Wednesday, August 16, 2017

യമുന കണ്ണന് പ്രിയപ്പെട്ടവളായത് എങ്ങിന്യാന്നറിയോ?

യമുന കണ്ണന് പ്രിയപ്പെട്ടവളായത് എങ്ങിന്യാന്നറിയോ?
കണ്ണൻ ജനിച്ച ഉടനെ വസുദേവർ കണ്ണനെ അമ്പാടിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായി . ദേവകിദേവിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തന്റെ ഉത്തരീയത്തിൽ പൊതിഞ്ഞു  മാറോടു  ചേർത്ത് നടന്നു. യമുനയുടെ കരയിൽ  എത്തിയപ്പോൾ യമുന പുളകിതഗാത്രയായി  ആകാംഷയോടെ കണ്ണനെ കാണുവാൻ കൊതിച്ചു നോക്കി. പൊതിഞ്ഞു പിടിച്ചത് കൊണ്ട് യമുനക്ക് കണ്ണനെ കണാനയീല്യ. കണ്ണന്റെ കുഞ്ഞു മുഖം മാത്രേ പുറത്തു കാണുന്നുള്ളൂ. വസുദേവർ കണ്ണനെ മാറോടടുക്കി പിടിച്ചുകൊണ്ട് യമുനയിലൂടെ ഇറങ്ങി നടന്നു. യമുന കണ്ണനെ കാണുവാൻ  കൊതിച്ചു ഉയർന്നു വന്നു. വെള്ളം ഉയരുമ്പോൾ നനയാതിരിക്കാൻ വസുദേവർ കണ്ണനെ ഉയർത്തിപ്പിടിച്ചു. ഇത്രയും തൊട്ടടുത്ത്‌  കണ്ണൻ വന്നീട്ടും തനിക്കൊന്നു കാണുവാൻ കഴിഞ്ഞില്യാലോ എന്നോർത്ത് അവൾ തളർന്നു. ഇതെല്ലം കണ്ടുകൊണ്ടിരുന്ന പൂർണ്ണചന്ദ്രൻ  ആകാശത്ത് നിന്ന് പൊട്ടിച്ചിരിച്ചു. അത് കേട്ട് സങ്കടത്തോടെ യമുന ചന്ദ്രനെ നോക്കി . ചന്ദ്രൻ പരിഹാസത്തോടെ പറഞ്ഞു .
" കഷ്ടം. നീ ഒരു നിർഭാഗ്യവതി തന്നെ യമുനേ . ഇത്രയടുത്ത്  കണ്ണൻ വന്നീട്ടും നിനക്ക് കാണാൻ കഴിഞ്ഞില്യല്ലോ. എന്നാൽ ഞാനോ എത്ര ദൂരെയാണ്. എന്നിട്ടും ആ സുന്ദര മുഖം  എനിക്ക് കാണുവാൻ കഴിയുന്നു. "
ഇങ്ങിനെ പലതും പറഞ്ഞു പരിഹസിച്ചപ്പോൾ യമുന സങ്കടത്തോടെ പിൻവാങ്ങാൻ  തുടങ്ങി. പെട്ടെന്ന് കണ്ണൻ തന്റെ കുഞ്ഞിക്കാലൊന്നു കുടഞ്ഞു. അപ്പോൾ ഒരു പാദം പുറത്തുവന്നു. ആ കാൽവിരലിൽത്തുമ്പ്‌ ഒന്ന് യമുനയിൽ സ്പർശിച്ചു . യമുന അനന്ദ നിർവൃതയായി. അവളിൽ നിന്നും കളകളാരവം ഉണ്ടായി . അപ്പോഴും ചന്ദ്രൻ ഇതിലെന്ത് കാര്യം നിനക്ക് കണ്ണനെ കാണാൻ പറ്റിയില്യാലോ എന്ന് വീണ്ടും പരിഹസിച്ചു. പക്ഷെ യമുന തനിക്ക് ലഭിച്ച  ഭാഗ്യത്തിൽ സംതൃപ്തയായി സന്തോഷവതിയായി.
യമുന കണ്ണന്റെ സ്പർശന സുഖ സ്മൃതിയുടെ ലഹരിയിൽ സാദാ ആനന്ദത്തോട് കൂടി ഒഴുകി. ചന്ദ്രനാകട്ടെ കാണുമ്പോഴെല്ലാം അവളെ കളിയാക്കും. അതൊന്നും യമുന ശ്രദ്ധിച്ചതേ ഇല്ല്യ. കാലം കടന്നു പോയി.
കണ്ണൻ ഗോപികമാരോടുകൂടി  മഹാരാസമാടി അവർക്ക്  ബ്രഹ്മാനന്ദത്തെ നല്കിയ വേളയിൽ  ഓർത്തിരിക്കതെ അതാ തന്റെ മാനസേശ്വരനായ കണ്ണൻ ഗോപികമാരോട് കൂടി തന്റെ സമീപത്തേക്ക് വരുന്നു . ആ ദർശന മാത്രയിൽ യമുന ഒഴുകാൻ മറന്നു നിന്നുപോയി. കണ്ണൻ ഗോപികളോട്  കൂടി  ജലക്രീഡക്കായി യമുനയിൽ ഇറങ്ങി. കണ്ണൻ തന്റെ സ്വദസിദ്ധമായ കള്ളച്ചിരിയോടെ തന്റെ കൈ പ്രേമപൂർവ്വം യമുനയുടെ കയ്യോടു ചേർത്ത് പിടിച്ചു . യമുന ആനന്ദത്താലും അതിശയത്തലും പുളകിതയായി എല്ലാം മറന്നു നിന്നു. ചന്ദ്രൻ അത് കണ്ടു. ഇതാ കണ്ണൻ ബ്രഹ്മർഷികൾ പോലും കൊതിക്കുന്ന രാസകേളിയിൽ യമുനയേയും കൂട്ടിയിരിക്കുന്നു . അഹോ ഭാഗ്യം! ഈ പുണ്യവതിയേയാണല്ലോ ഞാൻ പരിഹസിച്ചത്‌. ചന്ദ്രന്റെ മുഖം നാണത്താൽ വിളറി. യമുന അത് കണ്ടു. അവൾ പറഞ്ഞു.
" അങ്ങ് എന്തിനു വിഷമിക്കുന്നു? അങ്ങയുടെ നിലാക്കൈകൾ നീട്ടൂ. ഞാൻ ആ കൈകളിൽ  പിടിക്കാം. അപ്പോൾ അങ്ങേക്കും ഈ ക്രീഡയിൽ  പങ്കുചേരാം."
ചന്ദ്രൻ അതിശയിച്ചു.
"യമുനേ ഞാൻ നിന്നെ ഇത്രയും പരിഹസിച്ചീട്ടും നീ?"
"ദേവാ! അങ്ങ് എന്നെ പരിഹസിച്ചപ്പോൾ കണ്ണനെന്നോട്  കാരുണ്യം തോന്നിയാവാം അന്നെനിക്ക് കണ്ണന്റെ സ്പര്ശന ഭാഗ്യം  ലഭിച്ചത്. എനിക്ക് ലഭിച്ച ആ പരമഭാഗ്യത്തെ സാദാ സ്മരിച്ചു  ഇത്രയും കാലം ചെയ്ത തപസ്സിന്റെ ഫലമാണ് ഇന്നെനിക്ക്  ലഭിച്ചത്. അതുകൊണ്ട് ഈ ആനന്ദം അങ്ങേക്ക് കൂടി  പകർന്നു തരുന്നതാണ് എനിക്ക് സന്തോഷം.  അങ്ങ് എനിക്ക് പ്രിയപ്പെട്ടവനാണ്. ആ കൈകൾ നീട്ടിയാലും  . "
യമുനയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണൻ അതീവ പ്രേമത്തോടെ യമുനയെ തന്റെ മാറോടു ചേർത്ത് പുണർന്നു .
" യമുനേ നീ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. നിന്നെപ്പോലെ വന്നു ചേരുന്ന പ്രതികൂലങ്ങളെല്ലാം  അനുകൂലമാക്കുന്ന നിർമ്മല മനസ്സുള്ളവർ തുലോം കുറയും. അനാവശ്യമായി നേരിടേണ്ടി വരുന്ന പരിഹാസവും നിന്ദയും സ്വർണ്ണത്തെ അഗ്നിയിൽ പഴുപ്പിച്ചു കൂടം കൊണ്ട് അടിച്ചു മാറ്റ് കൂട്ടുന്നതുപോലെ, മുജ്ജന്മാർജ്ജിതമായ കർമ്മദോഷങ്ങളെ  ഇല്ലാതാക്കും. എനിക്ക് നിന്നോടുള്ള നിത്യ പ്രേമത്തിന്റെ  പ്രതീകമായി ഞാനിതാ എന്റെ ശ്യാമവർണ്ണം  നിന്നിലേക്ക്‌  പകരുന്നു."
അന്ന് മുതലാണത്രേ യമുനയിലെ ജലത്തിന് കറുപ്പ് നിറമായത്.
പിന്നീട് നാണിച്ചു തലതാഴ്ത്തി നില്ക്കുന്ന ചന്ദ്രനോട് കണ്ണൻ  പറഞ്ഞു.
"ഹേ നക്ഷത്രേശ്വരാ എന്റെ മുഖം കാണുവാൻ കൊതിച്ച യമുനയെ അങ്ങ് അത്യധികം പരിഹസിച്ചു. അതിനാൽ ഇനി മുതൽ   പൂർണ്ണചന്ദ്രൻ വരുന്ന രാത്രികളിൽ എന്റെ  പരിപൂർണ്ണമായ രാധാകൃഷ്ണ സ്വരൂപം ചന്ദ്ര ബിംബത്തിൽ തെളിഞ്ഞു കാണും. അത് കണ്ടു യമുന പരമാനന്ദം അനുഭവിക്കും. മാത്രമല്ല  നിറഞ്ഞ പ്രേമത്തോടെ എന്നെക്കാണുവാൻ കൊതിച്ചു  നോക്കുന്ന എല്ലാവർക്കും രാധാകൃഷ്ണ സ്വരൂപദർശനം സാധ്യമാകും. എന്നാൽ അങ്ങേക്ക് മാത്രം ആ ദർശന ഭാഗ്യം ലഭിക്കില്യ "
ഇത് കേട്ടപ്പോൾ യമുനക്ക് ദുഖമായി.
"ശ്യമാസുന്ദരാ! എനിക്ക് ഈ പരമാനന്ദത്തെ പ്രദാനം ചെയ്ത നിശാനാഥന്‌ ഒരു ദുഃഖം ഉണ്ടാവുന്നത് എന്നിൽ  വിഷമം ഉണ്ടാക്കുന്നു. അങ്ങയുടെ ദർശനം ലഭിക്കാത്തതിലുളള ദുഃഖം അനുഭവിച്ചവാളാണ് ഞാൻ. ആ ദുഃഖം ആർക്കും  അനുഭവിക്കാൻ ഇടവരരുത് നാഥാ."
കണ്ണൻ പറഞ്ഞു.
"പ്രിയേ നിന്റെ നന്മ പരമ ശ്ലാഘനീയം തന്നെ.  പരമ  പവിത്രയായ നിന്നിൽ തെളിയുന്ന പ്രതിഛായയിൽ ചന്ദ്രൻ എന്റെ യുഗള രൂപം ദർശിക്കട്ടെ." 
അതാണ്‌ കൃഷ്ണപ്രേമത്തിന്റെ മഹത്വം. കണ്ണന്റെ ഭക്തന് പ്രിയപ്പെട്ടവരെ അവരുടെ ഗുണ ദോഷങ്ങൾ നോക്കാതെ കണ്ണൻ തന്നോട് ചേർക്കുന്നു. നമ്മെ നിന്ദിക്കുന്നവരേയും പരിഹസിക്കുന്നവരേയും നിറഞ്ഞ  മനസ്സോടെ സ്നേഹിച്ചാൽ സ്നേഹസ്വരൂപനായ  ഭഗവാൻ അവരുടെ ഉള്ളിലെ മനോമാലിന്യങ്ങളേ അകറ്റി അവരിൽ സ്വയം പ്രകാശിക്കുന്ന പരമാത്മസ്വരൂപം നമുക്ക് കാണിച്ചു തരും. അതുപോലെ അവർക്ക്  എല്ലാവരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഭഗവാനെ കാണുവാനും സാധിക്കും. ഇനി പൂർണ്ണചന്ദ്രനേ കാണുമ്പോൾ എല്ലാവരും ശ്രദ്ധിച്ചുനോക്കൂ. അതിൽ രാധാകൃഷ്ണന്മാരുടെ മുഖങ്ങൾ കാണാം. എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമാർച്ചനയായി സമർപ്പിക്കുന്നു.
രാധേ ശ്യാം

0 comments:

Post a Comment

മഹാഭാരതകഥകൾ

Popular Posts

Recent Posts

Categories

Unordered List

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Total Pageviews

Search This Blog

Powered by Blogger.

Follow by Email

All Time Popular

Subscribe Us

പാതാളരാവണനും ഹനുമാനും

പാതാളരാവണനും ഹനുമാനും 🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱 ലങ്കാധിപനായ രാവണനെ കൂടാതെ ഒരു രാവണന്‍ കൂടി ഉണ്ടായിരുന്നു, അതാണ്‌ പാതാള രാവണന്‍.കമ...

Followers

Google+ Followers