Saturday, July 11, 2015

നാഗാരാധന

അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍ എന്നാണ്
ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങള്‍ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയില്‍ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങള്‍ ഇത് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയില്‍ ഔന്നത്യശ്രേണീബന്ധങ്ങള്‍ ഉണ്ടായിരിക്കുന്നത്. നാഗങ്ങളില്‍ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വര്‍ണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്.

അഥര്‍വവേദത്തില്‍ സര്‍പ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങള്‍ കാണാം. ഋഗ്വേദത്തില്‍ പലതരം സര്‍പ്പദംശനങ്ങള്‍ വിവരിച്ചിട്ടുണ്ട്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമര്‍ശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളില്‍ നാഗസൂചനകള്‍ കാണാം.

ഹൈന്ദവപുരാണത്തില്‍ നിരവധി നാഗകഥകളുണ്ട്, നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്.

പാലാഴിമഥനത്തിനുശേഷം അസുരന്മാരില്‍നിന്നും ദേവന്മാര്‍
തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡന്‍ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങള്‍ക്ക് കൊടുത്തു. നാഗങ്ങള്‍ അമൃതകലശം ദര്‍ഭപ്പുല്ല് വിരിച്ച് അതില്‍ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാന്‍ പോയി. ആ തക്കംനോക്കി ദേവന്മാര്‍ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങള്‍ അമൃത് കാണാതെ ആര്‍ത്തിയോടെ ദര്‍ഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ. പുരാണ നാഗകഥകളില്‍ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയില്‍ ജനിച്ച സുരസയില്‍ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങള്‍ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളില്‍ പറഞ്ഞുകാണുന്നത്.

നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളില്‍ വിഭജിച്ചുകാണുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാളവാസികള്‍ കുഴിനാഗങ്ങള്‍..

പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍; ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിന്‍പത്തി കുട.

താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.

ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്. ഭാരതീയ നൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളില്‍ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്. നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.

നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങള്‍ ശിരസ്സില്‍പ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തില്‍ നിലവിലുണ്ട്.കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പംതുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്. ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങള്‍ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലന്‍ഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗര്‍, തമിഴ്നാട്ടിലെ നാഗര്‍കോവില്‍, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂര്‍ നാഗക്ഷേത്രം, കര്‍ണാടകയിലെ ധര്‍മസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.

നാഗാരാധന കേരളത്തില്‍.

പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.

പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം
എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍. ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്. മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു.

കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍.

കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ പാമ്പുമ്മേക്കാവും മണ്ണാറശാലയും വെട്ടിക്കോടും ആമേടയുമാണ്. സര്‍പ്പങ്ങളും ഉപദേവതകളുമായി അനേകം വിഗ്രഹങ്ങള്‍ ഇവിടെ ആരാധിക്കപ്പെടുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates