Wednesday, July 5, 2017

ഗണേശ ഭഗവാന്‍ അവിവാഹിതനാണോ

ചില ഹിന്ദു വിശ്വാസപ്രകാരം ഗണേശ ഭഗവാന്‍ അവിവാഹിതനാണന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ മറ്റ് ചിലരുടെ വിശ്വാസത്തില്‍ അദ്ദേഹത്തെ കുടുംബസ്ഥനായാണ് കണക്കാക്കുന്നത്. ഗണേശ ഭഗവാന്റെ ഭാര്യമാരാണ് സിദ്ധിയും ഋദ്ധിയും.

ഗണേശ ഭഗവാന്‍ എങ്ങനെ വിവാഹിതനായി എന്നതിനെ സംബന്ധിക്കുന്ന രസകരമായ ഒരു കഥയുണ്ട്.

ശിവനും പാര്‍വതിയും മകനായ ഗണപതിയുടെ പരിചരണത്തില്‍ അതീവ സന്തുഷ്ടരായിരുന്നു. താരകാസുരനെ വധിക്കുന്നതിനായി രണ്ടാമതൊരു പുത്രന്‍ കൂടി അവര്‍ക്കു ജനിച്ചു  അതാണ് കാർത്തികേയന്‍. ബ്രഹ്മജ്ഞാനത്താല്‍ ഭക്തരെ അനുഗ്രഹിക്കുന്നതിനാല്‍ ലോകം മുഴുവന്‍ അദ്ദേഹത്തെ സുബ്രഹ്മണ്യനെന്ന് വിളിച്ച് ആദരിച്ചു.

യൗവനപ്രായത്തിലെത്തിയ ഗണേശന്റെയും സുബ്രഹ്മണ്യന്റെയും വിവാഹത്തെ കുറിച്ച് ശിവപാര്‍വതിമാര്‍ ചിന്തിച്ചു തുടങ്ങി. വിവാഹിതരാകണം എന്ന തീരുമാനം മാതാപിതാക്കള്‍ അറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കവും തുടങ്ങി.

ഗണശന്റെ വിവാഹത്തെ കുറിച്ചുള്ള ആദ്യ കഥ

അവരെ സമാധാനിപ്പിക്കാന്‍ ശിവനും പാര്‍വതിയും ഒരു പദ്ധതി തയ്യാറാക്കി, അവരെ അടുത്ത് വിളിച്ച് പറഞ്ഞു, 'പുത്രന്‍മാരെ ഞങ്ങള്‍ നിങ്ങള്‍ ഇരുവരെയും സ്‌നേഹിക്കുന്നത് ഒരു പോലെയാണ്. നിങ്ങളുടെ തര്‍ക്കം പരിഹരിക്കുന്നതിനായി ഞങ്ങള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്.

നിങ്ങള്‍ രണ്ടു പേരില്‍ ആരാണോ ആദ്യം ഭൂമിമാതാവിനെ പ്രദക്ഷിണം വച്ച് വരുന്നത് അവര്‍ ആദ്യം വിവാഹിതനാകണം!

ഇതു കേട്ട ഉടന്‍ തന്നെ ഭഗവാന്‍ സുബ്രഹ്മണ്യന്‍ തന്റെ മയില്‍ വാഹനത്തില്‍ ഏറി ഗണേശനേക്കാള്‍ വേഗത്തില്‍ ഭൂമിയെ ചുറ്റി വരാനായി പുറപ്പെട്ടു.

എന്നാല്‍, അവരെ അത്ഭുതപ്പെടുത്തികൊണ്ട് യാത്രക്കുള്ള ഒരു തയ്യാറെടുപ്പും നടത്താതെ ഭഗവാന്‍ ഗണേശന്‍ ശിവ പാര്‍വതിമാരുടെ അരികില്‍ നിന്നു. യാത്ര പോകുന്നതിന് പകരം മാതാപിതാക്കളോട് താന്‍ നല്‍കിയ ഇരിപ്പിടങ്ങളില്‍ ഇരിക്കാനും തന്റെ പ്രാര്‍ത്ഥനകളും സേവനങ്ങളും സ്വീകരിക്കാനും അപേക്ഷിച്ചു. ശിവപാര്‍വതിമാര്‍ ഇത് സമ്മതിക്കുകയും ആ ഇരിപ്പിടങ്ങളില്‍ ഇരിക്കുകയും ചെയ്തു.

തികഞ്ഞ ഭക്തിയോടെ ഭഗവാന്‍ ഗണേശന്‍ ഇരുവരെയും പൂജ ചെയ്യുകയും ഏഴ് തവണ പ്രദക്ഷിണം ചെയ്ത് നമസ്‌കരിക്കുകയും ചെയ്തു. ഏഴാം തവണയും പ്രണാമം ചെയ്തു കഴിഞ്ഞപ്പോള്‍ സുബ്രഹ്മണ്യന്‍ ഭൂമിയെ വലം ചുറ്റി തിരിച്ചെത്തി.

മാതാപിതാക്കള്‍ പറഞ്ഞത് പ്രകാരം ആദ്യം ഭൂമിയെ വലം ചുറ്റി എത്തിയതിനാല്‍ തന്റെ വിവാഹം ആദ്യം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. ഗണേശന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യാന്‍ പോയിട്ടുമില്ല.

അപ്പോള്‍ ഗണേശന്‍ പറഞ്ഞു. 'പുണ്യ മാതാവേ, ജഗദ്പിതാവേ, വേദങ്ങളില്‍ പറയുന്നുണ്ട് സ്വന്തം മാതാപിതാക്കളെ പൂജിച്ച് പ്രദക്ഷിണം വയ്ക്കുന്നവര്‍ക്ക് ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫലം ലഭിക്കുമെന്ന് . ഈ അനുഗ്രഹം ശരിയാണെങ്കില്‍ നിങ്ങളെ എത്ര തവണ പ്രദക്ഷണം വയ്ക്കുന്നുവോ അത്രയും തവണ ഇതിന്റെ ഫലം ലഭിക്കില്ലേ. നിങ്ങളെ ഇരുവരെയും ഏഴ് തവണ പ്രദക്ഷിണം വയ്ക്കുക വഴി ഭൂമിയെ മാത്രമല്ല പ്രപഞ്ചത്തെ പൂര്‍ണമായി പ്രദക്ഷിണം വച്ചതിന് തുല്യമായിരിക്കുകയാണ്. അതിനാല്‍ ഒരു താമസവും കൂടാതെ എന്റെ വിവാഹം ആദ്യം ആഘോഷിക്കുക.

ഗണേശന്റെ ബുദ്ധിപരമായ വാക്കുകള്‍ കേട്ട് ശിവപാര്‍വതിമാര്‍ പ്രസന്നരാകുകയും അദ്ദേഹത്തിന്റെ വിവാഹം ആദ്യം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രജാപതി വശ്വരൂപന്റെ സിദ്ധിയും ,ഋദ്ധിയുമെന്ന് സുന്ദരികളായ രണ്ട് പുത്രിമാരെയാണ് ഗണേശന്റെ വധുക്കളായി തിരഞ്ഞെടുത്തത് . മനോഹരമായ വിവാഹവേദി ഉള്‍പ്പെട വിവാഹത്തിന്റെ എല്ലാ ഒരുക്കളും നടത്തിയത് വിശ്വ ശില്‍പിയായ വിശ്വകര്‍മ്മാവാണ്.

ശിവപാര്‍വതിമാര്‍ ഭഗവാന്‍ ഗണേശനും ഋദ്ധിയും സിദ്ധിയുമായുള്ള വിവാഹം ആഘോഷപൂര്‍വം നടത്തി. ലാഭ, ക്ഷേമ എന്നിങ്ങനെ രണ്ട് പുത്രന്‍മാര്‍ ഇവര്‍ക്ക് ജനിക്കുകയും ചെയ്തു.

ഇതെല്ലാം നിശബ്ദനായി നോക്കി കണ്ട സുബ്രഹ്മണ്യന്‍ മാതാപിതാക്കളോടും സഹോദരനോടും വിടപറഞ്ഞ് കൈലാസ പര്‍വതത്തിലെ മാനസ തടാകത്തിന് സമീപത്തായുള്ള ക്രൗഞ്ച പര്‍വതത്തിലേക്ക് പോയി. (സ്‌കന്ദ പുരാണത്തില്‍ സുബ്രഹ്മണ്യന്റെ കഥ പറയുന്നുന്നുണ്ട്. അതില്‍ പറയുന്നത് ഗണേശന്റെ വിവാഹ ശേഷം സുബ്രഹ്മണ്യന്‍ വല്ലി, ദേവസേന എന്നീ രണ്ട് സുന്ദരികളെ വിവാഹം കഴിച്ചു എന്നാണ്).

ഗണേശന്റെ വിവാഹത്തെ കുറിച്ചുള്ള രണ്ടാമത്തെ കഥ

ഗണേശന് ആനത്തല ആയതിനാല്‍ പെണ്‍ കുട്ടികള്‍ ആരും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. മറ്റ് ദേവന്‍മാര്‍ക്കെല്ലാം പത്‌നിമാര്‍ ഉണ്ടായിട്ടും തനിക്കില്ലാതിരുന്നത് അദ്ദേഹത്തെ കുപിതനാക്കി.

അതോടെ അദ്ദേഹം മറ്റ് ദേവന്‍മാരുടെ വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഏത് ദേവന്റേയും വധു ഗൃഹത്തിലേക്കുള്ള വിവാഹ ഘോഷയാത്ര പോകുന്ന പാതകളില്‍ കുഴികളുണ്ടാക്കാന്‍ അദ്ദേഹം എലികളോട് ആവശ്യപ്പെട്ടു.

ഇതെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ ദേവന്‍മാര്‍ക്ക് അവരുടെ വിവാഹത്തില്‍ നേരിടേണ്ടി വന്നു. ഗണേശന്റെ ഇത്തരം പ്രവര്‍ത്തികളാല്‍ മടുത്ത ദേവന്‍മാര്‍ ബ്രഹ്മദേവനോട് പരാതി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

ഗണേശനെ പ്രസന്നനാക്കുന്നതിനായി ബ്രഹ്മാവ് ഋദ്ധി(സമ്പത്തും സമൃദ്ധിയും) എന്നും സിദ്ധി(ബുദ്ധിയും ആത്മീയതയും) എന്നും പേരുള്ള രണ്ട് സുന്ദരിമരെ സൃഷ്ടിച്ചു. ഇവരെ ഗണേശന് വിവാഹം ചെയ്ത് നല്‍കുകയും ചെയ്തു. അന്നു മുതല്‍ ഗണേശനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സിദ്ധിയുടെയും ഋദ്ധിയുടെയും അനുഗ്രഹം കൂടി ലഭിക്കും.

സിദ്ധിയിലും ഋദ്ധിയിലും ആയി ഗണേശന് രണ്ട് പുത്രന്‍മാര്‍ ജനിച്ചു- ശുഭ(ശുഭ സൂചകം), ലാഭ(ലാഭം) എന്നായിരുന്നു അവരുടെ പേര്. ഗണേശന്റെ മകളാണ് സന്തോഷി മാതാ( സംതൃപ്തിയുടെ ദേവത).

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates