Thursday, February 1, 2024

കുമാരനല്ലൂർ ഭഗവതീക്ഷേത്രം



*കുമാരനല്ലൂർ ഭഗവതീക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦
```കേരളത്തിന്റെ കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ പടിഞ്ഞാറേക്കരയിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പരാശക്തിക്ഷേത്രമാണ് കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കാർത്ത്യായനീ ഭാവത്തിലുള്ള ദുർഗ്ഗാഭഗവതിയാണ്. എന്നാൽ, മധുര മീനാക്ഷീ സങ്കല്പത്തിലാണ് പ്രതിഷ്ഠ.

 "കുമാരനല്ലൂരമ്മ" എന്ന് ഇവിടത്തെ ഭഗവതി അറിയപ്പെടുന്നു. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിനു 2400 വർഷത്തിൽ പരം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ ക്ഷേത്രം ചേരമാൻ പെരുമാളുടെ കാലത്തേ നിർമ്മിച്ചിട്ടുള്ളൂവെന്നും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ പഴക്കവും, ചുവർചിത്രങ്ങളും, ഐതിഹ്യങ്ങളിൽ ഉള്ള പരാമർശങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. 

വൃശ്ചികമാസത്തിലെ രോഹിണി ആറാട്ടായുള്ള കൊടിയേറ്റുത്സവവും അതിനിടയിൽ വരുന്ന തൃക്കാർത്തികയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, മീനമാസത്തിലെ പൂരം നാൾ എന്നിവയും വിശേഷങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.```

*ഐതിഹ്യം*

```കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണമായി പറയപ്പെടുന്നത്. അതിങ്ങനെ:

ഒരിയ്ക്കൽ, മധുര മീനാക്ഷി ക്ഷേത്രത്തിൽ ദേവിയ്ക്ക് ചാർത്തിയിരുന്ന മൂക്കുത്തി മോഷണം പോയി. എങ്ങനെയാണ് അത് പോയതെന്ന് ആർക്കും മനസ്സിലായില്ല. വിവരം അന്ന് മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവിന് വിവരം കിട്ടിയപ്പോൾ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. പല സ്ഥലങ്ങളിലായി അന്വേഷിച്ചിട്ടും മൂക്കുത്തി തിരിച്ചുകിട്ടിയില്ല. ഒടുവിൽ, ക്ഷേത്രത്തിലെ ശാന്തിക്കാരനറിയാതെ മൂക്കുത്തി പോകില്ലെന്ന് രാജാവ് തീർച്ചപ്പെടുത്തി. 

യഥാർത്ഥത്തിൽ ശാന്തിക്കാരൻ നിരപരാധിയായിരുന്നു. എങ്ങനെ മൂക്കുത്തി പോയെന്ന് അദ്ദേഹത്തിനും വിവരമുണ്ടായിരുന്നില്ല. എന്നാൽ, ഇതൊന്നും മനസ്സിലാക്കാതെ രാജാവ് ശാന്തിക്കാരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തുടങ്ങി. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നെങ്കിലും എങ്ങനെ പോയെന്ന് പറയാൻ ശാന്തിക്കാരന് കഴിയുന്നുണ്ടായിരുന്നില്ല. അവസാനം നാല്പതുദിവസത്തിനകം മൂക്കുത്തിയുമായി തിരിച്ചുവരണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരനെ തലയറുത്തുകൊല്ലുമെന്നും രാജാവ് ഉത്തരവിട്ടു. 

വ്യസനത്തോടെ ശാന്തിക്കാരൻ കൊട്ടാരം വിട്ടു. മൂക്കുത്തിയ്ക്കായി അദ്ദേഹം പല സ്ഥലത്തായി അലഞ്ഞുതിരിഞ്ഞുനടന്നെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ മുപ്പത്തൊമ്പതാം ദിവസമായി. പിറ്റേദിവസം തന്റെ തലപോകുമല്ലോ എന്നാലോചിച്ച ശാന്തിക്കാരൻ, അതീവദുഃഖിതനായി അന്നത്തെ ദിവസം കഴിച്ചുകൂട്ടി. അന്നുരാത്രി അദ്ദേഹം ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് ഒരു സ്വപ്നദർശനമുണ്ടായി. അതീവസുന്ദരിയായ ഒരു യുവതി തന്റെയടുത്തുവന്ന് ഇനിയവിടെ താമസിച്ചാൽ ആപത്താണെന്നും അപ്പോൾ കാവൽക്കാരെല്ലാം ഉറക്കമായതിനാൽ വല്ല ദിക്കിലും പോയി രക്ഷപ്പെടാമെന്നും പറയുന്നതായിട്ടായിരുന്നു സ്വപ്നദർശനം. 

കണ്ണുതുറന്നുനോക്കിയപ്പോൾ ശാന്തിക്കാരൻ ആരെയും കണ്ടില്ല. ഇത് സാക്ഷാൽ ജഗദംബികയുടെ അരുളപ്പാടാണെന്ന് വിചാരിച്ച അദ്ദേഹം ഉടനെ അവിടെനിന്ന് പുറത്തിറങ്ങി ഓടാൻ തുടങ്ങി. ആ സമയത്ത്, സ്വപ്നത്തിൽ വന്ന യുവതി വീണ്ടും അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനാകുകയും, താനും കൂടെ വരികയാണെന്ന് അറിയിയ്ക്കുകയും ചെയ്തു. തുടർന്ന് അവർ ശാന്തിക്കാരന്റെ മുന്നിലായി ഓടിത്തുടങ്ങി. അന്ന് അമാവാസിയായിരുന്നെങ്കിലും അവരുടെ ശരീരശോഭയും ധരിച്ചിരുന്ന ആഭരണങ്ങളുടെ പ്രകാശവും കാരണം ശാന്തിക്കാരന് വഴി വ്യക്തമായി കാണാൻ കഴിയുമായിരുന്നു. 

കുറച്ചുദൂരം ചെന്നപ്പോൾ ആ സ്ത്രീ അപ്രത്യക്ഷയായി. അപ്പോൾ വഴി പൂർണ്ണമായും ഇരുട്ടിലായി. ശാന്തിക്കാരൻ എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞ് വഴിയിലൊരിടത്തെത്തി. രാജാവിന്റെ ഭടന്മാർ വന്ന് തന്നെ പിന്തുടർന്ന് വരാൻ സാധ്യതയുണ്ടെന്നതിനാൽ ഭയമുണ്ടായിരുന്നെങ്കിലും വിശ്രമിയ്ക്കാതെ നിവൃത്തിയില്ലെന്ന് തോന്നിയ അദ്ദേഹം ആ സമയത്ത് പെട്ടെന്നുണ്ടായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു വഴിയമ്പലം കണ്ടെത്തുകയും തോളത്തുണ്ടായിരുന്ന രണ്ടാം മുണ്ട് വിരിച്ചശേഷം അവിടെ കിടന്നുറങ്ങുകയും ചെയ്തു.

അക്കാലത്ത് ചേരദേശം വാണിരുന്ന ചേരമാൻ പെരുമാൾ, ഇന്നത്തെ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തുള്ള ഉദയനാപുരത്ത് ഭഗവതിയ്ക്കും കുമാരനല്ലൂർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്ത് (അന്ന് കുമാരപുരം) സുബ്രഹ്മണ്യന്നും ക്ഷേത്രങ്ങൾ പണിയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. നേരത്തെ പറഞ്ഞ വഴിയമ്പലത്തിൽ കിടന്നുറങ്ങിയ ശാന്തിക്കാരൻ പിറ്റേന്ന് ഉണർന്നത് കുമാരപുരത്ത് പണിനടന്നുകൊണ്ടിരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലാണ്! അത്ഭുതത്തോടെ അദ്ദേഹം ചുറ്റും നോക്കിയപ്പോൾ ശ്രീകോവിലിലെ പീഠത്തിൽ താൻ പൂജിച്ചിരുന്ന സാക്ഷാൽ മധുര മീനാക്ഷിയെ അദ്ദേഹത്തിന് കാണാനിടയായി. 

തന്നെ പിന്തുടർന്നുവന്ന സുന്ദരി, സാക്ഷാൽ ജഗന്മാതാവാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ചു. തുടർന്ന് അദ്ദേഹം അവിടെക്കൂടിയിരുന്നവരോടെല്ലാം മധുര മീനാക്ഷി ശ്രീലകത്ത് കുടികൊണ്ടെന്നും കുമാരനല്ല ഊരിലെന്നും വിളിച്ചുപറഞ്ഞു. നാട്ടുകാർ ഒന്നൊന്നായി ഓടിക്കൂടി നോക്കിയപ്പോൾ അവർക്ക് ശ്രീലകത്ത് ആരെയും കാണാനുണ്ടായിരുന്നില്ല. ഭക്തോത്തമനും ശുദ്ധഹൃദയനുമായ ആ ശാന്തിക്കാരന് മാത്രമാണ് ദേവിയെ കാണാനുണ്ടായിരുന്നത്. ശാന്തിക്കാരന്റെ വാക്കുകൾ കേട്ട നാട്ടുകാർ അദ്ദേഹത്തിന് ഭ്രാന്താണെന്ന് സംശയിച്ച് അദ്ദേഹത്തെ മർദ്ദിച്ചു. 

വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ ചേരമാൻ പെരുമാൾക്കും ശ്രീലകത്ത് ആരെയും കാണാനുണ്ടായിരുന്നില്ല. ശാന്തിക്കാരൻ തന്നെ തൊട്ടുകൊണ്ട് നോക്കാൻ പെരുമാളോട് ആവശ്യപ്പെടുകയും അദ്ദേഹം തൻപ്രകാരം ചെയ്യുകയും ചെയ്തപ്പോൾ അദ്ദേഹത്തിനും ശ്രീലകത്ത് ഭഗവതിയെ കാണാനിടയായി. ഇതെങ്ങനെ സംഭവിച്ചെന്ന് പെരുമാൾ ചോദിച്ചപ്പോൾ തനിയ്ക്ക് നേരിട്ട അനുഭവങ്ങളെല്ലാം ശാന്തിക്കാരൻ അദ്ദേഹത്തെ അറിയിച്ചു. 

സംഭവങ്ങൾ കേട്ട പെരുമാൾ അത്ഭുതാവഹനായെങ്കിലും ദേവിയ്ക്ക് താൻ യാതൊന്നും കൊടുക്കില്ലെന്നും ദേവീപ്രതിഷ്ഠയ്ക്ക് നിർദ്ദേശിച്ച ഉദയനാപുരത്ത് താൻ സുബ്രഹ്മണ്യനെ പ്രതിഷ്ഠിയ്ക്കാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. ഉടനെ പെരുമാൾ ഉദയനാപുരത്തേയ്ക്ക് പുറപ്പെട്ടു.

ഉദയനാപുരത്തേയ്ക്ക് പോകുന്ന വഴിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ അതികഠിനമായ മൂടൽമഞ്ഞുണ്ടാകുകയും പെരുമാൾക്കും സേവകർക്കും കണ്ണുകാണാതാകുകയും അവർ വഴിതെറ്റി അലയാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന്റെ ഒരു സേവകൻ, ഇത് ദേവീകോപം മൂലമാണെന്നും അതിനാൽ ദേവിയെ പ്രീതിപ്പെടുത്താൻ കർമ്മം നടത്തണമെന്നും അദ്ദേഹത്തോട് പറഞ്ഞു. ദേവിയ്ക്ക് ശക്തിയുണ്ടെങ്കിൽ അവിടെ കൂടിയിരിയ്ക്കുന്ന മഞ്ഞുമുഴുവൻ മാറിപ്പോകട്ടെ എന്നായിരുന്നു പെരുമാളുടെ മറുപടി. 

ഉടനെ മഞ്ഞുമുഴുവൻ മാറിപ്പോയി. ആ സ്ഥലം തന്മൂലം 'മഞ്ഞൂർ' എന്നും പിന്നീട് അത് ലോപിച്ച് 'മാഞ്ഞൂർ' എന്നും അറിയപ്പെട്ടു. ഒരുപാടുകാലം മാഞ്ഞൂർ ദേശം കുമാരനല്ലൂർ ദേവസ്വം വകയായിരുന്നു. തുടർന്ന് ദേവീക്ഷേത്രത്തിൽ തിരിച്ചെത്തിയ അദ്ദേഹം, അവിടെ പ്രതിഷ്ഠയ്ക്ക് വച്ചിരുന്ന സുബ്രഹ്മണ്യവിഗ്രഹം ഉദയനാപുരത്തേയ്ക്ക് കൊണ്ടുപോകാൻ ഉത്തരവിടുകയും, നിശ്ചിതമുഹൂർത്തത്തിൽ തന്നെ അവിടെ പ്രതിഷ്ഠിയ്ക്കുകയും തുടർന്ന്, ഉദയനാപുരത്ത് പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചിരുന്ന ദേവീവിഗ്രഹം അപ്പോഴേയ്ക്കും 'കുമാരനല്ലൂർ' എന്ന് പേരുമാറിക്കഴിഞ്ഞിരുന്ന സ്ഥലത്തെത്തിയ്ക്കുകയും ചെയ്തു
എന്നാൽ, ആ ദേവീവിഗ്രഹം ഉടനെ വന്നുചേരില്ലെന്ന് അധികം കഴിയും മുമ്പേ പെരുമാൾക്ക് ഒരു അറിവുകിട്ടുകയുണ്ടായി. പുതിയ വിഗ്രഹം ഉണ്ടാക്കാൻ ദിവസങ്ങൾ തികയില്ല. പ്രതിഷ്ഠയ്ക്ക് ഉചിതമായ ഒരു മുഹൂർത്തം ഇനിയുണ്ടാകാനും പാട്. ദുഃഖിതനായ അദ്ദേഹം, താൻ മഞ്ഞുകൊണ്ടതെല്ലാം വെറുതെയായല്ലോ എന്നാലോചിച്ച് കിടന്നുറങ്ങി. ആ സമയത്ത് അദ്ദേഹത്തിന് ദേവിയുടെ ഒരു സ്വപ്നദർശനമുണ്ടായി. 

നിലവിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹത്തെക്കാൾ ഉചിതമായ ഒരു വിഗ്രഹം, കുമാരനല്ലൂരിൽ നിന്ന് അല്പം വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന 'വേദഗിരി' എന്ന സ്ഥലത്തെ ഒരു മലയിൽ ഒരു കിണറ്റിൽ കിടപ്പുണ്ടെന്നും അതുകൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയാൽ മതിയെന്നും ദേവി സ്വപ്നത്തിൽ അരുളി. കണ്ണുതുറന്നുനോക്കിയപ്പോൾ പെരുമാൾ ആരെയും കണ്ടില്ല. എങ്കിലും, ഇത് സത്യമാണോ എന്നറിയാൻ പെരുമാൾ ഏതാനും സേവകരോടൊപ്പം വേദഗിരിയിലെത്തി. അവിടം മുഴുവൻ കാടുപിടിച്ചുകിടക്കുകയായിരുന്നു. 

ആ കാടെല്ലാം വെട്ടിത്തെളിച്ചുനോക്കിയപ്പോൾ അവിടെ ഒരു കിണർ കാണാനിടയായി. പെരുമാളുടെ സേവകരിലൊരാൾ അതിലിറങ്ങിത്തപ്പിയപ്പോൾ അഞ്ജനശിലയിൽ തീർത്തതും ലക്ഷണമൊത്തതും കേടുപാടുകളൊന്നുമില്ലാത്തതുമായ ഒരു ദേവീവിഗ്രഹം കണ്ടുകിട്ടി. ചതുർബാഹുക്കളോടുകൂടി, കൈകളിൽ ശംഖും ചക്രവും വരദകടീബദ്ധമുദ്രകളും ധരിച്ച രൂപത്തിലുള്ളതായിരുന്നു ആ വിഗ്രഹം. 

തുടർന്ന് ആഘോഷപൂർവ്വം വിഗ്രഹം കുമാരനല്ലൂരിലെത്തിയ്ക്കുകയും നിശ്ചിതമുഹൂർത്തത്തിൽ തന്നെ ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് അവിടത്തെ നിത്യനിദാനം, ആട്ടവിശേഷങ്ങൾ തുടങ്ങിയവയും നിശ്ചയിച്ച പെരുമാൾ, ക്ഷേത്രം നാട്ടുകാരായ നമ്പൂതിരിമാരെ ഏല്പിയ്ക്കുകയും മധുരയിൽ നിന്നുവന്ന ശാന്തിക്കാരനെ ക്ഷേത്രത്തിലെ ശാന്തിക്കാരനാക്കുകയും ചെയ്തു. 

ആ ശാന്തിക്കാരന്റെ കുടുംബത്തിനാണ് ഇപ്പോഴും ക്ഷേത്രത്തിൽ പൂജാധികാരം. മധുരയിൽ നിന്ന് വന്ന ശാന്തിക്കാരന്റെ പിന്മുറക്കാരായതിനാൽ ആ കുടുംബം 'മധുര ഇല്ലം' എന്നറിയപ്പെടുന്നു.```

*ശ്രീകോവിൽ*

```രണ്ടുനിലകളോടുകൂടിയ ഭീമാകാരമായ വട്ടശ്രീകോവിലാണ് കുമാരനല്ലൂർ ക്ഷേത്രത്തിലുള്ളത്. ദേവിയുടെ ആയുധമായ ശ്രീചക്രത്തിന്റെ രൂപമാണ് ഇതിനുള്ളതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സാധാരണയായി ദേവീക്ഷേത്രങ്ങളിൽ വട്ടശ്രീകോവിൽ അപൂർവ്വമാണ്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഇരുന്നൂറടി ചുറ്റളവുണ്ടാകും. ഇരുനിലകളും ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. 

ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന ചതുർബാഹുവായ ദേവീവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതിവിശിഷ്ടമായ അഞ്ജനശിലയിൽ തീർത്തതാണ് ഈ മനോഹരവിഗ്രഹം. വാസ്തവത്തിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹമെങ്കിലും ആടയാഭരണങ്ങളും മറ്റും ചാർത്തിക്കാണുമ്പോൾ ഇരിയ്ക്കുന്ന രൂപത്തിലാണെന്ന് തെറ്റിദ്ധരിയ്ക്കപ്പെടുന്നുണ്ട്. 

ചതുർബാഹുവായ ദേവിയുടെ പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ദേവി, മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുകയാണ്. ത്രിമൂർത്തികൾ ദേവിയെ സ്തുതിയ്ക്കുന്ന സമയത്തുള്ള ഭാവമാണ് ഇവിടെ പ്രതിഷ്ഠയ്ക്കെന്ന് പറയപ്പെടുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് സാക്ഷാൽ ജഗദംബിക, കുമാരനല്ലൂരമ്മയായി വാഴുന്നു..

ശ്രീകോവിൽ, അതിമനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ്. പണ്ടുകാലത്ത് പല ഫലമൂലാദികളുടെയും ചാറുകൾ കൊണ്ട് വരച്ചുചേർക്കപ്പെട്ടവയാണ് ഇവിടെയുള്ള ചുവർച്ചിത്രങ്ങൾ. അവയിൽ പലതിലും പുതിയ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിലും പൂർണ്ണമായി അവ ഉൾക്കൊള്ളാൻ ഈ ചിത്രങ്ങൾക്കായിട്ടില്ല. കുമാരനല്ലൂരമ്മയുടെ തന്നെ ഒരു ചുവർച്ചിത്രം അവയിൽ ഏറ്റവും ശ്രദ്ധേയമാണ്. 

കൂടാതെ ഗണപതി, സരസ്വതി, ദക്ഷിണാമൂർത്തി, നടരാജൻ, ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണൻ, പുലിപ്പുറത്ത് പോകുന്ന അയ്യപ്പൻ, ശ്രീരാമ പട്ടാഭിഷേകം, രാമ-രാവണ യുദ്ധം, രാവണന്റെ കൊട്ടാരത്തിലിരിയ്ക്കുന്ന ഹനുമാൻ, ഗജേന്ദ്രമോക്ഷം, സപ്തർഷികൾ, ശക്തിപഞ്ചാക്ഷരി (ശിവൻ കുടുംബസമേതനായുള്ള സങ്കല്പം), ശങ്കരനാരായണൻ, അർദ്ധനാരീശ്വരൻ തുടങ്ങിയവയും ഈ ചുവരുകളെ അലംകൃതമാക്കുന്ന ചിത്രങ്ങളിൽ പെടും. ദാരുശില്പങ്ങളിൽ വിവിധ ദേവതാരൂപങ്ങളും മഹർഷിരൂപങ്ങളും മൃഗരൂപങ്ങളും കാണാം. വടക്കുവശത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് വ്യാളീമുഖത്തോടെ നിർമ്മിച്ചിട്ടുണ്ട്. ഇതും ശ്രദ്ധേയമാണ്.```

*നാലമ്പലം*

```ശ്രീകോവിലിന്റെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടെ നാലമ്പലം. നാലമ്പലത്തിനകത്തേയ്ക്ക് കടക്കുന്ന വഴിയുടെ ഇരുവശങ്ങളിലുമായി വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. ഇവയിൽ തെക്കേ വാതിൽമാടം പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിച്ചുവരുമ്പോൾ വടക്കേ വാതിൽമാടം നാമജപത്തിനാണ് ഉപയോഗിയ്ക്കുന്നത്. 

തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. ശ്രീകോവിലിനുമുന്നിൽ സാമാന്യത്തിലധികം വലുപ്പമുള്ള നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. പതിനാറു കാലുകളുള്ള ഈ മണ്ഡപം ദീർഘചതുരാകൃതിയിലാണ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. ഇവിടെ വച്ചാണ് ഉത്സവത്തിന് കലശപൂജയും മറ്റും നടത്തുന്നത്. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

 മണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേത്തൂണിൽ ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. മണിഭൂഷണൻ എന്നാണ് ഇവിടെ ശാസ്താവ് അറിയപ്പെടുന്നത്. വലതുകൈ മലർത്തിപ്പിടിച്ച് ഇടതുകൈ തുടയോട് ചേർത്തുവച്ചിരിയ്ക്കുന്ന രൂപമാണ് ശാസ്താവിന്. നീരാജനമാണ് ശാസ്താവിന്റെ പ്രധാന വഴിപാട്. 

മണ്ഡപത്തിൽ തന്നെ അഞ്ചുതിരികളോടുകൂടിയ ഒരു വിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. ഇത് ഭദ്രദീപം എന്ന് അറിയപ്പെടുന്നു. ഈ വിളക്ക് ഒരിയ്ക്കലും കെടാറില്ല. ഇതിൽ എണ്ണയൊഴിയ്ക്കുന്നത് പ്രധാന വഴിപാടാണ്.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണികഴിപ്പിച്ചിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ/സോമൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നീ ക്രമത്തിൽ), 

വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പമുള്ള രണ്ട് ബലിക്കല്ലുകളിൽ കിഴക്കുഭാഗത്തേത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പമുള്ള രണ്ട് ബലിക്കല്ലുകളിൽ പടിഞ്ഞാറുഭാഗത്തേത്), ശാസ്താവ് (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനും ഇടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനും ഇടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനും ഇടയിൽ, ശാസ്താവിന് സമീപം), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനും ഇടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനും ഇടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനും ഇടയിൽ) തുടങ്ങിയ മൂർത്തികളെ പ്രതിനിധാനം ചെയ്യുന്ന ചെറിയ ബലിക്കല്ലുകൾ ഇവിടെ കാണാം. 

ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. ഇപ്പോൾ ബലിക്കല്ലുകൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ട്.```

*ക്ഷേത്രത്തിലെ ഉത്സവങ്ങൾ*

*കൊടിയേറ്റുത്സവം, തൃക്കാർത്തിക*

```കുമാരനല്ലൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ രോഹിണി നാളിൽ ആറാട്ട് വരത്തക്ക രീതിയിൽ നടത്തപ്പെടുന്ന കൊടിയേറ്റുത്സവവും, അതിനിടയിൽ വരുന്ന തൃക്കാർത്തികയും. ആറാട്ടിനെക്കാൾ ഇവിടെ വിശേഷം തൃക്കാർത്തികയാണ്.```

കടപ്പാട് : ഓൺലെെൻ (Travelguide)
🛕🪷🛕🪷🛕🪷🛕🪷
➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates