Thursday, August 13, 2015

കര്‍ക്കിടകവാവ്‌; പിതൃതര്‍പ്പണ പ്രധാനം -----


ദക്ഷിണായനം കഴിഞ്ഞ്‌ ഉത്തരായനാരംഭമാണ്‌ കര്‍ക്കിടക സംക്രമകാലം. അതുകൊണ്ടുതന്നെ പിതൃതര്‍പ്പണത്തിന്‌ ഏറ്റവും ശ്രേഷ്‌ഠമായ ദിനമാണ്‌ കര്‍ക്കിടകത്തിലെ കറുത്തവാവ്‌. അമാവാസികളില്‍ ഏറ്റവും ശ്രേഷ്‌ഠവും കര്‍ക്കിടകത്തിലേതാണ്‌.

"അമാവാസ്യായാം പിണ്ഡ പിതൃയാഗ:" അമാവാസി പിണ്ഡ പിതൃയാഗത്തിനുള്ളതാണ്‌. മനുഷ്യരുടെ പന്ത്രണ്ടു മാസമാണ്‌ പിതൃക്കളുടെ ഒരു ദിവസമെന്നും വര്‍ഷത്തിലൊരിക്കല്‍ പിതൃബലിയിട്ടാല്‍ എല്ലാ ദിവസവും പിതൃക്കള്‍ക്കു ഭക്ഷണം ലഭിക്കുമെന്നാണ്‌ ഹൈന്ദവ സങ്കല്‍പം.

പിതൃക്കളുടെയും ദേവന്മാരുടെയും മധ്യാഹ്‌നവേള വര്‍ഷത്തില്‍ ഒന്നിച്ചു വരുന്ന ഏക ദിവസവും കര്‍ക്കിടക അമാവാസി നാളാണ്‌. അതുകൊണ്ടാണ്‌ കര്‍ക്കിടകത്തിലെ കറുത്തവാവ്‌ ബലികര്‍മങ്ങള്‍ക്കു പ്രധാനമാകുന്നത്‌.

കുടുംബത്തിലെ മരിച്ചുപോയ എല്ലാവര്‍ക്കും വേണ്ടിയാണ്‌ കര്‍ക്കിടകവാവിന്‌ ബലിയിടുന്നത്‌. ബ്രഹ്‌മയജ്‌ഞം, ദേവയജ്‌ഞം, പിതൃയജ്‌ഞം, മനുഷ്യയജ്‌ഞം, ഭൂതയജ്‌ഞം എന്നീ പഞ്ചമഹായജ്‌ഞങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ പിതൃയജ്‌ഞം.

കര്‍ക്കിടകബലി 21 തലമുറകള്‍ക്കായാണ്‌ ചെയ്യുന്നത്‌. മാതാപിതാക്കള്‍ തൊട്ട്‌ പിന്നോട്ടുള്ള മണ്‍മറഞ്ഞുപോയ ഇരുപത്തിയൊന്നു തലമുറകളില്‍പ്പെട്ട പിതൃക്കള്‍ക്കായാണ്‌ നാളെ ബലിയിടുന്നതെന്നാണു വിശ്വാസം.

വാവുബലി ഇടുന്നവര്‍ മൂന്നു ദിവസം മുന്‍പേ വ്രതം അനുഷ്‌ഠിക്കണമെന്നാണു വ്യവസ്‌ഥ. ഈ മൂന്നു ദിവസങ്ങളിലും ബ്രഹ്‌മചര്യം പാലിക്കുകയും മത്സ്യമാംസാദികള്‍ വര്‍ജിക്കുകയും വേണം.

ബലിയുടെ തലേന്ന്‌ ഒരുനേരം ഉണക്കലരി ചോറ്‌ തൈരും ഉപ്പും മുളകും പുളിയും ചേര്‍ത്ത്‌ കഴിക്കാം. രാവിലെയും വൈകുന്നേരവും പഴങ്ങള്‍ മാത്രം കഴിക്കുക. സന്ധ്യക്കു ശേഷം ജലപാനം പോലും പാടില്ല. ബലിയിട്ട ശേഷം ക്ഷേത്രത്തില്‍ നിന്ന്‌ ലഭിക്കുന്ന തീര്‍ഥം കുടിച്ച്‌ വ്രതം അവസാനിപ്പിക്കാം.

ദേവന്‍മാര്‍ക്ക്‌ വലുകാലിന്റെ മുട്ടു മടക്കിയും പിതൃക്കള്‍ക്ക്‌ ഇടതുകാലിന്റെ മുട്ടു മടക്കിയുമാകണം ബലി ഇടേണ്ടത്‌.

സ്‌ത്രീ-പുരുഷ ഭേദമില്ലാതെ ആര്‍ക്കും ബലിയിടാം. പിതൃകര്‍മത്തിന്‌ ഏറ്റവും യോഗ്യര്‍ മക്കളാണ്‌. മക്കളില്ലെങ്കില്‍ ഭാര്യയും ഭാര്യയുമില്ലെങ്കില്‍ സഹോദരനുമാണ്‌ ബലിയിടേണ്ടത്‌.
സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്കായി സഹോദരങ്ങളുടെ പുത്രന്‍മാര്‍ക്കോ പൗത്രന്‍മാര്‍ക്കോ കര്‍മങ്ങള്‍ ചെയ്യാം.

യഥാവിധി ചെയ്‌താല്‍ ശിഷ്യനും സുഹൃത്തുക്കള്‍ക്കുമൊക്കെ ബലിതര്‍പ്പണത്തിന്‌ അവകാശമുണ്ട്‌.

സര്‍വപാപങ്ങളെയും നശിപ്പിക്കാന്‍ എള്ളിനു കഴിവുണ്ടെന്നതിനാല്‍ ബലിയില്‍ എള്ളിന്‌ മുഖ്യസ്‌ഥാനമുണ്ട്‌.

ദര്‍ഭ, തുളസി, എള്ളിന്‍പൂവ്‌, അഗത്തി, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ എന്നിവയൊക്കെ വിശേഷമാണ്‌. തുമ്പുള്ള ദര്‍ഭ, ചന്ദനം, മഞ്ഞള്‍, ബലിക്കറുക, നെയ്യ്‌, തേന്‍, കര്‍പ്പൂരം, പാല്‍, പച്ചരി തുടങ്ങിയവും ബലികര്‍മങ്ങള്‍ക്ക്‌ ആവശ്യമാണ്‌.

ബലിയിടുമ്പോള്‍ കഴിയുന്നതും കോടി വസ്‌ത്രങ്ങളാണ്‌ നല്ലത്‌. ശ്രാദ്ധവും ബലിയും രണ്ടാണ്‌. പിതൃക്കളുടെ മോക്ഷത്തിന്‌ അമാവാസി ദിവസം ക്ഷേത്രത്തിലേ ജലാശയങ്ങളിലോ ചെയ്യുന്നതാണ്‌ ബലി.

കര്‍മിയെ ദേഹശുദ്ധി വരുത്തി ഊട്ടി വസ്‌ത്രവും അന്നവും ദാനംചെയ്‌തു നടത്തുന്ന ബലിയാണ്‌ ശ്രാദ്ധം.

വിഷ്‌ണുപാദങ്ങളില്‍ ബലി അര്‍പ്പിക്കുക എന്നാണ്‌ വിശ്വാസം. അതുകൊണ്ടു തന്നെ മഹാവിഷ്‌ണു/പരശുരാമ ക്ഷേത്രങ്ങള്‍, ഒഴുക്കുള്ള ജലാശയങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ബലിയിട്ടാല്‍ വിശേഷമെന്നു കരുതുന്നു.

വയനാട്ടിലെ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രം, തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം,
ആലുവ മണപ്പുറം ശിവക്ഷേത്രം, മലപ്പുറം നാവാമുകുന്ദ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രം, രാമേശ്വരം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം കൊല്ലം , അഷ്ടമുടി വീരഭദ്ര സ്വാമിക്ഷേത്രം കൊല്ലം എന്നിവിടങ്ങളിലൊക്കെ ബലിതര്‍പ്പണത്തിന്‌ നാളെ ആയിരങ്ങള്‍ എത്തും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates