Monday, July 20, 2015

ശ്രീ പരീക്ഷിത്ത്‌ രാജാവ്


പാണ്ഡവരില്‍ അര്‍ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്
പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു . ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെ വിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു. വിഷ്ണുഭഗവാന്‍ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്‍ഭത്തെ മായയാല്‍ മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്‍
കഴിഞ്ഞില്ല. ഗര്‍ഭത്തില്‍ ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്ന
ഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ട അഭിമന്യുപുത്രനാണ് വിഷ്ണുരാതന്‍ അഥവാ പരീക്ഷിത്ത്‌..

പാണ്ഡവര്‍ യുദ്ധം ജയിച്ചു. യുധിഷ്ടിരന്‍ രാജാവായി. യാഗങ്ങള്‍ നടത്തി അദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന്‍ അര്‍ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോപണം ചെയ്ത വിവരം അര്‍ജുനനന്‍ യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്‍മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്‍മ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള്‍ നടത്തി തന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള്‍ മനസ്സിലാക്കിയ രാജാവ് കലിയെ തോല്‍പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള്‍ കല്‍പ്പിച്ചു നല്‍കണമെന്നഭ്യര്‍ദ്ധിച്ചു . അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള്‍ കലിക്കു വാസസ്ഥാനമായി അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള്‍ കൊണ്ട് തൃപ്തനായി കലി മടങ്ങി.

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്‍ ഒരു
ദിവസം നായാട്ടിനായി കാട്ടില്‍ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍
ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി, രാജാവ് എഴുന്നെള്ളിയത്
ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി "ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ" എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ
ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .
ഗൌരമുഖന്‍ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. രാജാവാകട്ടെ , "മുന്നമേ മരിച്ചിരിപ്പോരു ഞാന്‍ ജഗന്നാഥന്‍ തന്‍ അനുഗ്രഹത്താല്‍ ജീവിച്ചേനിത്രനാളും " എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്
അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും മുന്നമേ മരിക്കാതെ
രക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു.

തച്ഛന്മാരെ വിളിച്ച് ഗംഗയില്‍ ഒറ്റത്തൂണില്‍ ഒരു പ്രാര്‍ത്ഥനാമന്ദിരം
തീര്‍ത്ത്‌. അതില്‍ കിഴക്കോട്ടു അഗ്രമാക്കി ദര്‍ഭ വിരിച്ച് അതില്‍
വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള്‍ മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് ദേവന്മാര്‍ പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്‍വന്മാര്‍
ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി,അംഗിരസ്സ്
,വസിഷ്ടന്‍,വിശ്വാമിത്രന്‍, പരാശരന്‍ , പിപ്പലാദന്‍ , മൈത്രേയന്‍ ,
ഗൌതമന്‍, നാരദന്‍ എന്നീ മഹര്‍ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആ
നേരത്താണ് വ്യാസനന്ദന്‍ ശ്രീശുകമഹര്‍ഷി അവിടെ എത്തിച്ചേര്‍ന്നത്.
ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്‍ക്കരിച്ചു . ശ്രീശുകമഹര്‍ഷി, രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന്‍ ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്‍ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന്‍ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത്
രൂപത്തില്‍ ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന്‍ വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഭക്തി ഉറക്കുകയും ആനന്ദം
സ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന്‍ ഭഗവത്കഥകള്‍ പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില്‍ എല്ലാവരും ഇരുന്നു കഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

കശ്യപന്‍ എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്തമറിഞ്ഞു . തക്ഷകന്‍ കടിക്കുമ്പോള്‍ വിഷമിറക്കി രാജാവിനെ രക്ഷിച്ചാല്‍ തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്‍
പുറപ്പെട്ടു. തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ കുറച്ച് വിശിഷ്ട ഫലങ്ങള്‍
കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര്‍ പരിചയപ്പെടുകയും തങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്‍ക്കാന്‍ തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന്‍ കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്‍കി തിരിച്ചയച്ചു . തക്ഷകന്‍ അതേ ബ്രാഹ്മണ വേഷത്തില്‍ രാജസന്നിധിയില്‍ എത്തി ഫലങ്ങള്‍ രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള്‍ മായാവിയായി തക്ഷകന്‍ ഒരു പുഴുവിന്റെ
രൂപത്തില്‍ ആ ഫലത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്‍ വാദ്യഘോഷങ്ങള്‍ മുഴക്കി. ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര്‍ പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി..

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates