Thursday, March 24, 2016

കലിയുഗത്തിന്റെ മഹിമ...

കലിയുഗത്തിന് തിഷ്യയുഗം എന്നൊരു പേരുകൂടിയുണ്ട്. ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്‍ത്ഥം. മഹാപാപങ്ങള്‍ വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.

കലിയുഗത്തില്‍ സര്‍വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളില്‍ അനേകവര്‍ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാണ് മുക്തി ലഭിക്കുക. എന്നാല്‍ കലിയുഗത്തില്‍ ഭഗവാന്റെ തിരുമാനങ്ങള്‍ ഭക്തിയോടുകൂടി ജപിച്ചാല്‍ തന്നെ സര്‍വാഗ്രഹങ്ങളും വളരെ വേഗത്തില്‍ സാധിക്കുന്നു എന്നു പറയുന്നു.

അതുകൊണ്ടുതന്നെ വിദ്വാന്മാര്‍ കലിയുഗത്തെ പ്രശംസിക്കുന്നു. മേല്‍പ്പത്തൂരിന്റെ നാരായണീയത്തില്‍ കലിയുഗത്തെ ഇപ്രകാരം പ്രകീര്‍ത്തിച്ചിരിക്കുന്നു.

“ സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീര്‍ത്തനാദൈ്യര്‍- ന്നിര്യത്തൈരേവമാര്‍ഗ്ഗൈരഖിലദന ചിരാത് ത്വത്പ്രസാദം ഭജന്തേ ജാതാസ്‌ത്രേതാകൃതദാവപിഹികിലകലൗ സംഭവം കാമയന്തേ ദൈവാത് തത്രൈവതാന്‍ വിഷയവിഷരസൈര്‍ മ്മാവിഭോവഞ്ചയാസ്മാന്‍

ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്‍വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്‍, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് ഈ കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില്‍ അവിടുന്ന് പ്രസാദിക്കുന്നു. എന്നാല്‍ കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്‍വര്‍ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.

അതുകൊണ്ട് ഇതരയുഗങ്ങളില്‍ ജനിച്ചവര്‍കൂടി കലിയില്‍ ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്‍ഷം നിറഞ്ഞ കലിയുഗത്തില്‍ ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില്‍ വ്യാമോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില്‍ ഫലസിദ്ധിയെ നല്‍കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില്‍ നിന്ന് വളരെ വേഗത്തില്‍ മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന്‍ പുരാണങ്ങള്‍ രചിച്ചത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു.

പുരാണങ്ങള്‍ മനുഷ്യമനസ്സിലെ എല്ലാ ദുര്‍വിചാരങ്ങളെയെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള്‍ കീര്‍ത്തിക്കുക, ലീലകള്‍ സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില്‍ വെച്ച് ശ്രേഷ്ഠമായിരിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് തന്നെ കലിയില്‍ മുക്തിപ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് ഇപ്രകാരം വിവരിച്ചിട്ടുണ്ട്.

ഗംഗാഗീതാച ഗായത്ര്യപിചതുളസികാ ഗോപികാ ചന്ദനം തത് സാലഗ്രാമാഭിപൂജാ പരപുരുഷതഥൈ- കാദശീ നാമവര്‍ണ്ണാഃ ഏതാനുഷ്ടാപ്യയത്‌നാന്യയി കലിസമയേ ത്വത്പ്രസാദപ്രവൃദ്ധ്യാ ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധുരൃഷയ സ്‌തേഷുമാം സജ്ജയോഥാഃ

അല്ലയോ പരംപുരുഷനായ ഭഗവാന്‍, ഗംഗാസ്‌നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള്‍ ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില്‍ അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates