Friday, November 8, 2024

പഞ്ച പാണ്ഡവർക്ക് ഒപ്പം കൂട്ട് പോയ ശ്വാന ശ്രേഷ്ഠൻ

സ്വർഗ്ഗാരോഹണ സമയത്ത് പഞ്ച പാണ്ഡവർക്ക് ഒപ്പം കൂട്ട് പോയിരുന്നത് ഒരു ശ്വാന ശ്രേഷ്ഠനായിരുന്നു....

ദ്രൗപദി വീണു,നകുല - സഹദേവന്മാർ വീണു... അർജ്ജുനൻ വീണു,ഭീമനും വീണു.... അപ്പോഴും യുദ്ധഷ്ഠിരന് ഒപ്പം ഒന്നും മിണ്ടാതെ ആ നായ നടക്കുകയായിരുന്നു...ഒടുവിൽ മനോഹരമായ രഥവുമായി എത്തി സ്വർഗവാതിൽ തുറന്ന് ഇന്ദ്രൻ യുധിഷ്ഠിരന് സ്വർഗം വാഗ്ദാനം ചെയ്തപ്പോൾ ധർമ്മപുത്രർ ഇപ്രകാരം പറഞ്ഞു;

"ശക്രാ,ഇവൻ എന്നോടൊപ്പം കൂട്ട് വന്നവനാണ്...അവൻ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല,ഞാൻ അവന് ഒരു വാഗ്ദാനവും നൽകിയിട്ടില്ല...എന്നിട്ടും അവൻ എന്നോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നു..എന്നോടൊപ്പം വിശപ്പും ദാഹവും വേദനയും ദുഃഖവും എല്ലാം സഹിച്ച് അവനും എന്നെപ്പോലെ ഈ കടമ്പകൾ കടന്നു....സ്വർഗത്തിലെ വെട്ടിത്തിളങ്ങുന്ന സൗധങ്ങളും രമ്യഹർമ്യങ്ങളും സൗഭാഗ്യങ്ങളും അനുഭവിക്കാൻ ധർമ്മപുത്രനായ ഞാൻ അങ്ങയോടൊപ്പം വരണമെങ്കിൽ എന്നോടൊപ്പം ഈ ശ്വാനനും ഉണ്ടാകണം..അല്ലെങ്കിൽ ഇന്ദ്ര പദവി തന്നെ നൽകുകയെന്ന് വെച്ചാലും എനിക്കാ സ്വർഗം വേണ്ട....ഇതെൻ്റെ ധർമ്മമാണ്...."

നായയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഏറ്റവും ഊഷ്മളമായ രീതിയിൽ വരച്ച് കാട്ടുന്ന ഒരു കഥാ സന്ദർഭമാണ് മഹാഭാരതത്തിലെ സ്വർഗ്ഗാരോഹണം എന്നത്...നായ ഒന്നും പ്രതീക്ഷിച്ചില്ല എങ്കിലും, യുധിഷ്ഠിരൻ ഒരു വാഗ്ദാനവും നൽകിയില്ല എങ്കിലും അവൻ അദ്ദേഹത്തോടൊപ്പം ആദ്യാവസാനം വരെ ഉണ്ടായിരുന്നു...ഒരു നിഴൽ പോലെ...

കുക്കൂർ തിഹാർ എന്ന ഹൈന്ദവ ഉത്സവം ഏറ്റവും അടുപ്പമുള്ള സുഹൃത്തുമായി ആഘോഷിക്കാനുള്ളതാണ്...നേപ്പാളിൽ ആരംഭിച്ച ഈ ഉത്സവത്തിൽ പക്ഷേ ഹൈന്ദവർ ഏറ്റവും അടുപ്പമുള്ള സുഹൃത്തായി കണ്ട് ആരാധിച്ച് ആഘോഷിക്കുന്നത് ശ്വാനന്മാരെയാണ്...രാവിലെ തന്നെ ഈ ദിവസങ്ങളിൽ നായ്ക്കളെ കുളിപ്പിക്കും,ശേഷം ഹൈന്ദവർ ചൂടുന്ന തിലക കുറി നായ്ക്കളെയും ചൂടിക്കും,ഒപ്പം ഹാരവും അണിയിച്ച് ആരതി ഉഴിയും...ശേഷം ഇവർക്ക് വയറ് നിറച്ച് ഇഷ്ടമുള്ള ഭക്ഷണവും മറ്റും നൽകും...

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ദീപവലിയോട് അനുബന്ധിച്ച് നടക്കുന്ന ഈ ഉത്സവത്തിലെ രണ്ടാം ദിവസമാണ് കുക്കു തിഹാർ ആയി ആചരിക്കുക...നേപ്പാളിൽ തുടങ്ങിയ ഈ ഹൈന്ദവ ആഘോഷം ഇപ്പോ മെക്സിക്കോ പോലുള്ള രാജ്യങ്ങളും ഇതേ പേരിൽ തന്നെ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്....ഈ ദിവസം ഇവന്മാർ എന്തൊക്കെ വികൃതിത്തനം കാണിച്ചാലും വഴക്കോ തല്ലോ കിട്ടില്ല എന്നതുമുണ്ട് പ്രത്യേകത....

സഹജീവി സ്നേഹത്തിൻ്റെ ഏറ്റവും ഉദാത്തമായ ഉദാഹരണങ്ങളിൽ ഒന്നാണ് ഹൈന്ദവരുടെ കുക്കു തിഹാർ..നായ്ക്കളെ വെറും ആത്മമിത്രമായി കണ്ട് മാത്രമല്ല ഈ ഉത്സവം ആഘോഷിക്കുന്നത്....യമരാജൻ്റെ വളർത്ത് മൃഗങ്ങളായി കാവൽ നിൽക്കുന്നത് ശ്യാമനും ശർവരനും എന്ന് പേരുള്ള ശ്വാന ശ്രേഷ്ഠൻമാരാണ്...അതുകൊണ്ട് തന്നെ നായ്ക്കളെ സന്തോഷിപ്പിച്ചാൽ യമൻ തന്നെ സന്തോഷിക്കും എന്നാണ് ഹൈന്ദവരുടെ വിശ്വാസം...യമൻ എന്നത് മരണത്തിൻ്റെ ദേവനാണല്ലോ...അത് പ്രതീകവത്കരിക്കുന്നത് മറ്റൊന്നുമല്ല,

മരണത്തിൻ്റെ മുന്നിൽ പോലും നിങ്ങളെ ഒറ്റയ്ക്ക് വിടാതെ, മറുത്തോന്ന് ചിന്തിക്കാതെ പോലും കൂടെ വരാൻ കഴിയുന്ന ഒരേയൊരാൾ നായയായിരിക്കും...

മനുഷ്യൻ്റെ വിശ്വസ്തനായ ആത്മമിത്രം...

✍️✍️ 

No comments:

Post a Comment