Thursday, August 3, 2017

ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക, പ്രചരിപ്പിക്കുക.

☸ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,
പ്രചരിപ്പിക്കുക.

മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’

സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

☸വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ  ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

☸ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ  അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ  ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

☸ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല.  നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

☸ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

☸ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ്‌ - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)

☸വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

☸ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി   ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.

☸ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

☸ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.

☸ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക.


-ആനോ ഭദ്രാ ക്രതവോ
യന്തു വിശ്വത:-🕉

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates