Tuesday, July 21, 2015

രാമായണത്തിലെ ഹൃദയഭേദകമായ വിടവാങ്ങല്‍......!

---------------------------------------------------
रामं दशरथं विद्धि मां विद्धि जनकात्मजां
अयोध्यां अटवीं विद्धि गच्छ तात यथासुखम्

''രാമംദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാം അടവീം വദ്ധി ഗച്ഛ താത യഥാസുഖം''.

രാമായണത്തിലെ ഏറ്റവും നല്ലശ്ലോകം ഇതാണെന്ന് കരുതപ്പെടുന്നു.

പിതാവിന്‍റെ പ്രതിജ്ഞാനിര്‍വഹണത്തിനായി വനത്തിലേക്ക് പോകാനൊരുമ്പെടുന്ന ശ്രീരാമസീതാലക്ഷ്മണന്മാരുടെ വിടവാങ്ങല്‍രംഗം അത്യന്തം ശോകനിര്‍ഭരമായാണ് വാല്മീകി മഹര്‍ഷി ചിത്രീകരിക്കുന്നത്.
ഇക്ഷ്വാകുവംശതിലകമായ ദശരഥന്റെ കൊട്ടാരത്തിലേക്കാണ് രാമന്‍ ആദ്യം ചെന്നത്. കൈകേയിയുടെ നിര്‍ബന്ധത്തിനുവഴങ്ങി താന്‍ ചെയ്യുന്ന മഹാ അപരാധമോര്‍ത്ത് ദുസ്സഹ ദുഃഖത്തിലായിരുന്ന മഹാരാജാവ്, പുത്രന്മാരെയും സീതയെയും കണ്ടപ്പോള്‍ മോഹാലസ്യപ്പെട്ടുവീണു.
ഗാംഭീര്യംകൊണ്ട് സാഗരതുല്യനും നൈര്‍മല്യത്താല്‍ ആകാശസദൃശനും സത്യവാനും ധര്‍മിഷ്ഠനുമായ രാജാവിനോട് വിടചോദിച്ചു.

''അച്ഛാ, അങ്ങ് ഞങ്ങള്‍ക്ക് ഈശ്വരതുല്യനാണ്. വനവാസത്തിനുപോകാന്‍ ഞങ്ങളെ അനുഗ്രഹിച്ചനുവദിച്ചാലും. നശ്വരമായ ഭൗതിക സുഖസമൃദ്ധിയില്‍ അഭിരമിക്കുന്നവനല്ല ഞാന്‍. അങ്ങയുടെ സത്യവാക്ക് ലംഘിക്കപ്പെടരുതെന്നുമാത്രമേ എനിക്കുള്ളൂ.''

കദനക്കടലിന്റെ തിരതള്ളലില്‍ ആഴ്ന്നുപോയ രാജാവ് മകനെ മാറോടണച്ച് ആലിംഗനംചെയ്തു.
മഹാരാജാവും സുമന്ത്രരും കൈകേയിയെ അതികഠിനമായി അധിക്ഷേപിച്ചപ്പോള്‍, 'അരുതേ, അരുതേ' എന്നുപറഞ്ഞ് അമ്മയുടെ പക്ഷത്തുനില്‍ക്കുകയാണ് രാമന്‍!
യാത്രാനുമതിക്കായി കൗസല്യമാതാവിനെ സമീപിച്ചപ്പോള്‍, മരുമകളെ കെട്ടിപ്പിടിച്ച് വിങ്ങുന്ന മനസ്സോടെ, ഗദ്ഗദകണ്ഠയായി ചില ഉപദേശങ്ങള്‍ കൊടുത്തു.
''മനസ്ഥൈര്യമില്ലാത്ത സ്ത്രീകള്‍, നല്ലകാലത്ത് ഭര്‍ത്താവിനെ രമിപ്പിച്ച് കൂടെക്കഴിയും. ആപത്തുകാലത്ത് പതിയെ ഉപേക്ഷിച്ചുപോകും. പതിവ്രതാരത്‌നമായ നിനക്ക് അങ്ങനെയൊരു ചിത്തചാഞ്ചല്യം ഉണ്ടാവരുത്. രാജ്യഭ്രഷ്ടനാണ് നിന്റെ ഭര്‍ത്താവെങ്കിലും അവനെ ഈശ്വരനായി കരുതി പൂജിക്കണം.''

''അമ്മേ, പതിദേവതയായ പത്‌നിയാണ് ഞാന്‍. ദുഷ്ചിന്തകളൊന്നും എനിക്കില്ല. ചന്ദ്രനില്‍നിന്ന് പ്രകാശം മായുമോ? തന്തുവില്ലാത്ത തംബുരു നാദമുതിര്‍ക്കുമോ? ചക്രമില്ലാത്ത രഥം ഓടുമോ? ശ്രീരാമചന്ദ്രനില്ലാതെ ഞാനുണ്ടാവുമോ!''

മൈഥിലിയുടെ ഈ വാക്കുകള്‍ ശ്രോതാക്കളില്‍ സന്തോഷവും സന്താപവും വളര്‍ത്തി. ജനകമഹാരാജാവിന്റെ മകളുടെ ദുര്‍വിധിയോര്‍ത്ത്, അമ്മ കണ്ണീരണിഞ്ഞ യാത്രാമംഗളം നേര്‍ന്നു. ലക്ഷ്മണന്‍ സുമിത്രാപാദങ്ങള്‍ വന്ദിച്ചുകൊണ്ട് അമ്മയോട് യാത്രാനുമതി തേടി.

മകനെ അനുഗ്രഹിച്ചുകൊണ്ട്, അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

''മകനേ, നിന്നെ വനവാസത്തിനുവേണ്ടി സൃഷ്ടിച്ചിരിക്കുന്നതാണ്. ജ്യേഷ്ഠകാര്യങ്ങളില്‍ ഒരിക്കലും തെറ്റുപറ്റരുത്. സര്‍വാവസ്ഥകളിലും ജ്യേഷ്ഠനാകുന്നു നിന്റെ മാര്‍ഗദര്‍ശി. ജ്യേഷ്ഠനെ പിതാവെന്നും സീതയെ മാതാവെന്നും വനം അയോധ്യയെന്നും കരുതണം. സുഖമായി പോയ്‌വരൂ.''

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates