Wednesday, September 27, 2017

നവരാത്രി മൂന്നാം ദിനം

മാതാ ചന്ദ്രഘണ്ട .MATHA CHANDRAGHANDA
ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയില് ധരിച്ചിട്ടുള്ളതിനാല് ചന്ദ്രഘണ്ട എന്ന് പറയുന്നു. പ്രശാന്തിയുടെ പുഷ്ടിയുടെ ശോഭ വിതറുന്ന രൂപമാണ് ചന്ദഘണ്ട. ദേവി ത്രിനയനയാണ്. ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളാണ്. നീതി നടപ്പാക്കുന്നവളാണ്. ഭക്തർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളോട് യുദ്ധം ചെയ്യാനുള്ള ശക്തിയും ധൈര്യവും കൊടുക്കുന്നവളാണ്. തിന്മയും ദുഷ്ടതയും നശിപ്പിക്കുന്ന അടിച്ചമർത്തുന്ന ദേവിയുടെ ആ രൂപം തന്നെ നമുക്ക് ശക്തി തരുന്നു. ഭക്തർക്ക് ദേവി അതിസൗമ്യയാണ് ശാന്തയാണ്. ചന്ദ്രഘണ്ടാദേവിയെ ഉപാസിക്കുന്നതിലൂടെ മഹത്വവും പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടിയെത്തും. ആദ്ധ്യാത്മിക ഉന്നതി നേടുന്നതിനും ദേവി നിങ്ങളെ സഹായിക്കും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിയുടെ രൂപം ധ്യാനിച്ചാൽ തന്നെ നിങ്ങൾക്ക് ശക്തി ലഭിക്കും നിങ്ങളുടെ എല്ലാ ചീത്ത ഊർജ്ജങ്ങളും പ്രശ്നങ്ങളും നിങ്ങളെ വിട്ടുപോകും. ചന്ദ്രഘണ്ടാദേവിയെ ലളിതമായ ആചാരങ്ങളിൽകൂടി ആരാധിക്കാം. ആദ്യം എല്ലാ ദേവതമാരെയും ഗ്രഹങ്ങളെയും കലശത്തിൽ ആരാധിച്ചശേഷം ഗണേശൻ ,കാർത്തികേയൻ , സരസ്വതി , ലക്ഷ്മി , വിജയ , ജയ എന്നിവരെ ആരാധിക്കുക.
അതിനുശേഷം ചന്ദഘണ്ടയെ ആരാധിക്കുക. ശിവനെയും ബ്രഹ്മദേവനെയും നന്നായി പ്രാർത്ഥിച്ചുകൊണ്ട് പൂജ ഉപസംഹരിക്കുക. ചന്ദ്രഘണ്ടയെ ആരാധിക്കുന്നതിനുള്ള മന്ത്രം -

''പിണ്ഡജ പ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈർയുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ''

ചണ്ഡിക , രാമചണ്ഡി ഇവ ചന്ദ്രഘണ്ടാദേവിയുടെ നാമങ്ങളാണ്. ശിവപാർവ്വതമാരുടെ വിവാഹസന്ദർഭത്തിൽ പ്രേതങ്ങൾ , ഭൂതഗണങ്ങൾ അഘോരികൾ , ഋഷിമാർ എന്നിവരുടെ കൂടെ ഉഗ്രരൂപമെടുത്തുകൊണ്ട് ശിവൻ ഹിമവാന്റെ രാജകവാടത്തിലേക്ക് വന്നു. ശിവന്റെ ഭയങ്കര രൂപം കണ്ടമാത്രയിൽ പാർവ്വതിയുടെ അമ്മ ബോധംകെട്ടു വീണു. മാതാപിതാക്കന്മാരെയും ബന്ധുജനങ്ങളെയും ഭയത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പാർവ്വതി ചന്ദ്രഘണ്ടാ രൂപം എടുത്തു. ശിവനെ ശാന്തമനോഹര രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന് ചന്ദ്രഘണ്ട പ്രേരിപ്പിച്ചു. ശിവൻ ഉഗ്രരൂപം വെടിഞ്ഞ് മനോഹരനായ രാജകുമാരന്റെ രൂപം കൈക്കൊണ്ടു.
ദേവിക്ക് സ്വർണ്ണനിറമാണ്. കടുവയാണ് വാഹനം. കടുവയുടെ ഘോര ഗർജ്ജനം രൗദ്രതെയാണ് സൂചിപ്പിക്കുന്നത്. കോപം വന്നാൽ ദേവി ഉഗ്രസംഹാരമൂർത്തിയാവും എന്നാണ് ഇത് കാണിക്കുന്നത്. ശാന്തഭാവത്തിൽ അവിടുന്ന് കരുണയുടെ മൃദുലരൂപമാണ് . ദേവിയെ ഉപാസിക്കുന്നവർക്ക് ദിവ്യമായ പ്രഭാവവലയം വികസിക്കും. അവരുമായി സമ്പർക്കം ചെയ്യുന്നവരിലും ആ പ്രഭ ബാധിക്കും. അവര് വളരെ എളുപ്പത്തിൽ ജീവിതവിജയം നേടും. യുദ്ധസമയത്ത് ദേവിയുടെ മണി പുറപ്പെടുവിക്കുന്ന ഘോരമായ ശബ്ദത്തിന്റെ ശക്തികൊണ്ട് ആയിരക്കണക്കിന് രാക്ഷസന്മാർ മൃതിയടയുന്നു. ഭക്തരുടെ ദുഃഖങ്ങളെ നശിപ്പിച്ച് അവർക്ക് ഐശ്വര്യം വരുത്തുന്നതിനുവേണ്ടിയുള്ള ഇച്ഛയാണ് യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ദേവിയുടെ രൂപം സൂചിപ്പിക്കുന്നത്. ദേവി ഭക്തർക്ക് ദിവ്യദർശനങ്ങൾ നൽകുന്നു. യോഗസാധനയിൽ മണിനാദം മുതലായവ കേൾക്കുന്നത് ദേവിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.
ശുംഭനിശുംഭൻമാരെ കൊല്ലുന്നതിന് ദുർഗ്ഗ കൗശികി ആയി അവതരിച്ചു. അസുരരെ ആകർഷിക്കുന്നതിനും വധിക്കുന്നതിനും വേണ്ടി കൗശികി ഉദാത്തമായ സൗന്ദര്യമുള്ളവളായി. നിശുംഭനെക്കൊണ്ട് കൗശികിയെവിവാഹം ചെയ്യിക്കണമെന്ന് ശുംഭൻ തീരുമാനിച്ചു. കൗശികിയെ പിടിച്ചുകൊണ്ടുവരാൻ ധൂമ്രലോചനനെ അയച്ചു. ദേവി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള് അവൻ ദേവിയെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. കോപിഷ്ടയായ കൗശികി കടുവയുടെ പുറത്തിരിക്കുന്ന യുദ്ധസന്നദ്ധയായ ഉഗ്രരൂപിണിയായി. ധൂമ്രലോചനനേയും അവന്റെ സൈന്യങ്ങളെയും ദേവി വധിച്ചു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates