Thursday, March 12, 2015

യാഗങ്ങളിലെ മൃഗബലി

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്.
ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്രന്മാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിതന്മാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവന്മാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്:
'ദേവന്മാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷന്മാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി.
(തുടരും)
---------------------------------------------------------------------------------------
1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4)
2. അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍)
3. അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ
(ശാന്തിപര്‍വ്വം 3.3.7)
4. യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ''
(വായുപുരാണം 57.100.101)
അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യന്മാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്.
ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യ നരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണന്മാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7)
വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (Vedic Age) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേന്മയുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.''
'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9)
ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍.
അഗ്നേ യം യജ്ഞമധ്വരം വിശ്വതഃ പരിഭൂരസി
സ ഇദ് ദേവേഷു ഗച്ഛതി (1.1.4)
(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാന്മാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്.
ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍.
----------------------------------------------------------------------------------
5. തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോ'ജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജന്മാ
പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം)
6. ഏതേ'പിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം)
7. യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍
8. The Vedic Age,pp.348. R.C. Majundar Bharatiya Vidya Bhavan, Bombay
9.Ibid pp. 501
10. അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)
ലേഖകൻ: ആചാര്യ എം ആർ രാജേഷ്‌

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates