Monday, February 26, 2024

കയ്യിൽ സമയമുണ്ടോ? ... ഗുരുവായൂർക്ക് പോന്നോളൂ. 10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്.

 കയ്യിൽ സമയമുണ്ടോ? ...

ഗുരുവായൂർക്ക് പോന്നോളൂ.

10 ദിവസം ക്ഷേത്രത്തിൽ  ഉത്സവമാണ്.



കണ്ണനെ കാണാം, കാഴ്ചശീവേലി കാണാം, അമർന്ന മേളം ആസ്വദിക്കാം..

പുറത്തിറങ്ങിയാൽ കഞ്ഞിയും പുഴുക്കും കഴിക്കാം... പാള പ്ലേറ്റിൽ കുത്തരിക്കഞ്ഞി ചെറുചൂടിൽ... കുത്തിയ പച്ച പ്ലാവില കൊണ്ട് കോരി കുടിക്കാം. ഉപദംശമായി മുതിരയും ഇടിച്ചക്കയും പുഴുക്കുണ്ട്. പപ്പടമൊന്ന് പൊടിക്കാം. നാളികേര പ്പൂളും ശർക്കരയും ഇടയ്ക്കൊന്ന് കടിക്കാം

മുക്തകണ്ഠം കഴിക്കാം.


ഏമ്പക്കം വിട്ട് ഇറങ്ങിയാൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കാം.

അഷ്ടപദി കേൾക്കാം, ആധ്യാത്മിക പ്രഭാഷണം കേൾക്കാം, നാഗസ്വരം ആസ്വദിക്കാം.


പുള്ളുവൻ പാട്ടും നങ്ങ്യാർ കൂത്തും തുള്ളലും ഭരതനാട്യവും വില്ലിന്മേൽ തായമ്പകയും മോഹിനിയാട്ടവും കുത്തിയോട്ടവും കളരിപ്പയറ്റും  ... അങ്ങനെയങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാം .....


വീണ്ടും അകത്തൊന്ന് കയറിയാൽ ശ്രീഭൂതബലി ദർശനത്തിൻ്റെ തിരക്കായി.. ഭാഗ്യമുണ്ടെങ്കിൽ അകത്ത് കടന്ന് തൊഴാം.

ശീവേലി ആനകളെ കണ്ട് നിൽക്കാം-..


പ്രദക്ഷിണമായി കുളത്തിന് കിഴക്ക് ഭാഗത്ത് എത്തിയാൽ 'വൃന്ദാവനം' വേദിയായി. രാധികമാർ, ഗോപികമാർ മുല്ലപ്പൂ ചുറ്റലായി, വീര വീരാട... ചൊല്ലി കുമ്മിയടിക്കുന്നത് കാണാം...

ഈ വേദിയിൽ പുലരും മുതൽ സന്ധ്യവരെ കൈകൊട്ടിക്കളി മാത്രം.

അംഗനമാർ മൗലിയിൽ...

മുക്കുറ്റിയും കമുകിൻ പൂവും ചൂടി തിരക്ക് കൂട്ടുന്നുണ്ടാകും....


നടന്നു നീങ്ങുമ്പോൾ സ്വർണ ധ്വജത്തിൽ ഉത്സവക്കൊടി പാറിക്കളിക്കുന്നത് കാണാം. ഒരു നിമിഷം കണ്ണടച്ച് തൊഴുതോളൂ.


ശ്രദ്ധിച്ചാൽ ചെറുമണിനാദം കേൾക്കാം. സപ്തവർണക്കൊടിയിലെ കുടമണി കാറ്റിലാടുന്ന മന്ത്രസ്വനമാണത്.


നാലു നടകളിലെ അലങ്കാര വൈഭവം കാണാൻ മാത്രമുണ്ട്...

വിശന്നോ, കുറച്ച് കൂടി കഞ്ഞി കുടിച്ചോളൂ...


കലവറയൊന്ന് കാണേണ്ടേ ...

അമ്പമ്പോ ... വമ്പൻ കലവറ

മത്തൻ്റെയും ഇളവൻ്റെയും ഇടിച്ചക്കയുടെയും ചെറുമലകൾ ...

ഒരു ലക്ഷം കിലോ അരിയുടെ,

പതിനായിരം കിലോ പപ്പടത്തിൻ്റെ, 3600 കിലോ ഉപ്പിൻ്റെ സദ്യയും പകർച്ചയുമാണ് പത്തീസം .

2 കോടി 32 ലക്ഷം രൂപയുടെ  അന്നദാനം.


കഷണം നുറുക്കുന്നവർ, വിറകടുക്കുന്നവർ, അരി കഴുകുന്നവർ, ഇല തുടയ്ക്കുന്നവർ കുഞ്ചന് വർണിക്കാവുന്ന രാജസൂയത്തിൻ്റെ അഗ്രശാലയാണിത്.


ഒന്ന് വിശ്രമിച്ചോളൂ. ഇനി കൂത്ത് കാണണോ. കൂത്തമ്പലത്തിൽ ഒരു മണിക്ക് കൂത്ത് തുടങ്ങും.


3.30 ആയി....

കാഴ്ചശീവേലിയും മേളവും തുടങ്ങുകയായി.


മേളം കഴിഞ്ഞാൽ ദീപാരാധന തൊഴാം. കേളിയും മദ്ദളപ്പറ്റും ആസ്വദിക്കാം. പടിഞ്ഞാറു ഭാഗത്ത് പാഠകം കേൾക്കാം. രാമകഥ പറഞ്ഞ് ഒന്നിലേറെ പാഠകക്കാർ....


മണി അഞ്ചായാൽ വൈഷ്ണവം വേദി സജീവമാകും...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളാണ്.

മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി നൃത്തങ്ങൾ കാണാം.


രാത്രിയാൽ ചോറ്, രസ കാളൻ, ഉപ്പിലിട്ടത്, പപ്പടം കൂട്ടി ഊണ് കഴിക്കാം.'


ശ്രീഭൂതബലി എഴുന്നള്ളിച്ചിട്ടുണ്ടാകും. വടക്കെ നടയ്ക്കൽ സ്വർണപഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് കണ്ണൻ എഴുന്നള്ളിയിരിക്കും. മുന്നിൽ ദീപം, ധൂപം, അലങ്കാരം


ഗണപതിക്കയ്യ് കൊട്ടി വച്ച് തായമ്പക തുടങ്ങുകയായി. ഏഴ് ദിവസം.. 3 തായമ്പക വീതം. ...

തുടക്കക്കാരും പരിണത പ്രജ്ഞരും..

ഇത്ര അടുക്കും ചിട്ടയുമായി  ഒരു തായമ്പക ഉത്സവം മറ്റൊരിടത്തും ഉണ്ടാകില്ല.


തായമ്പകയിലെ അത്യാധുനികരുടെ വേഷം കെട്ടും ഗോഷ്ടികളും ഇല്ലാത്ത പ്രതിഭയുടെ തിളക്കമുള്ള തായമ്പക..

മലമക്കാവും പാലക്കാടും കണ്ണൂർ ശൈലികളും കണ്ട് രസിക്കാം.


ചക്രവർത്തിയുടെ ദർബാർ പോലെയാണ് ഇവിടം. കണ്ണൻ കൺമുന്നിലുണ്ട്. പരാതികൾ പരിഭവങ്ങൾ പറയാം. ഉടൻ പരിഹാരമെന്ന് അനുഭവസ്ഥർ .


തായമ്പക കഴിയുമ്പോൾ രാത്രി ഒരു മണിയാകും. കുറച്ച് കൊമ്പ് പറ്റ്, കുഴൽപറ്റ് കേൾക്കാം...


ദാ വിളക്ക് എഴുന്നള്ളിപ്പായി.

മൂന്നാനകൾ നിരന്നു. ചുറ്റുവിളക്കുകൾ തെളിഞ്ഞു. പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാനെ അകത്തേയ്ക്ക് എഴുന്നള്ളിച്ചു. ഓല വായിച്ച്, തൃപ്പുക നടത്തി. കണ്ണന് പള്ളിയുറക്കമായി.


പുറത്തിറങ്ങിയാൽ മൂന്ന് മണിക്ക് നിർമാല്യ ദർശനത്തിന് കാത്തു നിൽക്കുന്നവരുടെ വരി കാണാം. കുളിച്ച് കൂടെ ചേർന്നാൽ നിർമാല്യം മുതൽ അടുത്ത ദിവസത്തെ ഉത്സവം കൂടാം.


നിത്യോത്സവമാണ് ഗുരുവായൂരിൽ. ദിവസം 3 നേരം ആനയെ എഴുന്നള്ളിച്ച് മേളത്തോടെ ശീവേലി. ചുരുങ്ങിയത് 5000 പേർക്കെങ്കിലും  സദ്യ, കുറഞ്ഞത് 20,000 പേരുടെയെങ്കിലും തിരക്ക്.

ഇങ്ങനെ എന്നും ഉത്സവമായാൽ ശരിക്കുള്ള ഉത്സവം എങ്ങനെ തുടങ്ങും.


ഇല്ലായ്മയിൽ നിന്ന് തുടങ്ങാം. കൊടിയേറ്റ ദിവസമായ ഇന്ന് കാലത്ത്  ആന ഇല്ലാതെയാണ് ശീവേലി. വർഷം മുഴുവൻ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രത്തിൽ ഒരു നേരത്തെ സങ്കട ശീവേലി.


ഉച്ചകഴിഞ്ഞാൽ ആനയോട്ടമായി. കൃത്യം മൂന്നിന്. ആനകൾ കൂട്ടത്തോടെ ഓടിയെത്തും. പിന്നെ ഉത്സവ സമൃദ്ധിയാണ്.


രാത്രിയാണ് കൊടിയേറ്റം. കുംഭം പൂയം രാത്രിയുള്ളപ്പോൾ സ്വർണ കൊടിമരത്തിൽ വർണ കൊടി ഉയരും.


ഉത്സവം എത്തി എന്ന അറിയിപ്പായി...


എന്നാൽ പുറപ്പെട്ടോളൂ...

സമയക്കുറവ് പറഞ്ഞ് തിരക്ക് കൂട്ടണ്ട. ഇവിടെ നല്ല തിരക്കാകും.


സമയം നല്ലോണം വേണട്ടോ... വന്നോളൂ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates