Thursday, March 12, 2015

എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ

എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്ന സംശയത്തിന് ഉത്തരം ആഗ്രഹിക്കുന്നവര്‍ ആദ്യം ക്ഷേത്രം എന്താണെന്നും ക്ഷേത്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കണം. ക്ഷേത്രങ്ങള്‍ മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്.
ക്ഷേത്ര മതില്‍കെട്ടു മുതല്‍ ദേവതാവിഗ്രഹം വരെ എല്ലാം മനുഷ്യശരീരത്തിലെ വ്യത്യസ്ഥ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം ഈശ്വരചൈതന്യത്തെ ഭക്തനില്‍ ശാരീരികമായും മാനസികമായും സന്നിവേശിപ്പിക്കലാണ്. പഞ്ചശുദ്ധിയോടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. പൂജാദികള്‍കൊണ്ട് ചൈതന്യവത്താക്കപ്പെട്ട പ്രതിഷ്ഠയ്ക്ക് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ ദേവചൈതന്യം നമ്മില്‍ നിറയുകയും തന്‍റെ ഉള്ളില്‍ പ്രകാശിക്കുന്നത് ഇതേ ചൈതന്യമാണെന്ന തിരിച്ചറിവുണ്ടാവുകയും വേണം. ദേവചൈതന്യത്തിന്‍റെ സുഗമമായ സ്വീകരണത്തിന് തടസ്സമായിട്ടുള്ളതെല്ലാം വര്‍ജ്ജ്യമാണ്. വിസര്‍ജ്ജ്യങ്ങള്‍, മദ്യം, പുകയില, വൃത്തിഹീനമായ വസ്ത്രങ്ങള്‍ മുതലായവ പരിപാവനമെന്ന് കരുതുന്ന ഏതൊരിടത്തും ഒഴിവാക്കുകയെന്നത് സാമാന്യയുക്തി മാത്രമാണല്ലോ.
എന്താണ് ആര്‍ത്തവമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയില്‍ നശിച്ചില്ലാതാകുന്ന അണ്ഡവും, ഗര്‍ഭാശയാന്തര കലകളും, രക്തസ്രാവത്തോടൊപ്പം പുറത്തുപോകുന്ന അവസ്ഥയാണിത്. പുതുജീവന്‍ ഉടലെടുക്കുകയാണെങ്കില്‍ അതിനുവേണ്ട സംരക്ഷണം കൊടുക്കാന്‍ പ്രകൃതിയൊരുക്കിയ രക്തമാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ജീവനെ ആദ്യം നിലനിര്‍ത്തിയത് ആരക്തമാണെന്നതിനാല്‍ പരിപാവനമാണത്. രജസ്വലയായ സ്ത്രീയെ ഹിന്ദുമതം അശുദ്ധയായി കണക്കാക്കുന്നു എന്നത് തെറ്റിദ്ധാരണമാത്രമാണ്. 'രജസാ ശുദ്ധ്യതേ നാരീ' എന്നാണ് ഋഷിവചനം.
എന്നാല്‍ ഏതൊന്നിനും സ്ഥാനഭ്രഷ്ടം സംഭവിച്ചാല്‍ മഹത്വം ഇല്ലാതാകുന്നതുപോലെ , (ഉദാഹരണത്തിന് തലയിലിരിക്കുന്ന മുടി ഭക്ഷണത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥ പോലെ) രക്തവും (ആര്‍ത്തവ രക്തം മാത്രമല്ല) ശരീരത്തിന് പുറത്തുവന്നാല്‍ അത് വിസര്‍ജ്ജ്യം മാത്രമാണ്. മറ്റു വിസര്‍ജ്ജ്യങ്ങള്‍ ഇച്ഛാനുസരണം നിയന്ത്രിയ്ക്കാമെന്നിരിക്കെ ആര്‍ത്തവരക്തം അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നതും അതിന്‍റെയൊരു പ്രത്യേകതയാണ്.
സ്ത്രീയുടെ ആര്‍ത്തവചക്രത്തിന് ചന്ദ്രമാസവുമായി ബന്ധമുണ്ടെന്നും അവളുടെ ശാരീരിക ഊര്‍ജ്ജനില ചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പോലെ ഈ ചക്രത്തില്‍ മാറിക്കൊണ്ടേയിരിക്കുന്നു എന്ന് ആചാര്യന്മാര്‍ പറഞ്ഞതിനെ അന്ധവിശ്വാസമെന്ന് പലരും എഴുതിത്തള്ളും. എന്നാല്‍ ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സായിപ്പിന്‍റെ നാട്ടില്‍ ആര്‍ത്തവക്രമക്കേടുള്ളവര്‍ക്ക് ലൈറ്റ് തെറാപ്പി നടത്തുന്നതെന്നറിയുമ്പോള്‍ ചിലരെങ്കിലു മറിച്ച് ചിന്തിച്ചേക്കാം.
ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ ശാരീരക ഊര്‍ജ്ജനില ഉച്ചസ്ഥായിയിലെത്തുകയും ശരീരം സ്വമേധയാ വിസര്‍ജ്ജ്യത്തെ പുറംതള്ളുകയും ചെയ്യുമത്രേ. ഈ ദിനങ്ങളില്‍ ശരീരോഷ്മാവ് കൂടുന്നു. ഒരുപക്ഷെ ഊര്‍ജ്ജദായകമായ ക്ഷേത്രദര്‍ശനങ്ങളും മന്ത്രോച്ചാരണങ്ങളും പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയയ്ക്ക് വിരുദ്ധമാകുമെന്നതിനാലാവകാം രജസ്വലയായ ദിനങ്ങളില്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ശാസ്ത്രജ്ഞന്മാര്‍കൂടിയായിരുന്ന നമ്മുടെ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചത്.
രജസ്വലയായ ദിനങ്ങളില്‍ തുളസി, കറിവേപ്പ് തുടങ്ങിയ ചെടികളെ സ്പര്‍ശിച്ചാല്‍ ആ ചെടി വാടുന്നതായും കാണുന്നു. ഇത് ഈ ദിനങ്ങളിലെ സ്ത്രീകളുടെ ശരീരോഷ്മാവ് പ്രകൃതിയേയും ചുറ്റുപാടുകളേയും ബാധിക്കുന്നുണ്ട് എന്നതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഇതുകൊണ്ടാണ് ഈ ദിനങ്ങളില്‍ നാലാള് കൂടുന്ന ചടങ്ങുകളിലും, തുളസിത്തറയിലും, കാവിലുമൊന്നും പോകരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീനിഷേധമല്ല. മറിച്ച് കാരുണ്യവതികളായ സ്ത്രീകളുടെ പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും ത്യാഗവുമാണിത്.
പണ്ടുകാലത്ത് മാസത്തിലൊരുദിവസമൊഴിവില്ലാതെ കഠിനാദ്ധ്വാനം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് മൂന്നു-നാലു ദിവസത്തെ വിശ്രമവും ആവശ്യമായിരുന്നു. ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക മാനസീക അസ്വസ്ഥതകളില്‍ തനിച്ചിരിയ്ക്കാന്‍ താത്പര്യമുള്ളതായി ഇക്കാലത്തും പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. ആധുനിക വനിതയ്ക്ക് കഠിനമായ ശാരീരിക അദ്ധ്വാനം പതിവില്ല. എന്ത് ജോലിചെയ്യാനും മെഷിനുകള്‍ വന്നുകഴിഞ്ഞു.
അതുകൊണ്ടുതന്നെ ആര്‍ത്തവദിനങ്ങളില്‍ വിശ്രമം വേണോ എന്നത് അവരവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാവാം.
രജസ്വലയായിരിക്കുന്ന ദിനങ്ങളിലും സ്ത്രീകള്‍ക്ക് കറങ്ങി നടക്കാമെന്നും, ഹൈജമ്പ് ചാടാമെന്നുമൊക്കെ ആധുനിക ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കണ്ടുശീലിച്ച നമ്മള്‍ ഈ സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് മാറിനിന്ന് വിശ്രമം സ്വീകരിക്കുന്നത് ദുരാചാരങ്ങളാണെന്നും വാദിക്കുമ്പോഴും, ഇതൊക്കെ ആചാരമായി അനുഷ്ഠിച്ചിരുന്ന സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ നടുവേദന, യൂട്രസ് ക്യാന്‍സര്‍, മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരിക തുടങ്ങിയ രോഗങ്ങള്‍ നേരിട്ടിരുന്നു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
വ്യക്തിപരമായ കാര്യങ്ങളില്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ മാനിക്കാനും സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്.
ക്ഷേത്ര സങ്കല്പത്തിലും ഈശ്വരചൈതന്യത്തിലും അറിഞ്ഞോ അറിവില്ലെങ്കില്‍ത്തന്നെയോ വിശ്വസിക്കുന്നവരാണ് സാധാരണ ക്ഷേത്രദര്‍ശനം നടത്തുക പതിവ്. ക്ഷേത്രം ഭക്തര്‍ക്കുള്ളതാണ്. ക്ഷേത്ര ഉപാസകര്‍ അവിടുത്തെ ആചാരങ്ങളിലും വിശ്വാസമുള്ളവരായിരിക്കും. അതിന്‍റെ ശാസ്ത്രീയത ബോധ്യപ്പെടുന്നില്ലെങ്കില്‍ അവിടെ നിന്നും വിട്ടുനില്ക്കുന്നതാണ് മാന്യത.
ആചാരത്തെ ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്തത് ആചാരത്തിന്‍റെ തെറ്റാകണമെന്നില്ല, മറിച്ച് അത് ശാസ്ത്രത്തിന്‍റെ പരിമിതിയുമാകാം. തെറ്റാണെന്ന് തെളിയിക്കപ്പെടാനാകാത്ത ഒന്ന് ശരിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates