Wednesday, November 16, 2016

ശബരിമലയാത്ര​


🌿🌿🌿🌿🌿🌿🌿

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല. ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ ‘തത്വമസി’ ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്.

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു.

ശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്.

എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്. മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ‘ശരണമന്ത്രം’ ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല. അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്

എരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക. അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്.

എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം. തുടര്‍ന്ന് പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി. മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്.

അഴുത

കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്.

അഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം എത്തിച്ചേരും. യഥാര്‍ത്ഥ മലകയറ്റവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കീഴ്ക്കാംതൂക്കായ അഴുതമേട് കയറി തുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരും.

കല്ലിടുംകുന്ന്

അഴുതയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് കല്ലിടുംകുന്ന്. ഇവിടെ മഹിഷിയുടെ ശരീരം കല്ലിട്ടുമൂടിയതാണെന്നും, ഉദയനന്റെ കോട്ടയുടെ കിടങ്ങുകള്‍ ഭഗവാന്‍ അയ്യപ്പന്റെ സൈന്യം കല്ലിട്ടുമൂടിയതാണെന്നും രണ്ടുപക്ഷമുണ്ട്.

എങ്കിലും പരമ്പരാഗത ചടങ്ങെന്ന നിലയില്‍ അഴുതയില്‍ നിന്ന് കൈവശം എടുത്ത കല്ല് ഇവിടെ നിക്ഷേപിച്ച് വലംതിരിഞ്ഞ് യാത്ര തുടരുന്നു. അല്‍പം പിന്നിടുന്നതോടെ ഇഞ്ചിപ്പാറ കോട്ടയിലെത്തും. അഴുതമേട് കയറ്റം അവസാനിക്കുന്ന ഇവിടെ ഇഞ്ചിപ്പാറ മൂപ്പന്റെയും കോട്ടയില്‍ ശാസ്താവിന്റെയും ക്ഷേത്രങ്ങളുണ്ട്.

കരിമല

ഇഞ്ചിപ്പാറയില്‍ നിന്ന് ഇറക്കമിറങ്ങിയെത്തുന്നത് മുക്കുഴിയിലാണ്. ഇവിടുത്തെ ഗണപതി, ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പുതുശേരി മലയടിവാരത്തിലൂടെ പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടില്‍ കൂടി സഞ്ചരിച്ചെത്തുമ്പോഴാണ് തീര്‍ത്ഥാടകനെ ഉള്ളഴിഞ്ഞ് ശരണം വിളിപ്പിക്കുന്ന കരിമലയാത്ര ആരംഭിക്കുന്നത്.

കരിയിലാംതോടിന്റെ താഴ്‌വാരമായ ഇവിടം കരിമല ഉദയനന്റെ ആസ്ഥാനമായിരുന്നു. വനദുര്‍ഗ്ഗ, കരിമലനാഥന്‍, കൊച്ചുകടുത്ത എന്നീ ശക്തികളുടെ ആരാധനാ സ്ഥാനങ്ങളും ഉണ്ട്. ദുഷ്ടമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കരിമലയിലേക്ക് ഇവിടെ നിന്ന് കയറിത്തുടങ്ങും. ഒരുതട്ട് കയറി അടുത്തതിലേക്ക് എത്തും. അങ്ങനെ ഏഴ് തട്ടുകള്‍ താണ്ടിയാലേ മലമുകളിലെത്തൂ.

ശരണംവിളികള്‍ ഉച്ചസ്ഥിതിയിലാകുന്നതും ഈ മലകയറ്റത്തിലാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധിയില്‍ ഭഗവാന്‍ അയ്യപ്പനെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ കരുത്തില്‍ മാത്രമേ കരിമല കയറ്റം പൂര്‍ണ്ണമാക്കാനാവൂ. മലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത കിണറും, കുളവുമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ദാഹശമനം വരുത്താന്‍ ഇത് സഹായകമാവുന്നു. നാലാമത്തെ കോട്ടയായ കരിമല കൊച്ചുകടുത്ത സ്വാമിയുടെയും ഭഗവതിയുടെയും അധിവാസ ഭൂമിയാണ്. ‘വ്രതഭംഗം വരുത്തിയവരെ കരിമല കടത്തിവിടാറില്ല’ എന്നാണ് പഴമക്കാര്‍ പറയുന്നത്.

വലിയാനവട്ടം-ചെറിയാനവട്ടം

കാഠിന്യമേറിയ കരിമല കയറിയാല്‍ പിന്നെ അതിലും കഠിനമായ ഇറക്കമാണ്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് സമതല പ്രദേശത്തേക്കാണ്-വലിയാനവട്ടം, അല്‍പ്പം മുന്നോട്ടു ചെല്ലുമ്പോള്‍ ചെറിയാനവട്ടവും. ഇവിടെയാണ് അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. തുടര്‍ന്നുള്ള യാത്ര പമ്പാതടത്തിലേക്കാണ്. പുണ്യപമ്പയിലെ സ്‌നാനം അയ്യപ്പ ഭക്തന്റെ ക്ഷീണമെല്ലാം തീര്‍ത്ത് ആനന്ദത്തിലെത്തിക്കും. ഒപ്പം ആത്മീയമായ ഉണര്‍വും, ശാന്തമായ മനസും കൈവരിക്കുവാന്‍ സഹായിക്കുന്നു.

നീലിമല

അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയുടെ അവസാനഭാഗമാണ് പമ്പയില്‍ നിന്ന് നീലിമല കയറ്റത്തോടെ ആരംഭിക്കുന്നത്. പമ്പാഗണപതിയെ ദര്‍ശിച്ച ശേഷമാണ് മൂന്ന് തട്ടുകളായുള്ള നീലിമല കയറ്റം ആരംഭിക്കുന്നത്. നീലമല കയറി അപ്പാച്ചിമേട് പിന്നിട്ട് ഭക്തര്‍ എത്തുന്നത് ശബരിപീഠത്തിലാണ്.

രാമായണത്തിലെ ഭക്തശിരോമണിയായ ശബരി തപസ്സുചെയ്ത സ്ഥലമാണ് ഈ പുണ്യസങ്കേതം. ഇവിടെ നിന്ന് ഒരുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ ശരംകുത്തിയാല്‍ത്തറയില്‍ എത്തും. അയ്യപ്പനും സൈന്യവും തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.

പരമ്പരാഗത തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്ന എരുമേലിയില്‍ കുടികൊള്ളുന്ന ശാസ്താവ് ചാപപാണിയായ പുലിവാഹനനാണ്. ശബരിമലയിലെ ശാസ്താവ് യോഗാരൂഢനും ചിന്മുദ്രയില്‍ കൂടി മൗനവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്ന പരമാചാര്യനുമാണ്. അതുകൊണ്ടുതന്നെ എരുമേലിയില്‍ നിന്ന് കന്നി അയ്യപ്പന്മാര്‍ കൊണ്ടുവന്നിട്ടുള്ള ശരക്കോല്‍ ശരംകുത്തിയാല്‍ത്തറയില്‍ അര്‍പ്പിക്കും. അതിനപ്പുറത്തേക്ക് ആയുധ സാന്നിധ്യമില്ല.

പതിനെട്ടാംപടി

ശരംകുത്തിയാല്‍ കഴിഞ്ഞാലുടന്‍ ഭക്തര്‍ എത്തിച്ചേരുന്നത് പൊന്നുപതിനെട്ടാംപടി സ്ഥിതി ചെയ്യുന്ന സ്വാമിയുടെ സന്നിധാനത്തിലേക്കാണ്. ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനത്തിന് അവകാശമുള്ളു. മലദൈവങ്ങള്‍ കുടിയിരുത്തപ്പെട്ട ഈ പടികള്‍ ഭഗവല്‍ സന്നിധിയെ പ്രാപിക്കുവാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളാണ്. നാലാള്‍ ഉയരത്തില്‍ ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിയ്ക്കകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

പതിനെട്ടാംപടി സംശുദ്ധസ്ഥാനവും, സത്യധര്‍മ്മങ്ങളുടെ ആസ്ഥാനമാകയാല്‍ പടിക്കിരുവശവുമായി കറുപ്പ, കടുത്ത സ്വാമികള്‍ ഭൂതവൃന്ദങ്ങളോടുകൂടി കാത്തുനില്‍ക്കുന്നു. പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനം നടത്തി ശബരീശപാദങ്ങളില്‍ തന്റെ പാപഭാരങ്ങള്‍ സമര്‍പ്പിക്കുന്നതോടെ ഭക്തന്റെ തീര്‍ത്ഥയാത്ര പൂര്‍ണ്ണത കൈവരിക്കുന്നു. ഒപ്പം ഭക്തനും ഭഗവാനും ഒന്നായി തീരുന്നു.

സ്വാമിയേ ശരണമയ്യപ്പ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates