Wednesday, July 29, 2015

കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം


കര്‍ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീ ക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.
ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചു പല സങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്. കോല മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്‍വതി ദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരന്‍ എന്ന പേരുകിട്ടി. ഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്‍ഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്‍ഷിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാണു സങ്കല്‍പം.
ആദിശങ്കരന്‍ ഈ പ്രദേശത്തു അനേക ദിനങ്ങള്‍ തപസ്സു ചെയ്തതില്‍ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, അന്നു ദേവി ദര്‍ശനം കൊടുത്ത രൂപത്തില്‍ സ്വയംഭൂവിനു പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു.
ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടര്‍ന്നു വരുന്നത്. നടുവില്‍ ഒരു സ്വര്‍ണ രേഖ ഉള്ള സ്വയംഭൂലിംഗമാണു ഇവിടുത്തെ പ്രതിഷ്ഠ എന്നു വിശ്വസിക്കപ്പെടുന്നു. ലിംഗത്തിനു വലതു വശത്തു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും (സരസ്വതി, ലക്ഷ്മി, ദുര്‍ഗ്ഗ/കാളി) ഇടതു വശത്ത് ത്രിമൂര്‍ത്തികളും (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) സ്ഥിതിചെയ്യുന്നു എന്നാണു സങ്കല്‍പം.
സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖചക്രവരദാഭയങ്ങള്‍ ധരിച്ച ഇരിക്കുന്ന രൂപത്തിലുള്ള ചതുര്‍ബാഹുവായ ദേവീ വിഗ്രഹവും കാണപ്പെടുന്നു. പഞ്ചലോഹനിര്‍മിതമാണ് ഈ വിഗ്രഹം.
കിഴക്കോട്ടാണ് ദര്‍ശനം. ദേവി വിഗ്രഹത്തിന്റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന രത്‌നം വളരെ വിലപ്പെട്ടതും പ്രസിദ്ധവുമാണ്. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയാണു പ്രധാന അലങ്കാരങ്ങള്‍.
ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു. ദേവി പ്രതിഷ്ഠക്കു പുറമെ നാലമ്പലത്തിനകത്ത് ദശഭുജഗണപതി, ശങ്കരാചാര്യര്‍, കൊടിമരത്തില്‍ സ്തംഭഗണപതി, പുറത്തെ പ്രദക്ഷിണവഴിയില്‍ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു (വെങ്കടാചലപതി സങ്കല്പം), വീരഭദ്രന്‍, ശിവന്‍ (പ്രാണലിംഗേശ്വരന്‍, പാര്‍ത്ഥേശ്വരന്‍, ചന്ദ്രമൗലീശ്വരന്‍, നഞ്ചുണ്ടേശ്വരന്‍ എന്നീ നാലു സങ്കല്പങ്ങള്‍) എന്നീ ഉപദേവതകളും പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു.
ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. നാലമ്പലത്തിനകത്ത് ഗര്‍ഭഗൃഹത്തിനു പുറകിലായി തെക്കുപടിഞ്ഞാറേമൂലയില്‍ ശങ്കരപീഠം കാണാം. ആനേക നാളുകള്‍ ഇവിടെയാണു ആദിശങ്കരന്‍ ദേവിപൂജ നടത്തിയതെന്നു പറയുന്നു.
കൂടാതെ വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ചെറിയൊരു തുളസിത്തറയുണ്ട്. അവിടെ ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ച് പൂജകള്‍ നടത്തപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലില്‍ നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുപര്‍ണന്‍ എന്നു പേരായ ഗരുഡന്‍ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം.
ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ ‘ഗരുഡ ഗുഹ’ എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്‌നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates