Wednesday, November 16, 2016

ശബരിമലയ്ക്ക് മാലയിട്ടാല്‍

മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
മാംസഭക്ഷണം പാടില്ല.
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.

ശബരിമലയില്‍ ചെയ്യരുതാത്തത്
----------------------------------------------------
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല.
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്.

ഗുരുദക്ഷിണ എട്ടുതവണ
------------------------------------------
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

പ്രധാനം ബ്രഹ്മചര്യം
-----------------------------------
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

പമ്പയിലെ പിതൃതര്‍പ്പണം
-------------------------------------------
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും - രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.

മുദ്രാധാരണം
------------------------------
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-

'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates