Friday, August 4, 2017

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

*ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം*

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കോട്ടായിക്ക് അടുത്ത് മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണു് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. തമിഴകത്തെ ത്രിമൂർത്തിമലയിലെ സ്വയംഭൂശിവലിംഗത്തിന്റെ അടിയിൽ ഉദ്ഭവിക്കുന്ന നിളാനദി (ഭാരതപ്പുഴ) ഈ സ്ഥലത്തെത്തുമ്പോൾ കിഴക്കുനിന്നു വടക്കോട്ട് ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂർത്തികളുടെ ചൈതന്യം വർദ്ധിക്കുന്നതായി വിശ്വസിക്കുന്നു.

*ചരിത്രം*

ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് ഏതോ മഹനീയ കരങ്ങളാൽ പ്രതിഷ്ഠിതമായ അഞ്ചുമൂർത്തികൾ - ശ്രീ ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് - വ്യത്യസ്തമായ ഭാവത്തിൽ വെവ്വെറേ ശ്രീകോവിലുകളിൽ തുല്യ പ്രധാനികളായി കുടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. വ്യത്യസ്ത ഭാവങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിലാണ് അഞ്ചുപ്രതിഷ്ഠകളും. ഏറ്റവും വലിയ ശ്രീകോവിൽ വലമ്പിരിയായ മഹാഗണപതിഭഗവാനുതന്നെയാണ്. രണ്ടുനിലകളുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. തൊട്ടുമുമ്പിൽ മകനെ നോക്കിക്കൊണ്ട് ബാണലിംഗസ്വരൂപിയായ പരമശിവനും ശ്രീപാർവ്വതീദേവിയും പ്രത്യേകശ്രീകോവിലുകളിൽ വാഴുന്നു. ഗണപതിക്ക് സമീപം ജടാമകുടധാരിയും അമൃതകലശഹസ്തനുമായ ശാസ്താവും പിറന്ന ഉടനെ മാതാപിതാക്കൾക്ക് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്റെ ഭാവത്തിലുള്ള മഹാവിഷ്ണുവും വാഴുന്നു. ചതുരാകൃതിയിലാണ് അഞ്ചു ശ്രീകോവിലുകളും.

ടിപ്പു സുൽത്താന്റെ പടയോട്ടത്തിനിടയിൽ തകർക്കപ്പെട്ട ഈ ക്ഷേത്രം ഒരുപാടുകാലം ആരാലും ഗൗനിക്കപ്പെടാതെ കഴിഞ്ഞുപോകുകയായിരുന്നു. 2008 ജൂലൈ മാസത്തിലാണ് ഇതിന് പുനർജ്ജന്മം ലഭിച്ചത്. ഇന്ന് ഈ ക്ഷേത്രം വളർച്ചയുടെ പാതയിലാണ്. അടുത്തുതന്നെ മഹാക്ഷേത്രം എന്ന പദവി ലഭിക്കാനുള്ള സാധ്യത ഇത് സൂചിപ്പിക്കുന്നു. തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുവരെ ഭക്തർ ഇവിടേക്ക് വരുന്നുണ്ട്.

*പൂജാക്രമങ്ങളും വഴിപാടുകളും*

രാവിലെ അഞ്ചുമണിക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനവും അഭിഷേകവുമാണ്. തുടർന്ന് ഉഷഃപൂജയും ഉച്ചപൂജയും നടത്തി പതിനൊന്നുമണിയോടെ നടയടയ്ക്കുന്നു. പിന്നീട് വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന. ഒടുവിൽ രാത്രി എട്ടുമണിക്ക് ഹരിവരാസനം പാടി നടയടയ്ക്കുന്നു. തമിഴ് ബ്രാഹ്മണരാണ് ക്ഷേത്രത്തിലെ പൂജാരിമാർ.

ഗണപതിക്ക് ഒറ്റയപ്പം, മോദകം, ഗണപതിഹോമം തുടങ്ങിയവയും ശിവന് ധാര, ഭസ്മാഭിഷേകം, കൂവളമാല, പ്രദോഷപൂജ, പിന്വിളക്ക് തുടങ്ങിയവയും പാർവ്വതിക്ക് കുങ്കുമാർച്ചന, പട്ടും താലിയും ചാർത്തൽ, സ്വയംവരാർച്ചന തുടങ്ങിയവയുമാണ് വിഷ്ണുവിന് വെണ്ണ, പാൽപ്പായസം, കദളിപ്പഴം, തുളസിമാല തുടങ്ങിയവയും വൈദ്യനാഥൻ കൂടിയായ ശാസ്താവിന് നീരാജനവും അരവണപ്പായസവുമാണ് പ്രധാന വഴിപാടുകൾ. അഞ്ചുമൂർത്തികളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ഈ സ്ഥലത്ത് ബലിതർപ്പണം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.

*ഗംഗാ ആരതി*

ഹിന്ദുക്കൾ പുണ്യനദിയായി കണക്കാക്കുന്ന ഗംഗാനദി കാശിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുപോലെ ഇവിടെ ഭാരതപ്പുഴ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നു. അതിനാൽ ഈ ഭാഗത്തുവച്ച് ഭാരതപ്പുഴയെ ഗംഗാനദിയായി സങ്കല്പിച്ച് ഗംഗാ ആരതി നടക്കുന്നു. ഇതിൽ പങ്കെടുക്കുന്ന ഭക്തർക്ക് പുണ്യം ലഭിയ്ക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates