Tuesday, November 29, 2016

കല്ലിടാംകുന്നിന്റെ കഥ

*കല്ലിടാംകുന്നിന്റെ കഥ*
🌼🌼🌼🌼🌼🌸🌼🌼🌼🌼🌼
മഹിഷീനിഗ്രഹത്തിന് ശേഷം അതിന്റെ ജഢവുമായി കാനനവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ ആനന്ദനർത്തനത്തിന്റെ വിശേഷങ്ങൾ മുൻപ് പരാമർശിച്ചിരുന്നല്ലൊ. പിൽക്കാലത്ത് പേട്ടതുള്ളലായി മാറിയ അന്നത്തെ ആ ആഹ്ലാദയാത്ര ആരംഭിച്ചത് ആ യുദ്ധത്തിൽ അയ്യപ്പനോടൊപ്പം പ്രധാന പങ്കുകാരനായിരുന്ന് തലപ്പാറ വില്ലന്റെ ആ‍സ്ഥാനത്ത് നിന്നായിരുന്നു . ആ സ്ഥലത്താണ് ഇന്ന് പേട്ടയിൽ ശാസ്താവിന്റെ ക്ഷേത്രം നിലകൊള്ളുന്നത് . പേട്ടയാരംഭിയ്ക്കുന്ന പേട്ടയിൽശാസ്താവിന്റെ അമ്പലത്തിനു മുന്നിലായി തലപ്പാറ മലയുടെ ഒരു ഭാഗം ദൃശ്യമാണ് . ഇവിടെ തൊഴുതതിനു ശേഷമാണ് പേട്ടതുള്ളൽ തുടങ്ങുന്നത് .
അയ്യപ്പൻ വധിച്ച കാട്ടെരുമയുടെ ഭീമാകാരമായ ശരീരം എവിടെ മറവു ചെയ്യുമെന്നതായിരുന്നു അടുത്ത പ്രശ്നം. ഇതിനു മുൻപ് പലപ്പോഴും കാട്ടുജാതിക്കാരുടെ കടുത്ത ആക്രമണത്തിൽ മൃതപ്രായമായ ആ ജീവിയെ മരിച്ചുവെന്ന് വിചാരിച്ച് കുഴിച്ചിടുകയും കുറേക്കഴിയുമ്പോൾ അത് മണ്ണിനടിയിൽ നിന്ന് കുതറി എഴുന്നേറ്റ് പായുകയും ചെയ്തിട്ടുണ്ട് .മരിച്ചാലും വീണ്ടും ജീവൻ വെച്ചെഴുന്നേറ്റ് വരുന്ന ഏതോ ദുഷ്ടശക്തി എരുമയുടെ രൂപം സ്വീകരിച്ചതാണെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. ജനങ്ങളുടെ അവശേഷിയ്ക്കുന്ന ഭീതിയും അകറ്റുന്നതിനു വേണ്ടി ആ ജഢം അഴുതാമേടിന്റെ മുകളിലേയ്ക്ക് ചുമന്നു കൊണ്ടുവരുവാൻ അയ്യപ്പസ്വാമി ആവശ്യപ്പെട്ടു. അതനുസരിച്ച് ജനങ്ങൾ എല്ലാവരും ചേർന്ന് ആ ഭീമാകാരമായ ശരീരം ചുമന്ന് മുകളിലെത്തിച്ചതിന് ശേഷം അയ്യപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം അഴുതാമേടിന്റെ വലതു വശമുള്ള അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് സ്വാമിയുടെ നിർദ്ദേശപ്രകാരം തന്നെ താഴെയുള്ള അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ ചുമന്ന് കൊണ്ടുവന്ന് ആ കൊക്കയിലിട്ട് അത് ഏറെക്കുറെ നികത്തി . ഇനി ഒരുപക്ഷെ ജനങ്ങളുടെ വിശ്വാസപ്രകാരം ആ എരുമയ്ക്ക് ജീവൻ വച്ചുവെന്ന് കരുതിയാലും ആ നികന്നകൊക്കയിൽ നിന്ന് എഴുന്നേറ്റ് വരുക അസംഭവ്യമാണല്ലൊ. ജനങ്ങളുടെ മനസ്സിൽ ഒരുതരി പോലും ഭീതി അവശേഷിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണ് ആശ്രിതവത്സലനായ മണികണ്ഠസ്വാമി ഇങ്ങനെ ചെയ്യിച്ചത്. അന്ന് ആ കിടങ്ങ് നികത്തുവാൻ വേണ്ടി അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ചുമന്നുകൊണ്ടുവന്ന ചരിത്ര സംഭവത്തിന്റെ അനുസ്മരണമായി കാലം സൂക്ഷിച്ചുവെച്ച ഒരാചാരമാണ് അഴുതനദിയിൽ മുങ്ങി കല്ലെടുത്തുകൊണ്ടുവന്ന് അഴുതമേട്ടിലുള്ള കല്ലിടാംകുന്നിൽ നിന്ന് വലിച്ചെറിയുന്ന ചടങ്ങായിമാറിയത് . ഒരു പക്ഷേ പിന്നീടതു വഴി പോയിരുന്ന കാട്ടുജാതിക്കാരെല്ലാം അവിടെയെത്തുമ്പോൾ ആ കൊക്കയിലേക്ക് ഒരു പാറക്കഷ്ണം വലിച്ചെറിഞ്ഞ് തൃപ്തിയടയുന്ന പതിവ് പിന്നീടൊരു ചടങ്ങായി മാറിയതും ആവാം.ഏതായാലും ഇന്ന് കാനാന പാതവഴി ശബരിമലയ്ക്ക് നടന്ന് പോകുന്ന ഭക്തരെല്ലാം അഴുതയിൽ നിന്ന് കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിച്ച് കർപ്പൂരം കത്തിച്ച് വന്ദിച്ച ശേഷമാണ് യാത്ര തുടരുന്നത്.

*എരുമേലിയിലെ പുത്തൻ വീട്*
🌺🌺🌺🌺🌺🌸🌺🌺🌺🌺🌺
എരുമേലിയുമായി അയ്യപ്പസ്വാമിയെ ബന്ധപ്പെടുത്തുന്ന മറ്റൊരു കണ്ണിയാണ് പുത്തൻ വീട്. എരുമേലി പേട്ട അമ്പലത്തിലേയ്ക്ക് പോകുന്ന വഴിയിൽ വലതു വശത്ത് ഉള്ളിലേയ്ക്ക് കയറിയാണ് പുത്തൻ വീട് സ്ഥിതി ചെയ്യുന്നത്. ശൈവ വെള്ളാള സമുദായത്തിൽ‌പ്പെട്ട ഒരു കുടുംബത്തിന്റേതാണ് പുത്തൻ വീട്. അയ്യപ്പസ്വാമി എരുമേലിയിൽ വന്ന സമയത്ത് ആ വീട്ടിലെ ഭക്തയായ ഒരമ്മയുടെ ആതിഥ്യം സ്വീകരിച്ച് അവിടെ വിശ്രമിച്ചു എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ വിശ്വാസത്തെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന തരത്തിൽ അയ്യപ്പസ്വാമി വന്നിരുന്നതായ ആപഴയ മൺ വീട് ഇന്നും കാലത്തെ അതിജീവിച്ച് അവിടെ നിലനിൽക്കുന്നുണ്ട്. മൺ തറമേൽ പലകകൊണ്ട് നിർമ്മിച്ച ആ പുരാതനമായ വീട്ടിൽ അയ്യപ്പസ്വാമി വന്ന് വിശ്രമിച്ച മുറിയും അദ്ദേഹം ഓർമ്മയ്ക്കായി നൽകിയതെന്ന് വിശ്വസിയ്ക്കപ്പെടുന്ന വാളും ഇന്നും കാണാം. അടുത്തകാലത്ത് അശ്രദ്ധ കൊണ്ട് അവിടെ തീ പിടിച്ചു വെങ്കിലും നിമിഷം കൊണ്ട് ഭസ്മമാകാവുന്ന ആ വീടിന്റെ കുറച്ച് മുകൾ ഭാഗം മാത്രം കത്തിയതല്ലാതെ പ്രധാനഭാഗങ്ങളിലേയ്ക്ക് അഗ്നി പടർന്നില്ല എന്നത് അവിശ്വസനീയമായ ഒരദ്ഭുതം തന്നെയാണ്. ഈ ചരിത്ര സ്മാരകത്തേക്കുറിച്ച് അധികം ഭക്തർക്കറിയില്ല എങ്കിലും അറിയുന്ന ഭക്തരെല്ലാം എരുമേലിയിലെത്തി ഈ വീട് ദർശിച്ച് തൊഴുത്പ്രാർത്ഥിച്ച ശേഷമാണ് മലചവിട്ടുന്നത്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates