Monday, July 20, 2015

ഭദ്രകാളി


ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു.

കാളി സമയത്തിന്റെ ദേവികൂടിയാണ്.
ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates