Friday, August 11, 2017

ശുകൻ

രാവണൻറെ സേവകനായ ശുകന്റെ പൂർവ്വ കഥ:

ലങ്കാപ്രവേശത്തെക്കുറിച്ചാലോചിച്ച് , പുഷ്കരിണീ തീരത്തിരിക്കുന്ന കപികുലജാലത്തിനുമുൻപിൽ ശുകൻ  എന്ന രാത്രിഞ്ചരൻ  വന്നു ചേർന്നു . രാവണദൂതനായെത്തിയ ശുകൻ  കപികുലത്തെ തലങ്ങും വിലങ്ങും  പുലഭ്യം പറഞ്ഞു. എന്നിട്ട് സുഗ്രീവനോടു പറയാൻ  തുടങ്ങി:

ശുകൻ സുഗ്രീവനോട് പറഞ്ഞു

"
എൻറെ പിതാവായ ദേവേന്ദ്രൻറെ പുത്രനായ ബാലിയുടെ സഹോദരനായതുകൊണ്ട് നീയെനിക്കു സഹോദരതുല്യനാണ്. അതുകൊണ്ട്, എൻറെ വാക്കുകൾ  നീ കേട്ടു കൊൾക. അൽപപ്രാണിയായ മനുഷ്യൻറെ പടയാളികളായി വന്നിട്ടുള്ള നിനക്ക് എവിടെയാണ് ഒരു ജീവൽരക്ഷോപായമുള്ളത്. നിസ്സാരനായ മനുഷ്യനെവിടെ, രാത്രിഞ്ചരനും കൈലാസംപോലുമെടുത്ത് അമ്മാനമാടി ത്രിലോകം വിറപ്പിച്ച ശക്തനും ധീരനുമായ ദശമുഖനെവിടെ. അവൻറെ ദൃഷ്ടിയിൽപ്പെടാതെ എങ്ങോട്ടെങ്കിലും ഓടിപ്പോവുകയാണ് ഉചിതമായിട്ടുള്ളത്."

ഇത്രയും കേട്ടപാടെ സുഗ്രീവൻറെ ആജ്ഞാനുസരണം, കപിജാതികൾ  ശുകനെ കടന്നുപിടിച്ച്, തലങ്ങും വിലങ്ങുമായി ആവോളം മർദ്ദിച്ചു . അശരണനായ ശുകൻ  ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശുകൻ  വെറുമൊരു ദൂതനാണെന്നറിയുന്ന ശ്രീരാമൻ  അവൻറെ ജീവൻ  വിട്ടുകൊടുക്കുവാൻ  കല്പിക്കയാൽ സുഗ്രീവാദികൾ  അവനെ സ്വതന്ത്രനാക്കി.

രാവണസഭയിൽ തിരിച്ചെത്തിയ ശുകൻ  രാവണനോട് സംഭവങ്ങൾ  വിവരിച്ചു. എന്നിട്ട് ശ്രീരാമൻ  വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം മഹാവിഷ്ണുവിൻറെ അവതാരമാണെന്നും, രാവണനിഗ്രഹാര്ത്ഥം  അവതാരമെടുത്ത സര്വ്വോ ത്തമാനാണെന്നും, ആകയാൽ സീതാദേവിയെ രാമഹസ്തങ്ങളിൽ തിരികെയേൽപ്പിച്ച് മാപ്പപേക്ഷിക്കുകയും ജീവനുവേണ്ടി യാചിക്കുകയും ചെയ്യേണമെന്നുമർത്ഥിച്ചു. കോടികൾ  വരുന്ന വാനരപ്പടയോടെതിര്ക്കാ   രാവണൻറെ പടയാളികൾ  പോരാ എന്നുമറിയിച്ചു.

കോപാകുലനായ രാവണനാകട്ടെ, രാമവൃത്താന്തം പുലമ്പാതെ, തൻറെ മുന്നിൽനിന്നും എങ്ങോട്ടെങ്കിലും ഓടിപ്പൊയ്ക്കൊള്ളുവാൻ  ശുകനോടാജ്ഞാപിച്ചു. വിഷണ്ണനായ ശുകൻ  തൻറെ ആലയം പൂകി ദുഃഖിച്ചിരുന്നു. അകാരണമായി തനിക്കു സംഭവിച്ച വിധിക്കു കാരണമെന്താണെന്നു ചിന്തിച്ചു. അപ്പോൾ  മഹാമുനിയും കുംഭോൽഭവനുമായ അഗസ്ത്യമുനിയുടെ ശാപോക്തികൾ  അവൻറെ മനസ്സിനെ മഥിച്ചു. അറിയാതെ സംഭവിച്ച തെറ്റിനെപ്പറ്റി കുറ്റബോധത്തോടെ ഓർത്തു .

കാടാകെ മേഞ്ഞു നടന്ന വജ്രദംഷ്ട്രൻ  എന്ന അസുരൻ  അസുര-രാക്ഷസാരിയും യാഗാദികളിൽ നിപുണനും രാത്രിഞ്ചർക്ക്   എന്നും ഭീഷണിയേകി നിലനിൽക്കുന്നവനുമായ ശുകൻ  എന്ന ബ്രാഹ്മണവര്യനെ എങ്ങിനെയില്ലാതാക്കണം എന്ന ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിനം, കുഭോൽഭവനായ അഗസ്ത്യമഹർഷി ശുകദർശനാർത്ഥം  
പർണ്ണശാലയിലെത്തി. ഭക്ഷണത്തിനു മുൻപ് ജലപ്രക്ഷാളനത്തിനും പൂജാദികൾക്കുമായി നദീതീരത്തേക്കുപോയ അഗസ്ത്യമുനിയുടെ രൂപത്തിൽ വജ്രദംഷ്ട്രൻ  ശുകൻറെ പർണ്ണശാലയിലെത്തി, ശുകനോട് മന്ദം പറഞ്ഞു:

ബ്രാഹ്മണസത്തമനായ അങ്ങേക്ക്, വിരോധമില്ലെങ്കിൽ ഇന്നെനിക്കൽപ്പം മൃഗമാംസം കൂട്ടി ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം സാധിച്ചു തരണം. അങ്ങയുടെ പത്നിക്ക് രുചികരമായി അതു പാകം ചെയ്യാനും അറിവുണ്ടല്ലോ.”

സന്തോഷത്തോടെ ശുകൻ  അഗസ്ത്യമുനിയുടെ ആഗ്രഹം സ്വീകരിക്കുകയും, ശുകപത്നിയോട് അങ്ങിനെ ചെയ്യുവാൻ  പറയുകയും ചെയ്തു. ആഹാരം വിളമ്പുന്ന വേളയിൽ ദുഷ്ടനായ വജ്രദംഷ്ട്രാസുരൻ  ശുകപത്നിയുടെ വേഷം പൂണ്ടു വന്ന് മർത്ത്യ മാംസം ഇലയിൽ വിളമ്പി. മർത്ത്യ  മാംസം കണ്ട അഗസ്ത്യമുനി ശുകനെ ഘോരമായി ശപിച്ചു.

എനിക്കു മർത്ത്യ മാംസം വിളമ്പിയ നീചാ, ഇനിയുള്ള കാലം മനുഷ്യമാംസം ഭുജിച്ച് ഒരു രാക്ഷസനായി നീ ജീവിതം കഴിക്കുക.”

ഉഗ്രശാപമേറ്റ വേദനയിൽ ശുകൻ  പറഞ്ഞു, "മൃഗമാംസം വിളമ്പുവാൻ  കൽപ്പിച്ചത് അങ്ങു തന്നെ. ഞാൻ  പാകം ചെയ്യുവാനേൽപ്പിച്ചതും മൃഗമാംസം തന്നെ. പക്ഷെ, ഇതെങ്ങിനെ സംഭവിച്ചുവെന്ന് നിസ്സാരനായ എനിക്ക് അറിയില്ല. എൻറെ തെറ്റു മനസ്സിലാക്കി, അങ്ങെനിക്ക് ശാപമോക്ഷം തരിക."

ഇതുകേട്ടമാത്രയിൽ ത്രികാലജ്ഞാനിയായ അഗസ്ത്യൻ  സംഭവത്തെ വിശകലനം ചെയ്യുകയും, ശുകനു പറ്റിയ അബദ്ധത്തെ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും അർദ്ധ  പ്രാണനായിത്തീർന്നു  തൻറെയും അപരാധത്തിന് ക്ഷമചോദിക്കുകയും ശുകന് ശാപമോക്ഷമേകുകയും ചെയ്തു.

ത്രേതായുഗത്തിൽ നാരായണൻറെ അവതാരമായ ശ്രീരാമൻ   രാവണനാൽ അപഹരിക്കപ്പെട്ട തൻറെ പ്രേയസി സീതാദേവിയെ തിരികെ കൊണ്ടുപോകുവാനും രാവണനെ നിഗ്രഹിക്കുവാനും ലങ്കാനഗരിയിലെത്തും. അപ്പോൾ  അങ്ങ് അദ്ദേഹത്തെ നേരിട്ടു ദർശിക്കുകയും അങ്ങയുടെ ഭക്തി പാരവശ്യത്തിൽ സംപ്രീതനായി ശ്രീരാമൻ  അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നെ വൈകാതെ അങ്ങു തന്നെ രാമവൃത്താന്തം മുഴുവൻ  രാവണസഭയിൽ ഘോഷിക്കുകയും അതോടെ ശാപമുക്തനാവുകയും ചെയ്യും. രാവണൻറെ സേവയ്ക്കായി അവനെ പ്രാപിക്കുവാൻ  അങ്ങേയ്ക്ക് യാതൊരു വൈഷമ്യവും ഉണ്ടാകില്ല. കാലമേതും കളയാതെ അതിനായി പുറപ്പെടുക. രാമനോട് രാവണൻറെ ദൂത് അറിയിക്കാനുള്ള സന്ദർഭം  പ്രയാസലേശമെന്യേ അങ്ങേക്ക്  കൈവരികയും ചെയ്യും.”

രാവണസഭയിൽ തൻറെ ദൌത്യം പൂർത്തി  യായിരിക്കുന്നുവെന്ന് ശുകനറിഞ്ഞു. പൂർവ്വ ദജന്മത്തിലേക്ക് തിരികെ പോകുവാൻ  സമയമായതും, സാധുസേവയുടെ ആവശ്യങ്ങളും ശുകനോർമ്മിച്ചു. അഗസ്ത്യശാപത്തിൻറെ കാലാവധി പൂര്ത്തി യാക്കിയ ശുകൻ  ഒരു ദ്വിജനായി, കാഷായാംബരധാരിയായി ശേഷിക്കുന്ന ദൌത്യങ്ങളിലേക്ക് നടകൊണ്ടു.

നമസ്തേ ജഗല്പതേ! നമസ്തേ  രമാപതേ!
നമസ്തേ  ദാശരഥേ! നമസ്തേ  സതാംപതേ!

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates