Saturday, September 28, 2024

തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം


```ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശാസ്താക്ഷേത്രങ്ങളിലൊന്നാണിത്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ് തന്നെയാണെങ്കിലും തുല്യപ്രാധാന്യത്തോടെ സുബ്രഹ്മണ്യസ്വാമിയും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 

ഉപദേവതകളായി ശിവൻ, വിഷ്ണു, ഗണപതി, ദുർഗ്ഗ, ഭദ്രകാളി, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി, യോഗീശ്വരൻ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പിതൃതർപ്പണത്തിന് വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നീണ്ടുനിവർന്നുകിടക്കുന്ന അറബിക്കടലിലാണ് ബലിതർപ്പണം നടത്തുന്നത്. 

വൃശ്ചികമാസത്തിൽ ഉത്രം നാളിൽ ആറാട്ട് വരത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, മീനമാസത്തിലെ പങ്കുനി ഉത്രം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം എന്നിവയും വിശേഷദിവസങ്ങളാണ്. 301-ആം നമ്പർ അയ്യപ്പ സേവാ സംഘമാണ് ക്ഷേത്രഭരണം നടത്തുന്നത്.```

*ഐതിഹ്യം*

```പരശുരാമനാണ് തൃക്കുന്നപ്പുഴ ശാസ്താവിനെ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്നു. അതിനുപുറകിൽ പറയപ്പെടുന്ന കഥ ഇങ്ങനെയാണ്: ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ നിഗ്രഹിച്ച കൊടും പാപത്തിൽ നിന്ന് രക്ഷപ്പെടാൻ പരശുരാമൻ കേരളഭൂമി സൃഷ്ടിയ്ക്കുകയും ആ സ്ഥലം മുഴുവൻ ബ്രാഹ്മണർക്ക് കൊടുക്കുകയും ചെയ്തു. 

ബ്രാഹ്മണരെ 64 ഗ്രാമക്കാരാക്കിത്തിരിച്ച അദ്ദേഹം, അവർക്ക് ആരാധന നടത്താൻ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും ഏതാനും ശാസ്താക്ഷേത്രങ്ങളും (പ്രധാനമായും അഞ്ചെണ്ണം) നിർമ്മിച്ചുകൊടുത്തു. കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നായിരുന്നു, അന്ന് ശ്രീമൂലവാസം എന്ന പേരിൽ അറിയപ്പെട്ട തൃക്കുന്നപ്പുഴ. അവിടെ അദ്ദേഹം കടൽക്കരയിൽ ഒരു ശാസ്താക്ഷേത്രം പ്രതിഷ്ഠിച്ചിരുന്നു. 

അതാണ് ഇന്ന് ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പറയപ്പെടുന്ന സ്ഥലം. കാലാന്തരത്തിൽ, വലിയൊരു കടലാക്രമണത്തിൽ ക്ഷേത്രം തകർന്നുപോകുകയും വിഗ്രഹം കടലിനടിയിലാകുകയും ചെയ്തു. പിന്നീടെന്നോ ഒരിയ്ക്കൽ കടൽ പുറകോട്ട് വലിഞ്ഞപ്പോൾ വിഗ്രഹം കരയ്ക്കടിയുകയും, ഭക്തരായ നാട്ടുകാർ തങ്ങളുടെ ഉടമസ്ഥതയിൽ കൊണ്ടുനടത്തുകയും ചെയ്തു.

ആ സമയത്താണ് അന്ന് കേരളം വാണിരുന്ന ചേരമാൻ പെരുമാൾ ഒരു യാത്രയുടെ ഭാഗമായി ആ വഴി വരാനിടയായത്. യാത്ര ചെയ്തുവരുന്നതിനിടയിൽ വടക്കോട്ടൊഴുകുന്ന ഒരു നദിയിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം വലിയൊരു പൂന്തോട്ടവും അതിന്റെ നടുക്ക് ഒരു കൊന്നമരവും കാണാനിടയായി. 

തുടർന്ന് തന്റെ തോണി നിർത്തിച്ച് അദ്ദേഹം കൊന്നമരച്ചുവട്ടിൽ വിശ്രമിയ്ക്കാൻ പോയി. ആ സമയത്ത് നാട്ടുകാരെല്ലാവരും ചേർന്ന് പെരുമാളെ കാണാൻ വരികയും തങ്ങളുടെ ആഗ്രഹം ഉണർത്തിയ്ക്കുകയും ചെയ്തു. ആവശ്യം മനസ്സിലാക്കിയ പെരുമാൾ, ഉടനെ ശാസ്താവിന് ഒരു ക്ഷേത്രം പണിയാൻ ഉത്തരവിടുകയും പണി തുടങ്ങുകയും ചെയ്തു.

ക്ഷേത്രത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് അന്നുതന്നെ ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ക്ഷേത്രം പണിയാൻ ഉത്തരവായത്. തുടർന്ന് പെരുമാൾ, പണി പൂർത്തിയായ ക്ഷേത്രത്തിൽ ആഘോഷപൂർവ്വം വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയും ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമീകരിയ്ക്കുകയും ചെയ്തു. ക്ഷേത്രമിരുന്ന ശ്രീമൂലവാസം, പിന്നീട് ഈ സംഭവത്തിന്റെ ഓർമ്മയിൽ 'തിരുക്കൊന്നപ്പുഴ' എന്നും പിൽക്കാലത്ത് അത് ലോപിച്ച് 'തൃക്കുന്നപ്പുഴ' എന്നും അറിയപ്പെട്ടുവന്നു.```

*ചരിത്രം*

*ക്ഷേത്രനിർമ്മിതി*

*ക്ഷേത്രപരിസരവും മതിലകവും*

```തൃക്കുന്നപ്പുഴ ഗ്രാമത്തിന്റെ ഒത്ത നടുക്ക്, തിരക്കേറിയ നാൽക്കവലയുടെ പടിഞ്ഞാറുഭാഗത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പടിഞ്ഞാറുഭാഗത്ത് അറബിക്കടൽ നീണ്ടുകിടക്കുന്നു. കടൽക്കരയിൽ ബലിതർപ്പണം നടക്കാറുണ്ട്. കേരളത്തിൽ ബലിക്രിയകൾക്ക് പേരുകേട്ട ഒരു സ്ഥലമാണ് തൃക്കുന്നപ്പുഴ. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കടലിലേയ്ക്ക് നേരിട്ട് ബലിയർപ്പിയ്ക്കാം എന്നാണ് ഇവിടെ വിശേഷം. 

സാധാരണയായി നദികളിലേയ്ക്കാണ് ബലിയർപ്പിയ്ക്കുന്നത്. എല്ലാദിവസവും ഇവിടെ ബലിയിടൽ പതിവാണെങ്കിലും കർക്കടകം, തുലാം, മകരം, കുംഭം എന്നീ മാസങ്ങളിലെ അമാവാസിനാളിൽ ഇവിടെ വൻ തിരക്കുണ്ടാകും. തിരുവല്ലം, തിരുനാവായ, തിരുനെല്ലി, വർക്കല തുടങ്ങിയ സ്ഥലങ്ങൾ പോലെ പിതൃപ്രീതിയ്ക്ക് ഉത്തമമായ സ്ഥലമാണ് തൃക്കുന്നപ്പുഴയും. എന്നാൽ, കടലിനടുത്ത് കടകൾ വളരെ കുറവാണ്. 

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം-കോട്ടപ്പുറം ജലപാത തൃക്കുന്നപ്പുഴ വഴി കടന്നുപോകുന്നുണ്ട്. പമ്പാനദി, അച്ചൻകോവിലാർ, മണിമലയാർ തുടങ്ങിയ നദികളിലെ ജലം ഒരുമിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ ഒരു ബോട്ടിങ് കേന്ദ്രവും കാണാം. ക്ഷേത്രത്തിന് നേരെമുന്നിൽ, പ്രധാനപാതയുടെ സമീപത്തായി ഒരു കാണിയ്ക്കവഞ്ചി കാണാം. തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇത് പതിവാണ്. 

ഇവിടെ കാണിയ്ക്കയിട്ടശേഷമാണ് ഭക്തർ ദർശനത്തിന് പുറപ്പെടുന്നത്. അല്പദൂരം നടക്കുമ്പോൾത്തന്നെ അരയാലും ആര്യവേപ്പും ഒരുമിച്ചുവളരുന്ന തറ കാണാം. വിവാഹം കഴിച്ച മരങ്ങളായാണ് ഇവരെ കണക്കാക്കിവരുന്നത്. അത്യപൂർവമാണ് ഇത്തരത്തിലുള്ള വൃക്ഷസങ്കല്പങ്ങൾ. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അങ്ങനെ, ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി മാറിയ അരയാലിനെ നിത്യവും രാവിലെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.

 ഇതിന് ഇരുവശവുമായി ദേവസ്വം ഓഫീസും ഗവ. സ്കൂളും കാണാം. ഇവയെല്ലാം കണ്ടുകൊണ്ട് ഭക്തർ ക്ഷേത്രത്തിലെ പുറത്തെ ആനക്കൊട്ടിലിലേയ്ക്ക് കയറുന്നു. ആനക്കൊട്ടിലിന് മുകളിലായി ക്ഷേത്രത്തിന്റെ പേരും 'ഓം മഹാശാസ്ത്രേ നമഃ', 'ഓം സ്കന്ദായ നമഃ' എന്നീ നാമങ്ങളും എഴുതിച്ചേർത്ത ഒരു വലിയ ഫലകം കാണാം. വൈദ്യുതാലങ്കാരത്തോടുകൂടിയ ഫലകമാണ് ഇത്. ഇതിന് മുകളിലായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരുടെ രൂപങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പുറത്തുള്ള ഈ ആനക്കൊട്ടിലിൽ വച്ചാണ് വിവാഹം, ചോറൂൺ തുടങ്ങിയവ നടത്തുന്നത്. 24 തൂണുകളാണ് ഇതിനെ താങ്ങിനിർത്തുന്നത്. തുടർന്ന് കിഴക്കേ ഗോപുരം വരെയെത്തുമ്പോൾ വടക്കുഭാഗത്ത് പൂജാസാധനങ്ങൾ വിൽക്കുന്ന ചെറിയ കടകളും തെക്കുഭാഗത്ത് ദേവസ്വം വക ഒരു സത്രവും പണിതിട്ടുണ്ട്. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരത്തിന് വലിയ ആനവാതിലുണ്ട്. മരം കൊണ്ടുനിർമ്മിച്ച് ഈ വാതിൽ അതിമനോഹരമായ ഒരു കാഴ്ചയാണ്. ഗോപുരത്തോടുചേർന്നാണ് ക്ഷേത്രം സ്റ്റേജും പണിതിരിയ്ക്കുന്നത്. വിശേഷദിവസങ്ങളിൽ ഇവിടെ പരിപാടികൾ നടക്കുന്നു.

തെക്കുപടിഞ്ഞാറേമൂലയിൽ അല്പം മാറി ഒരു സ്ഥലത്ത് ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന ഒരു സ്ഥലം കാണാം. തെങ്ങ്, കവുങ്ങ്, വാഴ, അരയാൽ, പേരാൽ, മാവ്, പ്ലാവ്, അത്തി, ഇത്തി തുടങ്ങിയ അവയിൽ പ്രധാനമാണ്. അവയെ കണ്ടുവരുമ്പോൾ സമീപത്തായി രണ്ട് ശ്രീകോവിലുകളോടുകൂടിയ ഒരു മതിൽക്കെട്ട് കാണാം. അവയിൽ ഒന്നിൽ ദുർഗ്ഗാദേവിയും മറ്റൊന്നിൽ യക്ഷിയമ്മയുമാണ് പ്രതിഷ്ഠകൾ. പ്രത്യേകിച്ചൊരു രൂപവുമില്ലാത്ത ശിലകളിലാണ് രണ്ടുപേർക്കും പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. അതിന് പുറത്ത് മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ഭദ്രകാളിയുടെ പ്രതിഷ്ഠ. 

വാൽക്കണ്ണാടിയുടെ രൂപത്തിലാണ് ഭദ്രകാളിയ്ക്ക് ഇവിടെ സാന്നിദ്ധ്യം നൽകിയിരിയ്ക്കുന്നത്. മൂന്നുപേർക്കും നിത്യപൂജകളും വഴിപാടുകളുമുണ്ട്. ഇവിടെനിന്ന് അല്പം കൂടി മുന്നോട്ടുനടന്നാൽ ക്ഷേത്രക്കുളത്തിന് മുന്നിലെത്താം. അതിവിശാലമായ ഒരു കുളമാണ് ഇവിടെയുള്ളത്. പിതൃതർപ്പണം കഴിഞ്ഞ് ക്ഷേത്രദർശനം നടത്തുന്നവർ ഇവിടെയും കുളിയ്ക്കണമെന്നാണ് ചിട്ട. കാരണം, ലവണജലത്തിന്റെ അശുദ്ധി തന്നെ. പ്രദേശത്തുള്ളവർ നീന്തൽ പഠിയ്ക്കുന്നതും ഇവിടെത്തന്നെ. ഈ കുളത്തിനപ്പുറവും നിരവധി മരങ്ങൾ തഴച്ചുവളരുന്നത് കാണാം. 

അവയുടെ പ്രതിബിംബം കുളത്തിൽ പതിയ്ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട മുഴുവൻ വനമാണ്. ഇവിടെ ക്ഷേത്രകവാടം പണിതിട്ടില്ല. തന്മൂലം, പിതൃതർപ്പണം കഴിഞ്ഞ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്ക് തെക്കോ വടക്കോ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഇടവഴികളിലൂടെ ചുറ്റിവേണം ക്ഷേത്രത്തിലെത്താൻ. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടിയാണ് തൃക്കുന്നപ്പുഴ കടപ്പുറത്തേയ്ക്കുള്ള റോഡ് കടന്നുപോകുന്നത്. 

വാഹനയാത്രക്കാർക്ക് ഇതുവഴിയേ യാത്ര ചെയ്യാൻ സാധിയ്ക്കൂ. വടക്കേ നടയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേയ്ക്കായി പ്രത്യേകം കവാടം കാണാം. കിഴക്കേ നടയിലെ ഗംഭീരമായ കവാടവുമായി നോക്കുമ്പോൾ ഇത് വളരെ ചെറുതും അനാകർഷകവുമാണ്. പ്രഭാസമേതനായ ശാസ്താവ്, സുബ്രഹ്മണ്യൻ, ശിവൻ എന്നിവരുടെ രൂപങ്ങളാണ് ഇവിടെ കൊത്തിവച്ചിട്ടുള്ളത്. ഇതുവഴി ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ നേരിട്ട് സുബ്രഹ്മണ്യദർശനത്തിന് കയറാം എന്ന സൗകര്യവുമുണ്ട്.```

*മതിലകം*

```കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം എത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. ഏകദേശം എട്ടാനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യമുള്ള ഈ ആനക്കൊട്ടിലിന് പഴക്കം കൂടുതലാണ്. ഇവിടെ വച്ചും ഭജനകൾ നടക്കാറുണ്ട്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ കുതിരയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം അറുപതടി ഉയരം ഈ കൊടിമരത്തിനുണ്ട്.

 തേക്കിൻതടിയിൽ തീർത്ത് ചെമ്പുപറകൾ ഇറക്കിയ ഈ കൊടിമരത്തിന്റെ ചുവട്ടിൽ അഷ്ടദിക്പാലകരുടെ രൂപങ്ങളും കാണാം. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ബലിക്കല്ലിന് താരതമ്യേന ഉയരം കുറവായതിനാൽ പുറത്തുനിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാം. വലിയ ബലിക്കല്ലിന്റെ അതേ പീഠത്തിൽ ഓരോ വശത്തുമായി എട്ട് ചെറിയ ബലിക്കല്ലുകൾ കാണാം. 

ഇവ ദേവന്റെ സഹഭൂതഗണങ്ങളെയാണ് പ്രതിനിധീകരിയ്ക്കുന്നത്. നാലമ്പലത്തിന്റെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകളും ഇവരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. കൂടാതെ അതിമനോഹരമായ നിരവധി ദാരുശില്പങ്ങൾ ഇവിടെ കാണാം. 

രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം തുടങ്ങിയ കൃതികളിലും അയ്യപ്പസ്വാമിയുടെ കഥകളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ ദാരുശില്പങ്ങളായി പുനർജനിച്ചിട്ടുണ്ട്. ബലിക്കൽപ്പുരയ്ക്ക് തെക്കുഭാഗത്ത് ഒരു പീഠമുണ്ട്. ഇവിടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ജീവിത എഴുന്നള്ളത്തിനുശേഷമുള്ള പൂജ നടക്കുന്നത്. തന്മൂലം ഇവിടെയും ആരാധന പതിവാണ്.

ക്ഷേത്രമതിലകത്തിന്റെ തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയോടുകൂടിയ ഒരു ശ്രീകോവിൽ കാണാം. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. എന്നാൽ, ഇവിടെ എന്തോ കാരണം കൊണ്ട് ശ്രീകോവിലിനുചുറ്റുമായി ഗോശാലയുടെ നിർമ്മിതി കാണാനില്ല. മുമ്പ് അത്തരത്തിലൊന്നുണ്ടായിരുന്നിരിയ്ക്കണമെന്നും പിന്നീട് നശിച്ചുപോയതാണെന്നും സങ്കല്പിയ്ക്കാം. 

വലതുകയ്യിൽ കാലിക്കോലും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ചുനിൽക്കുന്ന ശ്രീകൃഷ്ണനാണ് ഗോശാലകൃഷ്ണനായി അറിയപ്പെടുന്നത്. ഏകദേശം മൂന്നടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. പാൽപ്പായസം, വെണ്ണ, തുളസിമാല, സഹസ്രനാമാർച്ചന എന്നിവയാണ് ശ്രീകൃഷ്ണന്റെ പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിയും വിഷുവുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ. ശ്രീകൃഷ്ണനെ തൊഴുത് പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠ കാണാം. അതിഗംഭീരമായ ഒരു സർപ്പക്കാവാണ് ഇവിടെയൊരുക്കിയിരിയ്ക്കുന്നത്. 

ഇതിനും കാവലായി നിറയെ കള്ളിച്ചെടികളും നാഗലിംഗമരവും നിൽക്കുന്നത് കാണാം. അതിന് ചുവട്ടിൽ പണിതിരിയ്ക്കുന്ന തറയിൽ നാഗരാജാവായ വാസുകി, നാഗയക്ഷിയ്ക്കും നാഗചാമുണ്ഡിയ്ക്കും നാഗകന്യകയ്ക്കും ചിത്രകൂടത്തിനും നിരവധി പരിവാരങ്ങൾക്കുമൊപ്പം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. എല്ലാമാസത്തിലെയും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്. വടക്കേ നടയിൽ നെടുനീളത്തിൽ ഊട്ടുപുര പണിതിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ ഊട്ടുണ്ടാകാറുണ്ട്. 

ഏകദേശം നാന്നൂറ് ആളുകൾക്ക് ഇവിടെ ഒരുസമയം ഭക്ഷണം കഴിയ്ക്കാവുന്നതാണ്. ഇവിടെനിന്ന് അല്പം കൂടി മുന്നോട്ടുവരുമ്പോൾ പ്രത്യേകം മതിലകത്തായി സുബ്രഹ്മണ്യസ്വാമിക്ഷേത്രം കാണാം. ശാസ്താവിന് നൽകുന്ന അതേ പ്രാധാന്യമാണ് സുബ്രഹ്മണ്യന്നും നൽകുന്നത് എന്നതിന്റെ തെളിവാണിത്. അസാമാന്യ വലുപ്പത്തോടുകൂടിയ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. ഇതിനകത്ത്, ഏകദേശം ആറടി ഉയരം വരുന്ന സുബ്രഹ്മണ്യവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദേവസേനാപതിയായാണ് ഇവിടെ സങ്കല്പം. 

ശ്രീകോവിലിനുമുന്നിൽ ഒരു നമസ്കാരമണ്ഡപവും കാണാം. ഇതിൽ, ഭഗവദ്വാഹനമായ മയിലിന്റെ ഒരു വിഗ്രഹവും കാണാം. ഇതിന് സമീപമുള്ള പ്രത്യേകം ശ്രീകോവിലിലാണ് ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളുള്ളത്. ശാസ്താവിന്റെ സാന്നിദ്ധ്യം ഇവിടെ വരും മുമ്പേ സുബ്രഹ്മണ്യപ്രതിഷ്ഠയുണ്ടായിരുന്നു എന്നാണ് സങ്കല്പം. ക്ഷേത്രസ്ഥാനം തന്നെ അതിന്റെ തെളിവാണ്. ക്ഷേത്രത്തിൽ വരുന്നവർ ആദ്യം ഇവിടെ വന്ദിച്ചുവേണം ശാസ്താവിനെ ദർശിയ്ക്കാൻ എന്നാണ് ചിട്ട. 

മകരമാസത്തിലെ തൈപ്പൂയം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. തൈപ്പൂയത്തിന് ഇവിടെ വിശേഷാൽ കാവടിയാട്ടം പതിവാണ്. ഇതിന് സമീപവും ഒരു കുളം കാണാം. പടിഞ്ഞാറേ കുളവുമായി നോക്കുമ്പോൽ ഇത് ചെറുതാണെങ്കിലും ഇതും അതിമനോഹരമായ ഒരു നിർമ്മിതിയാണ്. ഇവിടെയും ഭക്തർ കുളിയ്ക്കാറുണ്ട്.

വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ നവഗ്രഹങ്ങളുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ കാണാം. മരം കൊണ്ടുനിർമ്മിച്ച, അഴികളോടുകൂടിയ ഈ ശ്രീകോവിലിൽ, ഒറ്റക്കല്ലിൽ വിവിധ ദിശകളിലേയ്ക്ക് നോക്കിയാണ് ഇവരുടെ പ്രതിഷ്ഠ. ഗ്രഹനായകനായ സൂര്യൻ നടുക്കും മറ്റുള്ളവർ ചുറ്റും നിൽക്കുന്ന രൂപത്തിലാണ് ഇവരെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. 

സൂര്യന്റെ കിഴക്ക് ശുക്രൻ, തെക്കുകിഴക്ക് ചന്ദ്രൻ, തെക്ക് ചൊവ്വ, തെക്കുപടിഞ്ഞാറ് രാഹു, പടിഞ്ഞാറ് ശനി, വടക്കുപടിഞ്ഞാറ് കേതു, വടക്ക് വ്യാഴം, വടക്കുകിഴക്ക് ബുധൻ എന്നിങ്ങനെയാണ് പ്രതിഷ്ഠകൾ നടത്തിയിരിയ്ക്കുന്നത്. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും, ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദിവസവും ഇവർക്ക് വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. 

നവഗ്രഹപൂജ, നവധാന്യസമർപ്പണം തുടങ്ങിയവയാണ് നവഗ്രഹങ്ങളുടെ പ്രധാന വഴിപാടുകൾ. ഇതിനടുത്തായി കാണപ്പെടുന്ന ചെറിയൊരു കൂവളമരത്തിന് ചുവട്ടിലായി മൂന്ന് പ്രതിഷ്ഠകൾ കാണാം. അവയിൽ വടക്കുഭാഗത്തുള്ളത് ബ്രഹ്മരക്ഷസ്സും നടുക്കുള്ളത് മഹാവിഷ്ണുവും തെക്കുഭാഗത്തുള്ളത് യോഗീശ്വരനുമാണ്. സാളഗ്രാമരൂപത്തിലാണ് ഇവിടെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. 

ഇത് ഈ ക്ഷേത്രത്തിലെ വലിയൊരു പ്രത്യേകതയാണ്. നേപ്പാളിലെ ഗണ്ഡകിനദിയിൽ നിന്നെടുക്കുന്ന അപൂർവശിലയായ സാളഗ്രാമം, മഹാവിഷ്ണുവിന്റെ പ്രത്യക്ഷരൂപമായി കണക്കാക്കി ആരാധിയ്ക്കപ്പെടുന്നു. പാൽപ്പായസമാണ് പ്രധാന നിവേദ്യം. ബ്രഹ്മരക്ഷസ്സിനും യോഗീശ്വരന്നും രണ്ട് സന്ധ്യയ്ക്കും വിളക്കുവയ്പുണ്ടെന്ന് ഒഴിച്ചുനിർത്തിയാൽ വിശേഷദിവസങ്ങളില്ല.```

കടപ്പാട് : ഓൺലെെൻ (Travelguide)
🛕🪷🛕🪷🛕🪷🛕🪷
➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿

No comments:

Post a Comment