Saturday, March 14, 2015

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്‍റെ പത്നിയായി ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്‍റെയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്. അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ' ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്‍റെയും മൃത്യുവിന്‍റെയും സംഹാരത്തിന്‍റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല്‍ എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സത്കര്‍മ്മങ്ങള്‍ സന്പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് "ദക്ഷിണ' എന്ന്. അത് നാം ഒടു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുന്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്‍റെ പുണ്യശക്തി കുടികൊള്ളുന്നു എന്നാണല്ലോ വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുന്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്‍റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്‍റെ കയ്യില്‍ നിന്നും യജമാനന്‍റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കുകയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം പോക്കുവാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം എന്നത് ഒരു അത്ഭുതമായിത്തോന്നാം. എന്നാല്‍ സത്യം അതുതന്നെയാണ്. എന്താണ് ഇങ്ങനെ പറയാന്‍ കാരണം? വാസ്തവത്തില്‍ നമുക്കു വന്ന ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ?

പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു). ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്‍പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്.

വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ്വരൂപവും ലക്ഷ്മി പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു.) ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം . (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുന്പോള്‍ വെറ്റിലത്തുന്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം. ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്.

ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. "ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന്‍ നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം.

ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല . കാരണം ധനം ധക്ഷിണാ സ്വരൂപമാണ്. അതായത് മഹാലക്സ്മി പ്രതീകമാണ്. ഇന്നും ധനത്തിന്‍റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്‍റെ ഫലസ്വരൂപമാണ്. തൊഴിലിന്‍റെ ഫലം ധന രൂപത്തിലല്ലേ ഇന്നു വിരാജിക്കുന്നത്? ധനമുണ്ടെങ്കില്‍ ഏത് തരം സുഖങ്ങളും ലഭിക്കുമല്ലോ! ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന്നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവീകകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു. (അതായത് "ദക്ഷിണ' അഥവാ നല്‍കാന്‍ പാടുള്ളു.). അതു സ്വീകരിക്കാന്‍ മേല്‍പ്പറഞ്ഞവര്‍ക്കേ അധികാരമുള്ളുതാനും.
ആധുനികകാലത്ത് നാം ധര്‍മ്മശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ദാനം കൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ ധനം നല്‍കാറുണ്ട്. ഭിക്ഷാടനം നടത്തുന്നവര്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ പണം നല്‍കരുത്. ഇത് വലിയ തെറ്റാണ്. കാരണം യാതൊരു യാചകനും നമ്മുടെ പുരോഹിതനോ, ഗുരുവോ, മഹാത്മാവോ, അതിഥിയോ അല്ല. അപ്പോള്‍ അവര്‍ക്ക് നാം നമ്മുടെ കര്‍മ്മഫലസ്വരൂപമായ ധനം നല്‍കുവാന്‍ പാടില്ല. ഒന്നുകില്‍ അന്നമോ ഔഷധമോ നല്‍കണം. അല്ലാതെ ധനം നല്‍കുക കൊണ്ട് ഇക്കൂട്ടര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരു പരിവര്‍ത്തനവുമില്ല. ഇപ്രകാരം താങ്കള്‍ ചെയ്ത പാപത്തിന്‍റെ ഫലമായി ലക്സ്മിയെ (ധനത്തെ) അനര്‍ഹസ്ഥലത്ത് "ദക്ഷിണ' കൊടുത്തതുകൊണ്ട്; ആ പണം വിഫലമാകാന്‍ കൂടിയാണ് യാചകന് ലഹരി ഉപയോഗ പ്രേരണ ദൈവം കൊടുക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കുക യാചകര്‍ക്ക് ധനം നല്‍കരുത്. കാരണം ദക്ഷിണ നല്‍കാനല്ല ദാനം നല്‍കാനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദാനം എന്നത് ധനം കൊടുകലല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ? ദാനമായി മുന്‍പറഞ്ഞ പോലെ അന്ന വസ്ത്രാദികള്‍ നല്‍കുക. അപ്രകാരം നല്‍കിയാല്‍ യാചകര്‍ വഴിപിഴക്കുകയുമില്ല. നമുക്ക് പാപവുമില്ല. ഇനി സമര്‍പ്പണം: ദാനം സര്‍വ്വര്‍ക്കും, ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില്‍ യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപെട്ടു എന്നും പറയാവുന്നതിനാല്‍ നാം ഈ വാക്ക് സ്വീകരിക്കും മുന്പെ തന്നെ ഹിത പരിശോധന നടത്തേണ്ടതുണ്ട്. ഈ പദം നമുക്ക് പാലിക്കാവുന്നതാണോ എന്ന്. ചുരുക്കെഴുത്ത്: സമര്‍പ്പണം എന്നത് ലോപിച്ചാണ് സൗകര്യാര്‍ത്ഥം ഇന്നത് പണം ആയത്. ഇന്ന് ദാനവും ദക്ഷിണയും സമര്‍പ്പണവും എല്ലാം പണം തന്നെയാണ്. പണം വാസ്തവത്തില്‍ വെറുമൊരു പടമാണ് (ചിത്രപ്പണിയുള്ള കടലാസ്) അതേ ശുദ്ധമായ കപടം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates