അമ്മച്ചി പ്ലാവ്' ...........
നെയ്യാറ്റിൻകര ശ്രീ നവനീത കൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ ഉൽപത്തിക്ക് ചരിത്രപ്രസിദ്ധമായൊരു പശ്ചാത്തലമുണ്ട്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ വേണാടിലെ കിരീടാവകാശിയായിരുന്ന കാലം. നാട്ടിൽ അസ്വാസ്ഥ്യവും കലാപവും തലപൊക്കി. സ്വന്തം സ്യാലന്മാർ തന്നെ ഇളയരാജാവിനെതിരെ ഗൂഢാലോചന നടത്തി.
പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നതിനിടയിൽ അദ്ദേഹം നെയ്യാറ്റിൻകരയിലെത്തിച്ചേർന്നു. ശത്രുക്കളും പിന്നാലെയെത്തി. ഒളിക്കാനൊരിടം തേടുന്നതിനിടയിൽ ഭ്രാന്തനെപ്പോലെ അർത്ഥമില്ലാതെ പുലമ്പുകയും പാട്ടുപാടുകയും ചെയ്തു കൊണ്ടുനിന്ന ഒരു ചാന്നാനെ കണ്ടു. അല്പമകലെ നിന്നിരുന്ന വലിയ ഒരു പ്ലാവിനെ ചൂണ്ടിക്കാണിച്ചിട്ട് ഭ്രാന്തൻ സാവധാനം നടന്നുപോയി. യുവരാജാവ് പ്ലാവിൻ ചുവട്ടിൽ ചെന്നെങ്കിലും ഇനിയെന്തു വേണ്ടൂ എന്നറിയാതെ പരിഭ്രമിക്കുന്നതിനിടയിൽ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട ഒരു ബാലൻ ആ വൃക്ഷത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ആരുടെയും ദൃഷ്ടിയിൽപ്പെടാത്തഒരു വലിയ പോടുണ്ടായിരുന്നതു കാട്ടിക്കൊടുത്തു. അടുത്ത നിമിഷം ബാലൻ അപ്രത്യക്ഷനായി. മാർത്താണ്ഡവർമ്മ പോടിനുള്ളിൽ ഒളിച്ചിരുന്ന് ശത്രുക്കളിൽ നിന്ന് രക്ഷനേടി. ഇപ്രകാരം യുവരാജാവിന്റെ ജീവൻ രക്ഷിച്ച വൃക്ഷം 'അമ്മച്ചി പ്ലാവ്' എന്ന പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
0 comments:
Post a Comment