Sunday, June 28, 2015

ഗോവിന്ദൻ

ഇന്ദ്രദേവന് തിരുനാൾ ആഘോഷത്തിനായി അമ്പാടിയിലെ ജനങ്ങൾ തീരുമാനിച്ചു. ഇതു കണ്ണൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങൾ കണ്ണനോട് അഭിപ്രായം ചോദിച്ചപ്പോൾ, "നമ്മെ രക്ഷിക്കുന്നത് ഗോവർദ്ധനഗിരിയാണ്. നിങ്ങൾ അതിന്റെ പേരിൽ ഒരു ഉത്സവം നടത്താതെ ഇന്ദ്രന് തിരുനാൾ ആഘോഷിക്കുന്നത് ആശ്ചര്യമാണ്." എന്ന് തന്റേതായ അഭിപ്രായം പറഞ്ഞു. കണ്ണന്റെ അഭിപ്രായത്തിൽ മറ്റുള്ളവരും യോജിച്ചു. അതനുസരിച്ച് എല്ലാവരും ഗോവർദ്ധനഗിരിയിലേക്ക് ഘോഷയാത്രയായി പോകുവാൻ തീരുമാനിച്ചു. പിന്നീട് അമ്പാടിയിലെ സകലജനങ്ങളും ചേർന്ന് ഒരു നല്ലദിവസം തിരഞ്ഞെടുത്ത് ഉത്സവം ആഘോഷിച്ചു. ഇന്ദ്രനു ചെയ്യേണ്ട പ്രത്യേക പൂജകളെല്ലാം ആ ഗിരിക്കുവേണ്ടി നടത്തി. അമ്പാടിനിവാസികളെല്ലാവരും ഉത്സാഹലഹരിയിൽ തിമിർത്താറാടി.
തനിക്കുചെയ്യേണ്ട പൂജാനടപടികളെല്ലാം വെറും ഒരു പർവ്വതത്തിനു അർപ്പിച്ചതിനാൽ ഇന്ദ്രൻ അത്യധികം കോപിച്ചു. എല്ലാ മേഘങ്ങളെയും ക്ഷണിച്ച് "കഠിനമായി മഴപെയ്യിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കി പശുക്കളെയും അമ്പാടിയിലെ ജനങ്ങളെത്തന്നെയും നശിപ്പിക്കണം." എന്ന് ആജ്ഞാപിച്ചു. ഇന്ദ്രന്റെ കൽപ്പനയനുസരിച്ച് അമ്പാടിയുടെ ആകാശത്ത് മഴമേഘങ്ങൾ ഇരുണ്ടുകൂടി ശക്തമായ മഴ പെയ്യാൻ ആരംഭിച്ചു. കുട്ടികളും മുതിർന്നവരും പക്ഷിമൃഗാദികളും അതീവ വിഷമത്തിലായി. ഇടിമുഴക്കം കേട്ട പശുക്കൾ വിരണ്ടോടി. മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങി. ജലപ്രവാഹം ശക്തമായി.
സാധാരണ ഒരു മഴയല്ല ഇതെന്ന് കണ്ണനു മനസ്സിലായി. ഇന്ദ്രന്റെ മായാജാലമാണെന്ന് കണ്ണൻ ധരിച്ചു. ഇന്ദ്രന്റെ ഗർവ്വ് ശമിപ്പിക്കാൻ ഇതുതന്നെ നല്ല അവസരം എന്ന് ചിന്തിച്ചുകൊണ്ട് അമ്പാടിയിലെ ജനങ്ങളെ മുഴുവനും വിളിച്ചുകൂട്ടി ഗോവർദ്ധനമലയെ തന്റെ കൈകൊണ്ടു പൊക്കിയെടുത്ത് ഒരു വിരൽതുമ്പിൽ താങ്ങിനിർത്തി. എല്ലാവരെയും ഒരുകുടക്കീഴിലെന്നപോലെ മലയുടെ അടിഭാഗത്ത് നിർത്തി. ഇന്ദ്രന്റെ കോപം ശമിച്ചില്ല. കൂടുതൽ മഴ പെയ്യാൻ തുടങ്ങി തന്റെ വിരൽത്തുമ്പിൽ മലയെ താങ്ങി നിർത്തിക്കൊണ്ട് ജനങ്ങളെ ഏഴുദിവസങ്ങളോളം ആ പേമാരിയിൽനിന്നും കണ്ണൻ രക്ഷിച്ചു. ഇന്ദ്രന് തന്റെ തെറ്റ് ബോദ്ധ്യപ്പെട്ടു. "ലോകത്തെ കാക്കുന്ന പരംപൊരുളിനെ താൻ സാധാരണക്കാരനായി കണക്കാക്കിയല്ലോ. എത്ര ക്രൂരകൃത്യങ്ങളാണ് ചെയ്തുകൂട്ടിയത്. കണ്ണൻ എന്നോടു ക്ഷമിക്കുമോ എന്നറിയില്ല." എന്നൊക്കെ ചിന്തിച്ചുകൊണ്ട് കണ്ണന്റെ ചാരത്തെത്തി തന്റെ തെറ്റിന് പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു.
തന്റെ തെറ്റുകളെ ക്ഷമിച്ചതായി കണ്ണൻ പറഞ്ഞപ്പോൾ ഇന്ദ്രനു വളരെ സമാധാനമായി. ദേവലോകത്തുനിന്നും സിംഹാസനം വരുത്തി അതിൽ കണ്ണനെ ഇരുത്തി വിധിയാംവണ്ണം പൂജിച്ചു. ദേവന്മാർ പൂമഴ പെയ്യിച്ചു.
അമ്പാടിയിലെ ജനങ്ങളെയും ഗോക്കളെയും രക്ഷിച്ചതുകൊണ്ട് ദേവന്മാർ കണ്ണനെ "ഗോവിന്ദൻ' എന്ന പേരിലും വിളിച്ചു. എല്ലാവരും കണ്ണനെ സ്തുതിച്ച് അവരവരുടെ വസതികളിലേയ്ക്ക് മടങ്ങിപ്പോയി

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates