Saturday, June 27, 2015

ശക്തിപീഠങ്ങൾ

ആദിശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. ദേവി സതിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.
ഐതിഹ്യം
-------------------
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.
ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.
ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.
എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽനിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.
സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ വീരഭദ്രനെ ദക്ഷ ഭവനത്തിലേക്കയച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് ഛേദിച്ചു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.
ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates