Friday, May 29, 2015

ശിവനും വിഷ്ണുവും ഉമയും ഒന്നുതന്നെ..


http://www.hindugodwallpaper.com/images/gods/zoom/1318_lord-shiva-hd-wallpaper-02.jpg
ശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ മത്സരിക്കുന്ന അല്ജ്ഞന്‍മാര്‍ക്കുള്ള അസന്ദിഗ്ദ്ധമായ മറുപടിയാണ് ഇവിടെ ലഭിക്കുന്നത്. ശിവനും പാര്‍വതിയും വിഷ്ണുവും ഒന്നുതന്നെയാണെന്ന് സ്ഥാപിച്ചിരിക്കുന്ന ഉപനിഷദ് വാക്യമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ശുക്രബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന് തന്റെ പിതാവായ വ്യാസനില്‍നിന്നു ലഭിക്കുന്ന ഉത്തരമാണിത്.

‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോfഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേfര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേfര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു. സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്. ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്. ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

പുല്ലിംഗത്തിലുള്ള സര്‍വവും ശിവനും, സ്ത്രീലിംഗാത്മകമായ സര്‍വവും ഉയുമാകുന്നു. ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്. ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്. അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം. ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. വിഷ്ണു എന്ന വാക്കിന് വ്യാപനശീലത്തോടുകൂടിയവന്‍ എന്നാണല്ലോ അര്‍ഥം. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്. ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണെന്ന് ധരിക്കുന്നതോടുകൂടി നാനാത്വങ്ങളില്‍ തപ്പിത്തടഞ്ഞ് തമ്മില്‍ തല്ലുന്നവര്‍ക്ക് മേല്‍പറഞ്ഞ ഉനിഷദ്‌വാക്യങ്ങളില്‍നിന്ന് ശാന്തിയും സമാധാനവും ലഭിക്കും.

.................................സ്വാമി സത്യാനന്ദ സരസ്വതി

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates