Thursday, February 22, 2024

പഴയന്നൂർ ഭഗവതിക്ഷേത്രം


* പഴയന്നൂർ ഭഗവതിക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦
```തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രം. കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയാണ്‌‍ പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. 

ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കരൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.```

*ഐതിഹ്യം*

```ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു പേര്. തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നാണ് ഭഗവാൻ ഇന്നും അറിയപ്പെടുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ആദ്യം വിഷ്ണുക്ഷേത്രത്തിനടുത്തുള്ള അരയാൽത്തറയിലും പിന്നീട് ക്ഷേത്രത്തിൻറെ തിടപ്പള്ളിയിലും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. 

ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്. ഭഗവതിയ്ക്ക് പ്രാധാന്യം ലഭിച്ചപ്പോൾ സ്ഥലനാമവും 'പുരാണപുരി' എന്നായി. ഇത് മലയാളീകരിച്ചാണ് പഴയന്നൂരായത്.

ഭഗവതി ആദ്യമായി രാജാവിനോടൊപ്പം വന്നത് ഒരു പൂവൻകോഴിയുടെ രൂപത്തിലായിരുന്നുവെന്നാണ് വിശ്വാസം. തന്മൂലമാണ് ക്ഷേത്രത്തിൽ പൂവൻകോഴി വളർത്തൽ പ്രധാന വഴിപാടായി മാറിയത്. പിൽക്കാലത്ത് കൊച്ചി രാജകുടുംബത്തിന്റെ പ്രധാന പരദേവതകളിലൊരാളായി മാറിയ പഴയന്നൂരമ്മയ്ക്ക് കൊച്ചിയ്ക്കടുത്ത് മട്ടാഞ്ചേരിയിലും ക്ഷേത്രം വന്നു. 

ഇത് കൊച്ചി പഴയന്നൂർ ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മട്ടാഞ്ചേരി കൊട്ടാരത്തിനകത്താണ് ഈ ക്ഷേത്രം. പഴയന്നൂരിലേതുപോലെ ഇവിടെയും സമീപം ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്.```

*ക്ഷേത്രനിർമ്മിതി*

*ക്ഷേത്രപരിസരവും മതിലകവും*

```തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് പഴയന്നൂർ ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരി-ആലത്തൂർ റോഡും പഴയന്നൂർ-ലക്കിടി റോഡും യഥാക്രമം ക്ഷേത്രത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. പഴയന്നൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ്, വിവിധ കടകമ്പോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. 

ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻകാവ് റോഡിന്റെ തെക്കുഭാഗത്ത് എളനാട് റോഡിൽ പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണെങ്കിലും തെക്കുഭാഗത്താണ് ക്ഷേത്രകവാടം. ക്ഷേത്രത്തിന്റെ പേര് എഴുതിവച്ച മനോഹരമായ കവാടം ആരെയും ആകർഷിയ്ക്കും. കവാടത്തിന് ഇരുവശവും രണ്ട് കോഴികളുടെ രൂപങ്ങൾ കാണാം. കവാടം കഴിഞ്ഞാൽ പതിവുപോലെ അരയാൽമരം കാണപ്പെടുന്നു. 

പടർന്നുപന്തലിച്ച ഏറെ പഴക്കം ചെന്ന അരയാലാണിത്. 'ഉണ്ണിയാൽ' എന്ന് ഈ ആൽമരം അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ ഈ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ ആൽത്തറയിൽത്തന്നെയാണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം.

പിന്നീട് ഒരു നൂറുമീറ്റർ നടന്നാൽ ക്ഷേത്രഗോപുരത്തിന് മുന്നിലെത്താം. താരതമ്യേന അടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ഗോപുരം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരത്തിന് വലിയ ആനവാതിലുണ്ട്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു ശിവക്ഷേത്രം കാണാം. ഇരവിമംഗലം ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭഗവതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതാണ് ഈ ക്ഷേത്രം. 

കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശിവഭഗവാന് ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. ഇതിന് പുറകിൽ ക്ഷേത്രത്തിലെ പടിഞ്ഞാറേക്കുളം സ്ഥിതിചെയ്യുന്നു. അതിവിശാലമായ കുളമാണ് ഇത്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ചെരുപ്പ്, വഴിപാട് കൗണ്ടറുകളും കിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും സ്ഥിതിചെയ്യുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിൽ തിരുവില്വാമല ഗ്രൂപ്പിൽ പെട്ട ഒരു ദേവസ്വമാണ് പഴയന്നൂർ ദേവസ്വം.

തെക്കേ നടയിലൂടെ അകത്ത് കടന്നാൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. തെക്കുപടിഞ്ഞാറേമൂലയിൽ ഒരു തൂണിൽ ശ്രീഗുരുവായൂരപ്പന്റെ ഒരു ചിത്രം തൂക്കിയിട്ടിട്ടുള്ളത് കാണാം. പഴയന്നൂരിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുരുവായൂർ ക്ഷേത്രത്തെ ഉദ്ദേശിച്ച് പിൽക്കാലത്ത് സ്ഥാപിച്ച ചിത്രമാണിത്. കഷ്ടിച്ച് ഒരേക്കർ വിസ്തീർണ്ണം വരുന്ന ക്ഷേത്രവളപ്പിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് മുല്ലത്തറയും അതിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ട്.

നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ നാഗദൈവപ്രതിഷ്ഠ. വടക്കുഭാഗത്താണ് ക്ഷേത്രത്തിലെ ഊട്ടുപുര സ്ഥിതിചെയ്യുന്നത്. ഇവിടെ നിത്യവും അന്നദാനം നടന്നുവരുന്നു. ക്ഷേത്രപരിസരത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് നാട്ടുകാരുടെ വിശ്വാസം. 

അതിനാൽ എല്ലാവരും ഇതിൽ പങ്കെടുക്കും. ഊട്ടുപുരയ്ക്കപ്പുറത്ത് മറ്റൊരു ക്ഷേത്രക്കുളമുണ്ട്. മറ്റ് ക്ഷേത്രക്കുളങ്ങളുടെയത്ര വലിപ്പം ഇതിനില്ല.

ക്ഷേത്രദർശനവശമായ കിഴക്കുഭാഗത്ത് സ്ഥലം വളരെക്കുറവാണ്. ഇവിടെ ഭഗവദ്വാഹനമായ ഗരുഡനെയും ദേവീവാഹനമായ സിംഹത്തെയും ശിരസ്സിലേറ്റുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങളുണ്ട്. ആദ്യം ചെമ്പുകൊടിമരങ്ങളായിരുന്നു. നവീകരണകലശത്തിനുശേഷമാണ് സ്വർണ്ണക്കൊടിമരങ്ങൾ പ്രതിഷ്ഠിച്ചത്. വിഷ്ണുക്ഷേത്രത്തിന് ബലിക്കൽപ്പുരയുണ്ട്. 

ഇതിന്റെ നേരെ മുന്നിൽ ഒരു മണ്ഡപവും കാണാം. കിഴക്കുഭാഗത്തുതന്നെയാണ് പ്രധാന ക്ഷേത്രക്കുളവും അതിനോടനുബന്ധിച്ചുള്ള കുളപ്പുരയും സ്ഥിതിചെയ്യുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെയും ഭഗവതിയുടെയും ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്.

ഭഗവതിയുടെ നടയുടെ തൊട്ടടുത്തായി ഒരു കൂത്തമ്പലം പണിതിട്ടുണ്ട്. ഉത്സവക്കാലങ്ങളിൽ ഇവിടെ കൂത്ത് നടത്താറുണ്ട്. നങ്ങ്യാർക്കൂത്താണ് ക്ഷേത്രത്തിൽ നടത്തിവരുന്നത്. ഉത്സവക്കാലത്ത് കളമെഴുത്തും പാട്ടും നടത്തുന്നതും ഇവിടെത്തന്നെയാണ്. ഇത് ഭദ്രകാളീസാന്നിദ്ധ്യം കാണിയ്ക്കുന്നു. അടുത്തുള്ള വേട്ടേയ്ക്കരൻ ക്ഷേത്രത്തിൽ നിന്ന് വേട്ടേയ്ക്കരന്റെ പള്ളിവാൾ എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നതും ഇവിടെത്തന്നെ. 

അതിനാൽ, സർവ്വദേവതാസാന്നിദ്ധ്യം ഇവിടെ കാണാം. ക്ഷേത്രവളപ്പിലും പരിസരത്തുമെല്ലാം നിരവധി കോഴികളെ കാണാം. ക്ഷേത്രശ്രീകോവിലിലും നാലമ്പലത്തിലും മുല്ലത്തറയിലും പുറത്തെ ഇടവഴികളിലുമെല്ലാം ഇവ സ്വൈരവിഹാരം നടത്തുന്നു. ഇവയ്ക്ക് അന്നം നൽകുന്നത് പ്രധാനവഴിപാടായി കണ്ടുവരുന്നു.```

*നിത്യപൂജകളും തന്ത്രവും*

```നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് പഴയന്നൂർ ഭഗവതിക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തുന്നു. തുടർന്ന് അഞ്ചരയോടെ ഉഷഃപൂജയും സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. 

രാവിലെ ഏഴുമണിയ്ക്ക് ഉഷഃശീവേലിയാണ്. എട്ടുമണിയ്ക്ക് പന്തീരടിപൂജയും തുടർന്ന് പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നിറമാല, നവരാത്രി, തൃക്കാർത്തിക, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസം പതിനെട്ട് പൂജകളുണ്ടാകും.

പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് ഭട്ടതിരിമാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം ബോർഡ് നിയമനമാണ്.```

*കൊടുങ്ങല്ലൂർ ഭഗവതിയും പഴയന്നൂർ ഭഗവതിയും*

```പഴയന്നൂർ ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് ഐതിഹ്യം. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ ഉപാസനാമൂർത്തിയാണ് കൊടുങ്ങല്ലൂരമ്മ. പെരുമ്പടപ്പ് രാജവംശം പഴയന്നൂരമ്മയെയാണ് ഉപാസന മൂർത്തിയായി സ്വീകരിച്ചത്.

പഴയന്നൂരമ്മയുടെ പ്രതിഷ്ഠ അക്കാലത്തെ കൊടുങ്ങല്ലൂർ രാജാവുമായി മത്സരിച്ച് നടത്തിയതാണെന്ന് ഒരു വാദം ഉണ്ട്. കൊടുങ്ങല്ലൂരിൽ ശൈവശാക്തേയ സങ്കല്പത്തിൽ ശിവനും ഭദ്രകാളിയുമാണ് പ്രതിഷ്ഠകൾ. 

എന്നാൽ പഴയന്നൂരിൽ വിഷ്ണുവും ദുർഗ്ഗയുമാണ് പ്രതിഷ്ഠകൾ. പഴയന്നൂർ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ മീനഭരണി ഉത്സവത്തിന് ആരും പോകരുതെന്ന് വിലക്കുണ്ട്. കൊടുങ്ങല്ലൂരിൽ കോഴി വെട്ടായിരുന്നുവെങ്കിൽ ഇവിടെ കോഴി വളർത്തലാണ്.```


➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates