Saturday, June 27, 2015

തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം


ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമാണ്തിരുവില്വാമല ശ്രീരാമക്ഷേത്രം . ഇവിടുത്തെ മുഖ്യപ്രതിഷ്ഠ ശ്രീരാമലക്ഷ്മണന്‍മാരുടേതാണെങ്കിലും മുഖ്യദേവന്‍മാരുടെ സന്നിധാനത്തില്‍ ശ്രീരാമഭക്തഹനുമാനെ പ്രതേ്യക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.
വെള്ളപ്പൊക്കക്കെടുതികളില്‍നിന്നും ഇവിടത്തെ ജനങ്ങളെ രക്ഷിച്ചുപോരുന്നത് ആഞ്ജനേയ സ്വാമിയാണെന്ന് ഇവിടുത്തെ സ്ഥലവാസികള്‍ വിശ്വസിച്ചുപോരുന്നു.
ഒരിക്കല്‍ ഭാരതപ്പുഴയില്‍ വെള്ളം പെരുകിയ സമയത്ത് ആഞ്ജനേയ ഭക്തനായ ഒരു വാര്യരുടെ നാലുവയസ്സു പ്രായമുള്ള ഏകപുത്രന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ഓമനപുത്രന്റെ വേര്‍പാടില്‍ ദുഃഖിതനായ പിതാവ് തന്റെ ആരാധ്യദേവനായ ഹനുമാന്റെ സന്നിധാനത്തില്‍ചെന്ന് തലയിട്ടടിച്ച് കരഞ്ഞു. നട അടയ്ക്കാന്‍ സമയമായിട്ടും വാര്യര്‍ അവിടെനിന്നും മടങ്ങിപോകാന്‍ തയ്യാറായില്ല. അമ്പലവാസികള്‍ ബലാത്ക്കാരമായി വാര്യരെ പിടിച്ചു പുറത്താക്കിയിട്ട് അമ്പനല നടകള്‍ ബന്ധിച്ചു. വാര്യര്‍ ക്ഷേത്രകവാടത്തിന്റെ വെളയില്‍ നിന്ന് പലതും പറഞ്ഞു വിലപിച്ചു. പുത്രദുഃഖത്താല്‍ വിശപ്പും ദാഹവുംപോലും അയാള്‍ മറന്നു. തന്റെ പുത്രനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ ആഞ്ജനേയന്റെ തിരുനടയില്‍ കിടന്ന് ഞാന്‍ ആത്മത്യാഗം ചെയ്യുന്നതാണെന്ന് അയാള്‍ ശപഥം ചെയ്തു. സമയം പാതിരാത്രിയായിരുന്നു. പുറത്ത് ശക്തിയായ മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. കരയും കടലും തിരിച്ചറിയാത്തവിധം വെള്ളപ്പൊക്കമുണ്ടായി. കരഞ്ഞുകരഞ്ഞ് ശേഷി നഷ്ടപ്പെട്ട വാര്യര്‍ അവിടെ തളര്‍ന്നുകിടന്നു. അപ്പോള്‍ ഉണങ്ങിയ ഓലപ്പുറത്ത് വെള്ളത്തുള്ളികള്‍ വീണാലെന്നതുപോലെയുള്ള ശബ്ദംകേട്ട് വാര്യര്‍ തലയുയര്‍ത്തി നോക്കി. അപ്പോഴതാ കറുത്തിരിണ്ടു കുറുകിയ ഗാത്രമുള്ള ഒരാള്‍ തൊപ്പിക്കുടയും ചൂടി പങ്കായവുമായി തന്റെ മുമ്പില്‍ നില്‍ക്കുന്നു. ഈ ആള്‍ ആരാണ്? വാര്യര്‍ അതിശയത്തോടെ നോക്കിക്കൊണ്ട് മിഴിച്ചിരുന്നു. എന്തിനാണ് ഇവിടെ ഒറ്റയ്ക്കിരുന്ന് കരയുന്നത്. കടത്തുകാരന്‍ ചോദിച്ചു. വാര്യര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ദുഃഖം കടത്തുകാരനെ അറിയിച്ചു. തന്റെ പുത്രനെ കൂടാതെ തനിക്ക് ഒരു നിമിഷംപോലും ഇനി ജീവിക്കാനാവില്ലെന്നും ഞാന്‍ ഭക്തിയോടെ ധ്യാനിക്കുന്ന ആഞ്ജനേയന് തന്റെ ജീവന്‍കൂടി എടുത്തോട്ടെ എന്നും മറ്റും പറഞ്ഞുകരഞ്ഞു. ”ആഞ്ജനേയനെ നിങ്ങള്‍ അത്രമാത്രം വിശ്വസിക്കുന്നുണ്ടോ? കടത്തുകാരന്‍ ആശ്ചര്യത്തോടെ ചോദിച്ചു. ”അതേ എന്റെ പുത്രനെ തീര്‍ച്ചയായും ആഞ്ജനേയന്‍ എനിക്കു തിരച്ചു നല്‍കുകതന്നെ ചെയ്യും.” വാര്യരുടെ ഉറച്ച വിശ്വാസത്തില്‍ കടത്തുകാരന് അത്ഭുതം തോന്നി. വഞ്ചിക്കാരന്‍ പറഞ്ഞു:”വെള്ളപ്പൊക്കത്തില്‍ വഴിതെറ്റി എങ്ങനെയോ ഞാനിവിടെ എത്തി. ഒരുകാര്യം ചെയ്യൂ. എന്റെ വള്ളത്തില്‍ കയറൂ നിങ്ങളുടെ പുത്രനെ കണ്ടുപിടിക്കാന്‍ ശ്രമിക്കാം.” അതുകേട്ട് വാര്യര്‍ക്ക് ആശ്വാസം തോന്നി. അയാള്‍ കടത്തുകാരനോടൊപ്പം വള്ളത്തില്‍ കയറിയിരുന്നു. കടത്തുകാരന്‍ കാറ്റും മഴയും വകവയ്ക്കാതെ വഞ്ചി മുന്നോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ അയാളുടെ അധരങ്ങള്‍ ആഞ്ജനേയാ, ആഞ്ജനേയാ എന്നു വിളിച്ച് വിലപിച്ചുകൊണ്ടേയിരുന്നു. കുറച്ചകലെയായി ഗജവീരനു തുല്യം വലിപ്പുള്ള കരിംഭൂതംപോലെയുള്ള പാറ ഉയര്‍ന്നുനില്‍ക്കുന്നതു വാര്യര്‍ കണ്ടു. ആ പാറപ്പുറത്ത് എന്തോ ഒരനക്കം. ഒരു പിഞ്ചു ബാലകന്റെ ചിണുങ്ങിച്ചിണുങ്ങിയുള്ള കരച്ചിലും കേട്ടു. വാര്യര്‍ ചെവിവട്ടം പിടിച്ചു. സംശയമില്ല. അത് തന്റെ കുട്ടിയുടെ കരച്ചില്‍തന്നെ. വാര്യരും പരിഭ്രമത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. ”കുഞ്ഞേ അവിടെ പാറപ്പുറത്ത്? വള്ളം പാറയുടെ സമീപം പാഞ്ഞെത്തി. ആ കരിംപാറയുടെ നെറുകയില്‍ മഴ നനഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്ന പുത്രനെ കണ്ട് വാര്യര്‍ അവിടേയ്ക്ക് എടുത്തുചാടി. വാത്സല്യത്തോടെ പുത്രനെ വാരിയെടുത്ത് മാറിമാറി ചുംബനങ്ങള്‍ നിരത്തി. പിന്നീട് ആഞ്ജനേയാ ആഞ്ജനേയാ എന്നുവിളിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ വാര്യര്‍ ഹനുമാനെ സ്തുതിച്ചു. വഞ്ചിയില്‍ കയറിക്കൊള്ളൂ. കടത്തുകാരന്റെ കനത്ത ശബ്ദം ശ്രവിച്ച് വാര്യര്‍ മകനെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് വള്ളത്തില്‍ കയറി. വാര്യരോട് ഒന്നും ചോദിക്കാതെതന്നെ കടത്തുകാരന്‍ അയാളെ വീട്ടിലെത്തിച്ചു. വീട്ടുകടവില്‍ വഞ്ചി അടുത്തപ്പോള്‍ പുത്രനെയും കൊണ്ട് വാര്യര്‍ ചാടിയിറങ്ങിയിട്ട് വഞ്ചിക്കാരനോട് പറഞ്ഞു: വീട്ടിലേക്ക് വരൂ ഈ നനഞ്ഞ വസ്ത്രങ്ങള്‍ മാറിയിട്ട് അല്പം വിശ്രമിക്കൂ. നന്ദി പുരസ്സരമുള്ള വിളികേട്ട് കടത്തുകാരന്‍ പറഞ്ഞു: ” അയ്യോ! വേണ്ട എനിക്കു പോകാന്‍ തിടുക്കമുണ്ട്. പോകാന്‍ വരട്ടെ, ഞാന്‍ ഇപ്പോള്‍ വരാം. ആശ്രിതവത്സലനായ ആഞ്ജനേയന്‍ നിയോഗിച്ച കാണപ്പെട്ട ദൈവമാണ് അങ്ങ്. അങ്ങയെ വീട്ടിലുള്ളവരെല്ലാം ഒന്നു ദര്‍ശിച്ചുകൊള്ളട്ടെ എന്നുപറഞ്ഞുകൊണ്ട് വാര്യര്‍ വീട്ടില്‍ കിടന്നവരെയെല്ലാം വിളിച്ചുണര്‍ത്തി. അപ്പോള്‍ വാര്യരുടെ മാറില്‍ കിടക്കുന്ന കുഞ്ഞിനെക്കണ്ട് വീട്ടിലുള്ളവരെല്ലാം അത്ഭുതപ്പെട്ടുപോയി. അവര്‍ ഓരോ സംശയം ചോദിച്ചുകൊണ്ടിരുന്നു. സംശയങ്ങള്‍ പിന്നെ തീര്‍ക്കാമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചുകൊണ്ട് വാര്യര്‍ എല്ലാവരെയും പുഴക്കടവിലേക്ക് നയിച്ചു. പക്ഷേ അവിടെ ആരുമുണ്ടായിരുന്നില്ല. വാര്യര്‍ പാരവശ്യത്തോടെ ഹനുമാനെ വിളിച്ചു. അപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും ഭഗവാനെ പളളിയുണര്‍ത്തുന്ന മണിനാദം മുഴങ്ങി. അതിനിടയില്‍ ഇങ്ങനെ ഒരു ശബ്ദവും കേട്ടു. ”ആശ്രിയിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതിനായി നാം ഉണ്ട്.” സകലരും കേള്‍ക്കെ ഉറക്കെ മണി മുഴങ്ങി. ഒപ്പം ഉച്ചത്തില്‍ അമ്പലമണികളും മുഴങ്ങി.
ജന്മഭൂമി:

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates