2015

വീട്ടിലെ നിലവിളക്ക്

സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്.ബ്രഹ്മമുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്‍റെ ഐശ്വര്യത്തെ ബാധിക്കും.കഴുകിമിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്‍റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്‍റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ. എള്ളെണ്ണയാണുത്തമം.
വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് "ദീപം" എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക്‌ സംക്രമിക്കും (എര്‍ത്തായി പോകും).
സന്ധ്യാദീപം കൊളുത്തുമ്പോള്‍തന്നെ തുളസിത്തറയിലും ദീപം തെളിക്കണം.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.
നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.

Continue Reading…

വിഷുക്കണി വെക്കേണ്ടതെങ്ങനെ...?

വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക.
സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്,നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.
തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്.ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം.

Continue Reading…

Thursday, April 9, 2015

കുട്ടിച്ചാത്തൻ


ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ്‌ കുട്ടിച്ചാത്തൻ. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി. പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാൻ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥൻ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടർന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തൻ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തൻ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിർത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.
ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ ,കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി.
Continue Reading…

ഗജേന്ദ്രമോക്ഷം


ഗജേന്ദ്രമോക്ഷം എന്ന കഥ യഥാര്‍ത്ഥത്തില്‍ ഒരു ആനകഥയല്ല....അത് പച്ചയായ ഒരു മനുഷ്യന്റെ കഥയാണ്‌...ലളിതമായി പറഞ്ഞാല്‍ നമ്മുടെ തന്നെ കഥയാണ്‌..ഇന്ദ്രദ്യുമ്നന്‍ എന്ന ഒരു രാജാവാണ്‌ കഥയിലെ നായകന്‍ ...അദേഹം ഒരിടത്ത് ധ്യാനനിരതനായ് ഇരിക്കുന്നു...ഈ അവസരത്തിലാണ് അഗസ്ത്യമുനി അവിടെക്കുവരുന്നത്‌...മുനിയെ കണ്ടില്ല എന്നതിനാല്‍ ആദരസൂചകമായി രാജാവ് ഒന്നും തന്നെ ചെയ്തില്ല....ഇതു അഗസ്ത്യനെ ക്ഷുഭിതനാക്കി...നീ ഒരു ആനയായി ഏറെക്കാലം ജീവിക്കുകയെന്നു ശപിക്കുകയും ചെയ്തു...ശാപമോക്ഷമെന്നോണം അഗസ്ത്യമഹര്‍ഷി പിന്നീട് അരുളി ചെയ്തു,വിഷ്ണുവിനെ ധ്യാനിച്ച്‌ പിന്നീട് മോക്ഷപ്രാപ്തിയിലേക്ക് ഉയരും എന്നതിനാല്‍ അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ക്കുക....
സ്വന്തം മാനസിക മണ്ഡലത്തില്‍ നാമെല്ലാം രാജാക്കന്മാരാണ്‌...നമ്മുടെ ലോകത്ത് നാം യഥേഷ്ടം വിഹരിക്കുന്നു...മഹാന്മാരായ വ്യക്തികളെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല...നമ്മുടെ ധ്യാനരഹസ്യം എന്തുതന്നെയായാലും ഋഷീശ്വരന്മാരെ നമുക്ക് ആദരിക്കാന്‍ കഴിയണം....ഇന്ദ്രദ്യുമ്നന്‍ ഒരു ആനയായി വനത്തില്‍ വിഹരിക്കാന്‍ തുടങ്ങി...
തന്റേടിയായ ഗജേന്ദ്രന്‍ കാട് കുലുക്കി നടന്നു...ഒരു ആനയ്ക്ക് ആരെയാണ് ഭയപ്പെടാനുള്ളത് ...?...സഹായികളായി വേറെയും ആനകള്‍ ...അങ്ങനെയിരിക്കെ ഒരിക്കല്‍ തടാകത്തില്‍ വെള്ളം കുടിക്കാനിറങ്ങി..വെള്ളം കുടിച്ചു വിനയാന്വിതനായി മടങ്ങിയിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല...ഗജേന്ദ്രന്‍ കാല്‍ വെള്ളത്തിലിട്ടു വെള്ളം കലക്കി...
ഈ അവസരത്തിലാണ് ഒരു മുതല കാലില്‍ കടിക്കുന്നത്..തുടക്കത്തില്‍ എത്രയോ നിസ്സാരമായി ഒരു കാര്യമായിട്ടാണ് ഗജെന്ദ്രന് തോന്നിയത് ..ഗജെന്ദ്രനായ തന്റെ മുമ്പില്‍ ഒരു മുതലയ്ക്ക് എന്ത് പ്രസക്തിയാനുള്ളത് ...തനിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ വേറെയും ഗജെന്ദ്രന്മാരുണ്ട്....മുതലയോടുള്ള പരിഹാസം മനസ്സിലുറപ്പിച്ചു കാല്‍ വലിച്ചു...അതോടെ മുതലയുടെ പല്ലുകള്‍ കാലില്‍ കോര്‍ത്തു...ഗജ്ന്ദ്രന്‍ ക്ഷീണിതനാകുകയാണ് ..മുതല ഗജേന്ദ്രനെ വെള്ളത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്നു...ഈ അവസരത്തില്‍ സംഘതില്പെട്ട എല്ലാ ആനകളും ഗജേന്ദ്രനെ സഹായിച്ചുവെങ്കിലും അതൊക്കെ നിഷ്പ്രഭമായി..ആപതുവരുന്നത്‌ അപ്രതീക്ഷമായിട്ടാണ്...
നിസ്സാരമെന്നു കരുതുന്ന ഒരു തീപ്പൊരിയാണ് ഒരു അഗ്നിയായി മാറുന്നത്...കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സഹായികള്‍ സ്ഥലം വിട്ടു...ഗജേന്ദ്രന്‍ ഒറ്റക്കായി...ജീവന്മരണപോരാട്ടം.
.അതോടെ അഹങ്കാരം നശിച്ചു..ഒരു താമരയെടുത്തു മഹാവിഷ്ണുവിനെ പ്രാര്‍ഥിച്ചു അര്‍ച്ചന ചെയ്തു..വിഷ്ണു പ്രത്യക്ഷപ്പെടുകയും മുതലയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു...കൂട്ടത്തില്‍ മുതലയ്ക്കും കിട്ടി ശാപമോക്ഷം...
വളരെ വലിയ ഒരു സന്ദേശമാണ് ഈ കഥ മാനവരാശിക്ക് നല്‍കുന്നത്...തങ്ങള്‍ എത്ര ശക്തര്‍ എന്ന് വ്യക്തികളും സമൂഹവും അഹങ്കരിച്ചുകൊണ്ടിരിക്കുന്നു..തനിക്കു ഒരിക്കലും ആപത്തു വരില്ലന്നും വരുകയാണെങ്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നും കരുതുന്നു...പതനങ്ങളില്‍ നിന്നും കരകയറാന്‍ കഴിയാതെ വരുമ്പോളാണ് നാം ദൈവത്തെ വിളിക്കുന്നത്‌....സുദര്‍ശനചക്രം നമ്മെ സഹായിക്കുന്നു...നല്ല ദര്‍ശനങ്ങള്‍ എന്നാണ് സുദര്‍ശനം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് ..ആപതുവരുമ്പോള്‍ ഋഷിവചനങ്ങളാകുന്ന സുദര്‍ശനം നമ്മെ സഹായിക്കുന്നു...
താമര നല്ലൊരു പ്രതീകമാണ് ...ചേറില്‍ നിന്നും വെള്ളത്തിലേക്ക് വെള്ളത്തിന്റെ ഉയര്‍ച്ചതാഴ്ചക്കനുസരിച്ച് താമര സ്ഥിരപ്രജഞഭാവത്തില്‍ നിലകൊള്ളുന്നു..താമര വായുവിലേക്കും അഗ്നിയിലേക്കും തുടര്‍ന്ന് ആകാശത്തിലേക്കും നീങ്ങുന്നു...ഭൂമിയില്‍നിന്നും ആകാശത്തിലെത്തുകയെന്ന കര്‍മ്മം പ്രതീകാത്മകമായി താമര നിര്‍വ്വഹിക്കുന്നു...ഗജേന്ദ്രന്‍ ആ താമര തുമ്പികൈകൊണ്ടു എടുത്തശേഷം വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് മുകളിലെക്കെറിഞ്ഞു...
അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം മുളപൊട്ടുന്നു...അപ്രതീക്ഷമായ വീഴ്ചകള്‍ സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു...ഞാന്‍ ഒരു നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു...ഗജേന്ദ്രമോക്ഷം കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍ ഉണ്ടാകും...വീഴ്ചകള്‍ക്ക് മുന്‍പുതന്നെ ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍ ഭാഗ്യവാന്മാരാണ് ...അതിനായി ഗജേന്ദ്രമോക്ഷം കഥ സൂക്ഷമത്തില്‍ പഠിച്ചശേഷം അതിന്റെ ആശയത്തെ ചിന്തയുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോവുക.
Continue Reading…

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates