Wednesday, July 29, 2015

സീതാ സ്വയംവരം

വാല്മീകിരാമായണത്തില്‍ ദശരഥനെ വിവരമറിയിക്കാന്‍ ഉടനെ ജനകന്‍ ദൂതന്മാരെ വിടുകയാണ്. അദ്ധ്യാത്മരാമായണത്തില്‍ വില്ലൊടിഞ്ഞയുടനെ സീതയെ അണിയിച്ചൊരുക്കിക്കൊണ്ടു വരുന്നു. രാമന്റെ കഴുത്തില്‍ സ്വര്‍ണ്ണമാലയണിച്ചു. സ്വയംവരം നടത്തിയെന്നാണ്. എഴുത്തച്ഛന്‍ ഈ രംഗത്തും കാവ്യഭാവനയൊഴുക്കുന്നു. സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരീ സ്വര്‍ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ സ്വര്‍ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ- മര്‍ണ്ണൊജനേത്രന്‍ മുമ്പില്‍ സത്രപം വിനീതയായ് വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍ മുന്നേ പിന്നാലെ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍. എഴുത്തച്ഛന്റെ ഈ ഭാവന കണ്ണശ്ശരാമായണത്തില്‍ നിന്നുമെടുത്തതാണ്. എന്തായാലും സ്വര്‍ണവര്‍ണ്ണമുള്ള മൈഥിലി അടിമുടി സ്വര്‍ണാഭരണങ്ങളിഞ്ഞ് കൈയിലൊരു സ്വര്‍ണമാലയുമായി ശ്രീരാമന്റെ മുന്നില്‍വന്ന് വിനീതയായി നാണിച്ചു നിന്നു. ആദ്യമായി കടക്കണ്‍മിഴികള്‍കൊണ്ട് തന്റെ നാഥനെയൊന്നുനോക്കി പിന്നാലെ വരണാര്‍ത്ഥ മാലയിട്ടു. ഈ രംഗത്തോടെ സീതാ വിവാഹം കഴിഞ്ഞുവെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. വിവാഹം നടക്കണമെങ്കില്‍ ശ്രീരാമന്‍ തിരിച്ചു മാലയിടണ്ടെ. അതുണ്ടായില്ല. അതെന്താ അപ്പോള്‍ തിരിച്ചു മാലയിടാത്തത്? വിവാഹം നടക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം ലഭിക്കണം. ഇന്നത്തെക്കാലത്ത് യുവജനങ്ങള്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധമുണ്ടൊ. തങ്ങള്‍ തീരുമാനിക്കും. മമ്മിയും ഡാഡിയും പറ്റുമെങ്കില്‍ വിവാഹം നടത്തിത്താ. അല്ലെങ്കില്‍ ഞങ്ങള്‍ വേറെ വഴിനോക്കുമെന്നു പറയുന്ന എത്രയോ സന്തതികളുണ്ട്. നമ്മുടെ സംസ്‌കാരം ധര്‍മ്മത്തില്‍ അധിഷ്ഠിതമാകണമെങ്കില്‍ കുട്ടിക്കാലം മുതലേ രാമായണവും ഭാരതവുമൊക്കെ അര്‍ത്ഥവ്യാപ്തിയോടെ പറഞ്ഞുകൊടുക്കണം. അതാണ് രാമായണം നമുക്കു തരുന്ന പാഠം. ദശരഥന്റെ ആഗമനവും വിവാഹങ്ങളും ജനക മഹാരാജാവിന്റെ കല്പനയനുസരിച്ച് മൂന്നു ദുതന്മാര്‍ വേഗതയേറിയ കുതിരകളില്‍ അയോദ്ധ്യ നഗരിയിലെത്തി. അവര്‍ ദശരഥമഹാരാജാവിനെ വണങ്ങി സന്ദേശം അറിയിച്ചു. അതിന്റെ ചുരുക്കം: ”ഞാന്‍ എന്റെ മകളെ വീരനുള്ള സമ്മാനമായി നിശ്ചയിച്ചിരുന്ന കാര്യം അങ്ങേയ്ക്കറിയാമല്ലോ. വളരെ രാജാക്കന്‍മാര്‍ വന്നെങ്കിലും വീര്യമല്ലാത്ത അവരെ ഞാന്‍ തോല്‍പ്പിച്ചോടിച്ചു. ആ എന്റെ മകളെ വിശ്വാമിത്രനോടുകൂടി യാദൃശ്ചികമായി വന്നുചേര്‍ന്ന വീരന്മാരായ അങ്ങയുടെ പുത്രന്മാര്‍ ജയിച്ചിരിക്കുന്നു. ദിവ്യമായ വില്ലിനെ യാഗത്തിന്റെ അവസാനത്തില്‍ നാനാജനങ്ങള്‍ വന്നുചേര്‍ന്ന വീരന്മാരായ അങ്ങയുടെ പുത്രന്മാര്‍ ജയിച്ചിരിക്കുന്നു. ദിവ്യമായ വില്ലിനെ യാഗത്തിന്റെ അവസാനത്തില്‍ നാനാജനങ്ങള്‍ നിറഞ്ഞ സഭയില്‍വച്ച് അങ്ങയുടെ പുത്രന്‍ രാമന്‍ ഒടിച്ചു. ആ മഹാത്മാവിനു വീരനുള്ള സമ്മാനമായി സീതയെ നല്‍കണം. അല്ലയോ മഹാരാജാവേ, ഉപാദ്ധ്യായന്മാരോടും പുരോഹിതനോടും കൂടി അങ്ങ് വേഗത്തില്‍ വരണം. എന്റെ പ്രതിജ്ഞ നിവേറ്റിത്തരണം. ദശരഥമഹാരാജാവ് ഉടന്‍തന്നെ രാജസദസ്സു വിളിച്ചുകൂട്ടി ആലോചിച്ചു. എല്ലാവരും നല്ലത് നല്ലത് എന്നുപറഞ്ഞ് സന്തോഷിച്ചു. അടുത്തദിവസം തന്നെ വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, കാശ്യപന്‍, ദീര്‍ഘായുസ്സ്, മാര്‍ക്കണ്ഡേയന്‍, കാത്യായനന്‍ തുടങ്ങിയ ഋഷിമാരോടും ചതുരംഗസേനയോടുംകൂടി മിഥിലയിലേക്കു തിരിച്ചു. ജനകന്‍ അവരെ ആദരവോടെ സ്വീകരിച്ചു. അവരുടെ സമാഗമം ഹൃദ്യമായിരുന്നു. ജനകന്‍ ദശരഥനോടു പറഞ്ഞു: ദേവകന്യകയെപ്പോലുള്ള എന്റെ മകള്‍ സീതയെ രാമനും രണ്ടാമത്തെ മകള്‍ ഊര്‍മ്മിളയെ ലക്ഷ്മണനും വേള്‍ക്കട്ടെ. അതുകേട്ടു സന്തോഷിച്ച ദശരഥന്‍ ധര്‍മ്മിഷ്ഠനായ കുശദ്ധ്വജന്റെ പുത്രിമാരായ മാണ്ഡവിയെ ഭരതനും ശ്രുതകീര്‍ത്തിയെ ശത്രുഘ്‌നനും വേണ്ടി വരിക്കുന്നു എന്നറിയിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. പിന്നീട് പുരോഹിതന്മാരായ വസിഷ്ഠനും ശതാനന്ദനും വിശ്വാമിത്രനും കൂടി വിവാഹമുഹൂര്‍ത്തം നിശ്ചയിച്ചു. ആഡംബരത്തോടെ നാലു വിവാഹങ്ങളും നിശ്ചിതമുഹൂര്‍ത്തത്തില്‍ നടന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates