Thursday, July 2, 2015

പൂജയുടെ പൊരുള്‍:

പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ചു് ക്രമമായി പഞ്ചോപചാരം, പത്തു് ആയി ദശോപചാരം, പതിനാറു് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ടു് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ടു്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണു് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതു്.
ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറു് പടികളാണുള്ളതു്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണു് അതു് ആചരിച്ചു പോരുന്നതു്.
ആചാരക്രമം:
01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം
01. ആവാഹനം:
(മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തിലെരംശം സങ്കൽപശക്തിയാൽ പ്രണവ ജപത്തോട്കൂടി സുഷുമ്ന നാഡിവഴി വിഗ്രഹത്തിൽ സമർപ്പിക്കുന്നു )
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്നു് സങ്കല്പിച്ചു് ആ മാധ്യമം വഴി ഈശ്വരനു് പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.
02. ആസനം/സിംഹാസനം:
സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു് അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്നു് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
03. പദ്യം:
വാഹനസൗകര്യമൊന്നുമില്ലാതിരുന്നു് മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്തു് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വരചൈതന്യത്തിനു് മനുഷ്യരൂപം സങ്കല്‍പ്പിച്ചു് മുന്നിലെത്തിയ വിശിഷ്ഠവ്യക്തിയെ ബഹുമാനസൂചകമായു് കാല്‍ കഴുകി സ്വീകരിക്കുന്നു.
04. അര്‍ഘ്യം:
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിനു് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.
05. ആചമനം‍:
ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നതു് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ടു് ചുണ്ടു് നനച്ചു് ഉള്ളം ശുദ്ധിവരുത്തുന്നതു് പോലെ ആഗതനായ ദൈവത്തിനു് ജലം അര്‍പ്പിക്കുന്നു.
06. സ്നാനം:
വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ടു് കുളിപ്പിക്കുന്നു.
07. വസ്ത്രം:
വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.
08. യജ്ഞോപവീതം:
വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.
09. ഗന്ധകം:
അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ചു്, ആഭരണങ്ങളണിയിച്ചു്.
10. പുഷ്പാര്‍ച്ചന:
സ്നേഹഭക്തിമഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ടു് കൊണ്ടു് പുഷ്പമെടുത്തു് ആദ്യം നെഞ്ചോടു് ചേര്‍ത്തു് ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു് ഇവ സ്വീകരിച്ചു് സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു് അഭ്യര്‍ത്ഥിക്കുന്നു.
11. ധൂപം:
സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതു്
12. ദീപം:
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.
13. നൈവേദ്യം:
പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നതു് പോലെ. ശബരി രാമനു് കായു്കനികള്‍ നല്‍കുന്നതു് പോലെ. അതിഥിക്കു് ആദിഥേയന്‍ അന്നം നല്‍കുന്നതു് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.
14. താമ്പൂലം:
ഭക്ഷണം കഴിഞ്ഞാല്‍ അടുത്തതു് ഈശ്വരനു് മുറുക്കാന്‍ കൊടുക്കുന്നു.
15. നീരാജനം:
ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിനു് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതു്.
16. ആത്മപ്രദക്ഷിണം:
സാഷ്ടാംഗപ്രണാമം.
ദൈവത്തിനോടു് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞു് ഈശ്വരനില്‍ ലയിക്കുന്നു.
അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞു് അതു് തുടര്‍ന്നു് പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പൂജയുടെ പൊരുള്‍:
മുകളില്‍ വിവരിച്ച ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുക വഴി എന്നും എപ്പോഴും തന്നില്‍ ഈശ്വരനുണ്ടെന്നു് സങ്കല്പിച്ചു്, പരമാത്മാവുമായി ലയിച്ചു്, താന്‍ സ്വയം ഈശ്വരാംശം ആണെന്നുള്ള തിരിച്ചറിവു് നേടി, സകല ദുഷ്ചിന്തകളും ഉപേക്ഷിച്ചു്, ജീവിതസാക്ഷാല്‍ക്കാരം നേടാന്‍ അതേ ഈശ്വരാംശമുള്ള സഹജീവികളോടു് അവരിലെ ഈശ്വരാംശത്തെ തിരിച്ചറിഞ്ഞു് സന്തോഷപൂര്‍വ്വം സഹവര്‍ത്തിവാനും
സാധിപ്പിക്കണം.
പൂജാകര്‍മ്മങ്ങളിലെ അലങ്കാരച്ചാര്‍ത്തു്, മന്ത്രമണിനാദം, ധൂപം, നൈവേദ്യം, കളഭം എന്നിവയിലൂടെ രൂപം, ശബ്ദം, ഗന്ധം, രസം, സ്പര്‍ശ്ശം എന്നീ മാധ്യമങ്ങള്‍ വഴി പഞ്ചേന്ത്രിയങ്ങളായ കണ്ണു്, കാതു്, മൂക്കു്, നാക്കു്, ത്വക്കു് എന്നിവയെ ഈശ്വരനിലേക്കു് ലയിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചു് തന്നിലെ ഈശ്വരാംശം കണ്ടെത്തുന്ന മാര്‍ഗ്ഗമാണു് പഞ്ചോപചാരങ്ങള്‍.
പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ഹൃദയവിശാലതയും, ശീഘ്രമനസ്സും, ആത്മീയതേജസ്സും, അമൃതും, ക്ഷമാശീലവും സൂചിപ്പിക്കുന്നു.
ബാഹ്യപൂജാകര്‍മ്മപട്ടിക ഒരു മാര്‍ഗ്ഗം ആണെങ്കിലും അതില്‍ നിന്നും അല്പസ്വല്പം വ്യതിചലിക്കില്ലെന്നു ശഠിക്കാതെ മനസ്സറിഞ്ഞു ചെയ്യുന്ന ഭാവപൂജ തന്നെയാണു് ശ്രേഷ്ഠം. എന്നാലേ ഭക്തനു് ഇഷ്ടദൈവവുമായി ഭക്തിപുരസരം ലയിക്കുവാനും കാലക്രമേണ ഭക്തി വളരാനും സ്വയം തിരിച്ചറിയാനും സാധിക്കുകയുള്ളു.
ഒരുക്കം:
പൂജാകര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു് മുന്നോടിയായി പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി സമീപത്തു് വയ്ക്കണം.
ശരീരശുദ്ധി:
ശുദ്ധത ശരീരത്തിനു് ലഭിച്ചാല്‍ മാത്രമേ മനസ്സിനും ശുദ്ധമാകാന്‍ സാധിക്കൂ. ആദ്യമായി സ്നാനം ചെയ്തു് ശുദ്ധവസ്ത്രധാരണവും അതിനൊപ്പം വിഭൂതിയും, ചന്ദനവും, കുങ്കുമവും പൂശി സങ്കല്പത്തിനു മുമ്പായി പ്രാണായാമം ചെയ്യണം. മനസ്സിലെ സകല ദുഷു്ചിന്തകളേയും അകറ്റി നിര്‍ത്തണം.
സങ്കല്പം:
ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥ താല്പര്യത്തോടെ ചെയ്തു തുടങ്ങുന്നതിനു് മുമ്പേ കര്‍മ്മത്തെപ്പറ്റി വിശ്വാസം വേണം എന്നതു് പോലെ തന്നെ പൂജ ചെയ്യുന്നതിനു് മുമ്പായി അതില്‍ വിശ്വാസമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂജ ചെയ്യുന്നതില്‍ സംതൃപ്തി ലഭിക്കൂ. ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടി മനസ്സും, ഹൃദയവും, ആത്മാവും, പഞ്ചേന്ദ്രിയങ്ങളും സജ്ജമാക്കി ഈശ്വരനില്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു് അവിടെ എത്തിപ്പറ്റാനുള്ള വഴിയായ പൂജാകര്‍മ്മങ്ങള്‍ മനസ്സില്‍ ദൃഢനിശ്ചയത്തോടെ ഉറപ്പിച്ചു് താനാണു് കര്‍മ്മിയെന്ന ഉത്തമബോധത്തോടെ പടിപടിയായു് ചെയ്യേണ്ട കര്‍മ്മത്തിലൂടെ ഈശ്വരനിലേക്കു് എത്തി ഈശ്വരനും ഈശ്വരാംശവും ഒന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം.
കലശസ്ഥാപനം:
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെ ധ്യാനിച്ചു്, ചതുര്‍വേദമന്ത്രങ്ങള്‍ ചൊല്ലി, സര്‍വ്വസമുദ്രജലത്തേയും പുണ്യനദീജലത്തെയും കലശത്തിലാക്കി എന്നു് സങ്കല്പിച്ചു്, കലശത്തെ ഗന്ധകം, കുങ്കുമം, പുഷ്പം മുതലായ ഉപയോഗിച്ചു് ശുദ്ധി വരുത്തണം. ആവാഹിച്ചതിനു ശേഷം പുണ്യജലം തളിച്ചു് സര്‍വ്വ പൂജാസാമഗ്രികളും പൂജാകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും സ്വയവും ശുദ്ധി വരുത്തണം. കലശം പൂര്‍ണ്ണതയെയും വിശ്വമാതാവിനേയും സൂചിപ്പിക്കുന്നു.
പൂജാകര്‍മ്മങ്ങള്‍ക്കായി കലശത്തിലേക്കു് പ്രവേശിക്കുന്ന ദേവന്‍ പൂജാകര്‍മ്മസമയം മുഴുവന്‍ അവിടെ തന്നെ നിലകൊള്ളുകയും പൂജ കഴിയുമ്പോള്‍ സ്വന്തം വാസത്തിലേക്കു് മടങ്ങുകയും ചെയ്യുന്നു എന്നാണു് വിശ്വാസം. മൂര്‍ത്തിയുടെ താല്‍ക്കാലിക വാസമായു് വിശ്വസിക്കുന്ന കുംഭത്തിന്റെ ഭാഗങ്ങള്‍ മൂര്‍ത്തിയുടെ ശരീരഭാഗങ്ങളായു് സങ്കല്പിക്കുമ്പോള്‍ കുംഭം ശരീരമായും, ജലം രക്തമായും, നവരത്നങ്ങള്‍ നവസിദ്ധികളായും, ദര്‍ഭകള്‍ രക്തധമനികളായും, നൂലു് ഞരമ്പുകളായും, ശീല ത്വക്കായും, നാളികേരം മുഖമായും, നാളികേരത്തിന്റെ മുകളിലെ കുറ്റിഭാഗം ശിവനായും, മാവില ശിവന്റെ ജഡയായും ആണെന്നു് സങ്കല്പിക്കണം.
വിഗ്രഹാരാധന
മനുഷ്യമനസ്സിനോ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ പരംപൊരുളിനെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാല്‍ അതിനായി അവനു് പല അടയാളങ്ങളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ആദിശബ്ദമായ ഓംകാരധ്വനിയില്‍ നിന്നും ഉടലെടുത്തതത്രേ സ്രഷ്ടിസ്ഥിതിസംഹാരമൂര്‍ത്തികളുടെ രൂപവും ഭാവവും. അവനവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ഉള്ള ഏതോ ഒരു ശക്തിയെ ആരാധിക്കുവാന്‍ വേണ്ടി പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു് മനസ്സിലാക്കാന്‍ സാദ്ധ്യമായ എന്തോ ഒന്നു് ഈശ്വരാരാധനയ്ക്കു് സാധാരണമനുഷ്യനു് ആവശ്യമായി വന്നു. അതിനായി ആരംഭിച്ചതാണു് വിഗ്രഹാരാധന. വാസ്തവത്തില്‍ അവന്‍ ആരാധിക്കുന്നതു് വിഗ്രത്തിലെ ഘടനയായ കല്ലോ, മണ്ണോ, തടിയോ, ലോഹത്തേയോ അല്ല. മറിച്ചു് അതില്‍ അടങ്ങിയിരിക്കുന്നു എന്നു് വിശ്വസിക്കുന്ന ഈശ്വരചൈതന്യത്തെയാണു്. കുടത്തിലെ ദ്രാവകം എന്ന പോലെ വിഗ്രഹം വെറും പാത്രം മാത്രമാണു്. ദ്രാവകത്തിന്റെ രൂപം എന്നതു് പാത്രത്തിന്റെ രൂപവും. മനുഷ്യനു് അവന്റെ ശ്രദ്ധ ഈശ്വരന്‍ എന്ന ഒരു കേന്ദ്രബിന്ദുവില്‍ ചെന്നെത്തിക്കുവാന്‍ വിഗ്രഹാരാധന വഴി സഹായകമാകുന്നു. വിഗ്രഹത്തെ ഭക്തന്‍ സര്‍വ്വവ്യാപിയായ ഈശ്വരശക്തിയായും അതിന്റെ വിശുദ്ധിയായും, പൂര്‍ണ്ണതയായും, സ്വാതന്ത്രതയായും, നിഷ്ക്കളങ്കതയായും, ഭക്തിയായും, സത്യമായും മനസ്സിലാക്കുന്നു. പരമാത്മാവില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അങ്ങിനെയുള്ളവര്‍ക്കു് ആരാധനയ്ക്കു് ഒരു വിഗ്രഹം കൂടിയേ തീരൂ.
വിഗ്രഹം എന്നതു് ഒരു മുദ്രയാണു്.ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അതു് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണു്. അവന്‍ അതിനെ ശാശ്വതപുണ്യമായു് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അതു് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ചു് അതു് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണു് പ്രണമിക്കുന്നതു്. സാധാരണ മനുഷ്യനു് പതാക എന്നതു് പല നിറത്തിലുള്ള ശീല മാത്രമാണു്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോടു് ചേര്‍ത്തു് വയ്ക്കുകയും ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.
വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണു് വിശ്വാസം. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്നു തന്നെയാണു് ബൈബിളും പറയുന്നതു്. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണു് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണു് നയിക്കുന്നതു്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നതു് കൊണ്ടു് അവനു് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നതു് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണു് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ടു്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നതു്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്തു് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്കു് പ്രവേശിച്ചു് അവന്‍ അനുഗ്രഹിക്കപ്പെടുന്നു.
അമ്പലത്തില്‍ ആരതിയ്ക്കു് ഉപയോഗിക്കുന്ന കര്‍പ്പൂരത്തിനു് വായു ശുദ്ധീകരിക്കുവാനുള്ള ശക്തിയുണ്ടു്. അതിന്റെ ഹൃസ്വസ്ഥായിയായ ദീപനാളം മനുഷ്യജീവന്റെ ഹൃസ്വത സൂചിപ്പിക്കുന്നു.
അമ്പലമണിമുഴക്കവും മന്ത്രോച്ചാരണവും കാതിനു കുളിര്‍മ്മ പകരുന്നു.
ദൈവത്തിനു് സമര്‍പ്പിക്കുന്നതു് പുഷ്പമായാലും, ദീപമായാലും, ധൂപമായാലും അവയെല്ലാം ഭക്തന്റെ ഭക്തിയ്ക്കു് തെളിവായു് ദൈവം കാണുന്നു. പുഷ്പം ഭക്തന്റെ സ്നേഹത്തേയും, കര്‍പ്പൂരം അവന്റെ ബഹുമാനത്തേയും, ദീപം ശാന്തതയേയും പ്രതിനിധാനം ചെയ്യുന്നു.
പൂജാകര്‍മ്മങ്ങളെ വെറും ശാരീരികപ്രക്രിയായി മാത്രം കാണാതെ അതിലുള്‍ക്കൊള്ളുന്ന ആശയത്തെ മനസ്സിലാക്കി അതിനെ ഒരു മാധ്യമമായി കണ്ടുകൊണ്ടു് ആരാധന നടത്തേണ്ടിയിരിക്കുന്നു വിണ്ണവനും മാനവനും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുവാന്‍‍.....ഹരി ഓം,,__/|\__

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates