Sunday, January 25, 2015

ദക്ഷയാഗം

ദക്ഷന്‍ ബ്രഹ്മാവിന്റെ പുത്രനായിരുന്നു. ബ്രഹ്മാവ്‌ ദക്ഷനെ പ്രജാപതികളുടെ അധിപതിയായി വാഴിച്ചു. മനുപുത്രിയായ പ്രസൂതിയെ ദക്ഷന്‍ വിവാഹം ചെയ്തു. അവര്‍ക്ക് പതിനാറു പുത്രിമാരുണ്ടായി. അവരില്‍ ഒരാള്‍ സാക്ഷാല്‍ പരാശക്തിയായിരുന്നു . അവരുടെ പേരാണ് സതി. പതിമൂന്നു പുത്രിമാരെ ദക്ഷന്‍ ധര്‍മ്മദേവന് വിവാഹം ചെയ്തയച്ചു . പിന്നെ സ്വദ എന്ന പുത്രിയെ പിതൃക്കള്‍ക്കും, സ്വാഹ എന്ന പുത്രിയെ അഗ്നിദേവനും സതീദേവിയെ പരമശിവനും വിവാഹം ചെയ്തുകൊടുത്തു.
ഒരിക്കല്‍ പ്രജാപതികള്‍ ഒരു സത്രം നടത്തി. യാഗത്തില്‍ ബ്രഹ്മാവും, ശിവനും, ദേവന്മാരുമെല്ലാം സന്നിഹിതരായിരുന്നു. ദക്ഷപ്രജാപതി ആ സഭയില്‍ പ്രവേശിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. ബ്രഹ്മാവും ശിവനും മാത്രം എഴുന്നേറ്റില്ല. തന്റെ മകളുടെ ഭര്‍ത്താവായ ശിവന്‍ എഴുന്നേല്‍ക്കാത്തതില്‍ ദക്ഷന് അപമാനം തോന്നി . കോപം പൂണ്ട ദക്ഷന്‍ ശിവനെ അധിഷേപിക്കുകയും കൂടെ ശപിക്കുകയും ചെയ്തു. "ദേവന്മാരില്‍ അധമനായ ഈ ശിവന് യജ്ഞങ്ങളില്‍ ഹവിര്‍ഭാഗ്യം ഇനി ലഭിക്കാതെ പോകട്ടെ" എന്നായിരുന്നു ശാപം. പകരം ശിവനും ദക്ഷനെ ശപിച്ചു. "അഹങ്കാരിയായ ദക്ഷനും അവന്റെ അനുചരന്മാരും ഇനി തത്ത്വാര്‍ത്തബോധ വിചാരം ഇല്ലാത്തവരായിത്തീരട്ടെ" എന്നായിരുന്നു ശാപം. പിന്നീട് ശിവനും സതിയും അവിടെ നിന്നും ഇറങ്ങി കൈലാസത്തേക്ക് പോയി. ഇവര്‍ തമ്മില്‍ ബദ്ധ ശതൃക്കളായി ഭവിച്ചു.
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ദക്ഷന്‍ ബ്രുഹസ്പതിയജ്ഞം തുടങ്ങി. യജ്ഞത്തിനു ദേവന്മാരെയും, മഹര്‍ഷിമാരെയും, ബന്ധുക്കളെയും , വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. ശിവനെയും സതിയെയും മാത്രം ക്ഷണിച്ചില്ല. ഇതറിഞ്ഞ സതി ശിവനോട് അഭ്യര്‍ദ്ധിച്ചു - " അച്ഛന്‍ യാഗം തുടങ്ങിയിരിക്കുന്നു. ഈ പോകുന്ന ദേവന്മാരെല്ലാം അവിടേക്കാണ്. എന്റെ
സഹോദരിമാരെയും ബന്ധുക്കളെയും കാണാന്‍ കൊതിയാകുന്നു. ഭര്‍ത്താവിന്റെയും, ഗുരുവിന്റെയും, പിതാവിന്റെയും വീട്ടില്‍ വിളിക്കാതെ തന്നെ പോയാലും തെറ്റൊന്നുമില്ല. നമുക്ക് പോകാം". ഇതുകേട്ട ശിവന്‍ സ്നേഹപൂര്‍വ്വം സതിയോട് ഇപ്രകാരം പറഞ്ഞു: "പ്രിയേ, നീ പറയുന്നത് ശരിതന്നെയാണ് . ബന്ധുക്കളെ കാണാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും. പക്ഷെ അവര്‍ക്കും അങ്ങിനെയുണ്ടാവണം. സഭാമദ്ധ്യത്തില്‍ എന്നെ അപമാനിച്ചയച്ച ദക്ഷന്‍ ഇപ്പോള്‍ നമ്മള്‍ ക്ഷണിക്കാതെ കയറിച്ചെല്ലുമ്പോള്‍ നമ്മെ ധിക്കരിച്ച് നിന്ദിക്കും. അതുകൊണ്ട് ഈ യാഗത്തിന് നമ്മള്‍ പോകേണ്ടതില്ല. ഇനി എന്നെക്കൂടാതെ നീ തന്നെ പോയാലും ഫലം ശോഭനമായിരിക്കില്ല . അവരെ കാണാന്‍ നിനക്ക് ഇത്ര വലിയ ആഗ്രഹമാണെങ്കില്‍ ഒന്ന് ചെയ്യാം; യാഗം കഴിഞ്ഞശേഷം ഒരു ദിവസം നിന്നെ കൊണ്ട് പോയി അവരെയെല്ലാം കാണിച്ചു തരാം". ഇത്രയും പറഞ്ഞ് ശിവന്‍ സമാധിസ്ഥനായി.
സതിദേവി അതൊന്നും വകവയ്ക്കാതെ ദക്ഷ ഗൃഹത്തിലേക്ക് നടന്നു, നന്ദിയും ശിവപാര്‍ഷദന്മാരും ദേവിയെ പിന്തുടര്‍ന്നു. ദക്ഷഗൃഹത്തില്‍ എത്തിയ സതിയെ മാതാവ് വാത്സല്യത്തോടെ കെട്ടിപുണര്‍ന്നു . സഹോദരിമാര്‍ അച്ഛനെ ഭയന്ന് അല്പം ആശങ്കയോടെയാണ് സ്വീകരിച്ചത്. ദക്ഷനാകട്ടെ മുഖം കറുപ്പിച്ച് ദേക്ഷ്യഭാവത്തില്‍ ഇരിപ്പുറച്ചു . ഇതുകണ്ട ദക്ഷാനുചരന്മാര്‍ ദാക്ഷായണിയെ പരിഹസിക്കയും ശിവനെ അധിഷേപിക്കയും ചെയ്തു. തന്റെ പ്രാണനാഥന്‍ പറഞ്ഞിട്ടും അനുസരിക്കാതെ ബുദ്ദിമോശം കാണിച്ച സതിക്ക് സങ്കടം താങ്ങാനാവാതെ തന്റെ ശരീരം യാഗാഗ്നിയില്‍ ദഹിപ്പിച്ചു. ഇതുകണ്ടുനിന്ന ശിവപാര്‍ഷദന്മാര്‍ യാഗശാല തകര്‍ത്തു. മുനിമാരെല്ലാം യാഗശാല ഉപേക്ഷിച്ച് ഓട്ടം തുടങ്ങി. യാഗശാലയാകെ പൊടിപടലം കൊണ്ട് മൂടി.
തന്റെ പ്രാണേശ്വരിയുടെ വിയോഗവാര്‍ത്ത ശിവന്‍ നാരദനില്‍ നിന്നും അറിഞ്ഞു. ദുഃഖം കൊണ്ടും, കോപം കൊണ്ടും ജ്വലിച്ച ശിവന്‍ തന്റെ ജടപിടിച്ചു നിലത്തടിച്ചു. കറുത്തരൂപത്തില്‍ അതിഭയങ്കരമായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ശിവന്റെ അംശമായ ആ രൂപമാണ് വീരഭദ്രന്‍. സേനാനായകനായ വീരഭദ്രന്‍ ശിവഭൂതങ്ങളോടുകൂടി
ദക്ഷന്റെ യജ്ഞശാല തകര്‍ക്കുകയും, ദക്ഷന്റെ അനുചരന്മാരെ അംഗവൈകല്യമാക്കുകയും ചെയ്തു. ദക്ഷനെ കീഴടക്കി തല പറിച്ചെടുത്ത് ഹോമാഗ്നിയിലിട്ടു ചുട്ടു..ദേവന്മാര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. എല്ലാവരും ശിവനെ സ്തുതിച്ചു. ബ്രഹ്മാവ്‌ ശിവനോട് ഇപ്രകാരം പറഞ്ഞു: "മായയില്‍ മോഹിതരായി അറിവില്ലാതെ വിഷമഭുദ്ധികള്‍ ചെയ്യുന്ന അപരാധങ്ങള്‍ മഹത്തുക്കള്‍ ക്ഷമിക്കേണമേ. ഇവര്‍ക്കുണ്ടായിട്ടുള്ള അംഗഭംഗളെല്ലാം തീര്‍ത്ത്‌ തരേണമേ. ദക്ഷനെ പുനര്‍ജീവിപ്പിക്കേണമേ. ഈ യജ്ഞം പൂര്‍ത്തിയാക്കാന്‍ സഹായിക്കേണമേ. ദക്ഷന്‍ ശിവന് മുടക്കിയ ഹവിര്‍ഭാഗ്യം ഇതാ അങ്ങേയ്ക്കായി ഞാന്‍ വീണ്ടും നിശ്ചയിക്കുന്നു. ഈ യജ്ഞം പൂര്‍ത്തിയാക്കി അങ്ങയുടെ ഭാഗം സ്വീകരിച്ചാലും. ഞങ്ങളെ അനുഗ്രഹിച്ചാലും".
ബ്രഹ്മാവിന്റെ അപേക്ഷയനുസരിച്ച് ശിവന്‍ ദക്ഷന് ജീവന്‍ നല്‍കി. പകരം ആടിന്റെ തലയെടുത്ത് ദക്ഷന്റെ കഴുത്തില്‍ വച്ചിട്ടാണ് ജീവിപ്പിച്ചത് . അങ്ങനെ ദക്ഷന്‍ അജമുഖനായി. ദക്ഷന്‍ ശിവന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു . പിന്നീട് ശിവന്‍ മറ്റുള്ളവര്‍ക്ക് വികലാംഗത്വം മാറ്റിക്കൊടുത്തു. എല്ലാവരും പൂര്‍വ്വരൂപം പ്രാപിച്ചു. എല്ലാവരും ഒന്നിച്ചു ശിവനെ സ്തുതിച്ചു പ്രസാദിപ്പിച്ചു.
ദക്ഷന്‍ വീണ്ടും യാഗം തുടങ്ങി. ഈ സമയം വിഷ്ണു ഭഗവാന്‍ പ്രത്യക്ഷപെട്ടു . എല്ലാവര്‍ക്കും അര്‍ഹമായ വിധത്തില്‍ യജ്ഞഭാഗം നല്‍കി വിധിയാംവണ്ണം യജ്ഞം
അവസാനിപ്പിച്ചു.
യജ്ഞാഗ്നിയില്‍ പ്രാണത്യാഗം ചെയ്ത സതീദേവി പിന്നീട് ഹിമവാന്റെയും മേനകയുടെയും പുത്രി പാര്‍വ്വതി ആയി ജനിച്ച് വീണ്ടും പരമശിവപത്നിയായി......

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates