*ഒരു തമിഴ്നാട് മുരുക അറിവ്*
തമിഴ്നാട്ടിൽ മുരുക ക്ഷേത്രം ഇല്ലാത്ത ഒരു ഗ്രാമങ്ങൾ പോലും കാണില്ല. കാരണം തമിഴർക്ക് തങ്ങളുടെ കൺകണ്ട ഈശ്വരൻ വേലായുധൻ തന്നെയാണ്. ആയതിനാൽ മുരുകഭക്തിയുടെ ഹൃദയഭൂമിയായി മാറി ഈ തമിഴകം. അങ്ങനെയുള്ള ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യ ദേവന്റെ സർവ്വ പ്രശസ്തമായി ആറു ക്ഷേത്രങ്ങളെ കണക്കാക്കുന്നു. ഈ ആറ് ക്ഷേത്രങ്ങളെയും ആറുപടൈ വീടുകൾ എന്നു പറയുന്നു.
സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുക തൃപ്പടി എന്ന തന്റെ കൃതിയില്‍ ആറുപടൈവീടുകളെപ്പറ്റി പരാമർശിച്ചത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില്‍ ബാലസുബ്രഹ്മണ്യന്‍ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. ആണ്ടവന്റെ ആറുപടൈവീടുകളില്‍ ദർശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. തമിഴ്‌നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ഹൈന്ദവരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ തന്നെയാണ്.
ഈ ആറ് ക്ഷേത്രങ്ങളും യഥാക്രമം മനുഷ്യ ശരീരത്തിലെ ആറ് ചക്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ശരീരാന്തസ്ഥമായ ചക്ര ഭാഗത്ത് ബാധിക്കുന്ന രോഗങ്ങൾ മാറുവാൻ അതാത് ചക്രത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രത്തിലെ മൂർത്തിയെ ആരാധിക്കുകയും അവിടത്തെ അഭിഷേക ദ്രവ്യങ്ങൾ ഭുജിക്കുന്നതും നല്ലതാണ്.
ചക്രം ക്ഷേത്രം
മുലാധാരം തിരുപ്പറകുണ്ട്രം
സ്വാധിഷ്ഠാനം തിരുച്ചെന്തൂർ
മണിപൂരകം പഴനി
അനാഹതം സ്വാമിമല
വിശുദ്ധി തിരുത്തണി
ആജ്ഞ പഴമുതിർചോല
ഈ തിരുപ്പറകുണ്ട്രത്തിൽ ഭജിച്ചാല്‍ സമ്പത്ത്. തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം. പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും. സ്വാമിമലയില്‍ ജ്ഞാനം. തിരുത്തണിയില്‍ ശാന്തിയും ഐശ്വര്യവും. പഴമുതിര്‍ച്ചോലയില്‍ വിവേകം. ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ ആറു കോവിലുകളിലൂടെ, ആറു പടൈവീടുകളിലൂടെ ഒരു തീര്‍ഥാടനം ഏതൊരു ഭക്തരുടെയും ആഗ്രഹം തന്നെയാണ്.🙏🌹
No comments:
Post a Comment