Tuesday, November 12, 2024

ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ ആത്മീയ തത്വം*

*ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ ആത്മീയ തത്വം*

ഭാരതത്തിലെ ഏതാണ്ട് മിക്ക സംസ്ഥാനങ്ങളിലുമുള്ളവര്‍ ശ്രീ അയ്യപ്പനെന്നെ ദേവതാസങ്കല്പത്തെ ആത്മീയമായി ഉള്‍ക്കൊള്ളുന്നവരാണ്. ഇത്രയധികം ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ഒരു ആരാധനാലയം ശബരിമലപോലെ വേറെയുണ്ടോയെന്ന് സംശയമാണ്.

വൃശ്ചികം ഒന്നു മുതല്‍ 41 ദിവസത്തെ മണ്ഡലവ്രതകാലം. ഓരോ ആചാരത്തിലും ഒളിഞ്ഞിരിക്കുന്ന നന്മകള്‍- അന്തസത്തകള്‍ ഉള്‍ക്കൊണ്ട് ആചരിക്കുന്ന ഭക്തരെ അപാര നന്മയിലേക്കും മാറ്റങ്ങളിലേക്കും വിധേയരാക്കും.

എന്നാല്‍ ഭക്തസമൂഹത്തില്‍ എത്രപേര്‍ ഈ ആത്മീയത ഉള്‍ക്കൊണ്ട് ശബരിമല ദര്‍ശനം നടത്തുന്നുണ്ട് എന്ന ചോദ്യം നിലനില്‍ക്കുന്നു. ശബരിമല സന്നിധാനത്തില്‍ എഴുതിവച്ചിട്ടുള്ള 'തത്ത്വമസി' അഹംബ്രഹ്മാസ്മി എന്നതിന്റെ അര്‍ത്ഥം എത്ര പേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ശ്രീ അയ്യപ്പ വിഗ്രഹത്തിന്റെ ആത്മീയ തത്വത്തിലേക്ക് ഒന്നെത്തിനോക്കാം. സനാതന ധര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരു ദേവതാ സങ്കല്പമാണ് ശ്രീ അയ്യപ്പന്‍. എന്നാല്‍ ഈ അയ്യപ്പസങ്കല്പം ഏറെ വിമര്‍ശനവിധേയവുമാണ്. അതില്‍ ഒന്ന് അയ്യപ്പന്റെ അരയിലെ തുണി (പട്ട) കെട്ടിയിരിക്കുന്നത്.

രണ്ട്- അയ്യപ്പന്റെ മാതൃപിതൃത്വം. 
ശ്രീ അയ്യപ്പന്റെ പിതാവ് പരമശിവനും, അമ്മ മഹാവിഷ്ണുവുമായ ഒരു സങ്കല്പം ഭാരതീയ ദേവതാ സങ്കല്പങ്ങളില്‍ വേറെയില്ല തന്നെ. വളരെയധികം വിമര്‍ശന വിധേയമാകാന്‍ കാരണവും ഇതുതന്നെ. പരമശിവന്‍ മഹാവിഷ്ണുവിന്റെ 'മോഹിനി' വേഷം കണ്ട് ഭ്രമിച്ച് ക്രീഡ നടത്തിയതിനാലാണ് അയ്യപ്പന്‍ യോനി പുത്രനല്ലാതായ തെന്ന കഥ ഏവര്‍ക്കും അറിയാവുന്നതാണ്.

ഇവിടെ അയ്യപ്പനെന്ന പ്രതിഷ്ഠാമൂര്‍ത്തിക്ക് അരപ്പട്ട കെട്ടിയ രൂപം. തന്റെ ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് മറ്റു മൂന്നുവിരലുകള്‍ മേല്‍പ്പോട്ടും വച്ചുള്ള 'ചിന്‍മുദ്ര'യും കാണിച്ചിരിക്കുന്നു.

ദേവതാ സങ്കല്പത്തില്‍ അരപ്പട്ട കെട്ടിയവര്‍ മൂന്നുപേരാണ്. ഒന്ന് അയ്യപ്പനും, രണ്ട് യോഗദക്ഷിണാമൂര്‍ത്തിയും, മൂന്ന് യോഗ നരസിംഹവുമാണ്. ഇവര്‍ക്കെല്ലാം യോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്ന 'ചിന്‍മുദ്ര'യുമുണ്ട്. യോഗ ശാസ്ത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ 'യോഗ പട്ടാസനം' ദീര്‍ഘകാലം തപസ്സിരിക്കാന്‍ വേണ്ടിയുള്ള ഒരു വിശേഷവിധി ആസനമാണ്. ഇത് യോഗശാസ്ത്രത്തിലേക്കും, യോഗയിലേക്കും വിരല്‍ചൂണ്ടുന്നു.

മനുഷ്യശരീരത്തിലെ 72,000 നാഡികളില്‍ പ്രധാനപ്പെട്ടത് മൂന്നെണ്ണമാണ്. അവ 'പിംഗള', 'ഇട', 'സുഷുമ്‌ന' എന്നിവയാണ്. ശ്വാസം അകത്തേക്ക് വിടുമ്പോള്‍ പിംഗളയും, പുറത്തേക്ക് വിടുമ്പോള്‍ 'ഇട' നാഡിയും പ്രവര്‍ത്തിക്കുന്നു. പിംഗളനാഡി പരമശിവനുമായി-ചൂടുമായി ബന്ധപ്പെട്ടതും, 'ഇട' നാഡി ചന്ദ്രനുമായി ബന്ധപ്പെട്ടതുമാണ്. ഇടയും, പിംഗളയുമായി കൂടിച്ചേരുമ്പോള്‍ അകത്തേക്കെടുക്കുന്ന ശ്വാസവും പുറത്തേക്കെടുക്കുന്ന ശ്വാസവും ഒന്നാകുമ്പോള്‍ 'സുഷുമ്‌ന' എന്ന മദ്ധ്യനാഡി തുറക്കുന്നു.

പൃഥ്വി (ഭൂമി) ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ ചേരുവകള്‍ കൊണ്ടാണ് ഈ പ്രപഞ്ച സൃഷ്ടി നടന്നിരിക്കുന്നത്. പ്രകര്‍ഷേണ പഞ്ചീകൃതമായിട്ടുളളത്.അഞ്ചുതട്ടുകളായ മൂലാധാരം, സ്വാധിഷ്ഠാനും, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ അഞ്ചിന്റേയും അപ്പനായി വാഴുന്നവന്‍ ആരോ അവന്‍ 'അയ്യപ്പന്‍' എന്ന് ഋഷിമാര്‍ പറയുന്നു.

ശിവന്റേയും വിഷ്ണുവിന്റേയും യോഗത്തില്‍ നിന്ന് ഇട-പിംഗളകള്‍ ചേരുമ്പോള്‍ അകത്തേക്കും പുറത്തേക്കും പോകുന്ന ശ്വാസങ്ങള്‍ ഒന്നാകുമ്പോള്‍ 'സുഷുമ്‌ന' എന്ന നാഡിയുടെ കവാടം തുറക്കുകയും പ്രാണന്‍ ഈ അഞ്ചു ആധാരങ്ങളേയും കടന്ന് ഉല്‍ക്രമിക്കയും ചെയ്യുന്നു.

അയ്യപ്പന്‍ ഈ അഞ്ച് ആധാരങ്ങളേയും കടന്ന് 'സുഷുമ്‌ന' ഭേദനവും ചെയ്ത് ജീവാത്മാവും പരമാത്മാവും ഒന്നാകുന്നു. ജീവാത്മാവിനേയും പരമാത്മാവിനേയും യോജിപ്പിക്കുമ്പോള്‍ 'ആജ്ഞാചക്രത്തേയും ഭേദിച്ച് പ്രാണന്‍ 'സഹസ്രാര' ചക്രത്തില്‍ എത്തിച്ചേരുന്നു.

ചിന്തകളിലേക്ക്- ചൈതന്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് ശ്രീ അയ്യപ്പനെന്ന ധര്‍മ്മശാസ്താവ്. ശാസ്താവ്-അര്‍ത്ഥം ശാസിക്കുന്നത് (പറഞ്ഞുതരുന്നത്) ധര്‍മ്മത്തെ പറഞ്ഞുതരുന്നുവെന്നര്‍ത്ഥം.

അഞ്ചു വിരലുകളുള്ള ജീവികളില്‍ മനുഷ്യന് മാത്രമേ ചൂണ്ടുവിരലും തള്ളവിരലുമായി ബന്ധിച്ച് (ചിന്‍മുദ്ര) ഇരിക്കാന്‍ കഴിയൂ. ചിന്‍മുദ്രയിലൂടെ സംസാരിക്കാന്‍ കഴിയുന്നത് ദക്ഷിണാമൂര്‍ത്തിക്കാണത്രെ! ഈശ്വരന്‍ എന്ന സങ്കല്പത്തിന്റെ വാക്കിന്റെ അര്‍ത്ഥം.

ഈ- ഇച്ഛ- ചിന്തകള്‍ ശ്വ- ശ്വാസം- പ്രാണവായു ര- അഗ്നി (ചൂട്) അഗ്നിയുടെ ബീജാക്ഷരം. മരിച്ചാല്‍ ഇതു മൂന്നും ഇല്ല. ചൂടിനേയും ശ്വാസത്തേയും ചേര്‍ത്തുപിടിച്ചുനിര്‍ത്തുന്നത് ഈശ്വരന്‍. കഴിച്ച ഭക്ഷണം ദഹിക്കണമെങ്കില്‍ ചൂട് വേണം. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ് ആത്മാവ്.

No comments:

Post a Comment