Saturday, January 27, 2024

സീതാലോകമെന്ന സീതാവൈകുണ്ഠ

*🌄________________🪔________________🌅*
സീതാലോകമെന്ന സീതാവൈകുണ്ഠ(ലോക)ത്ത് കുടികൊള്ളുന്നത് ആദിനാരായണൻ, ശ്രീരാമന്റെ അത്യുന്നത പരമോന്നത ഭാവം.

ശിവ-ശക്തിയെപ്പോലെ, ശ്രീരാമ-ശക്തിയാണ് സീത. അവർ ഒന്നാണ്, അർദ്ധനാരീശ്വരഭാവമാണ്.

സീത സഹജാനന്ദിനിയാണ്, ആനന്ദം  സഹജമായുള്ളവൾ. രുക്മിണി, രാധ എല്ലാം സീത തന്നെ. ബാലരാമനും ശ്രീകൃഷ്ണനും ചേർന്നതാണ് ശ്രീരാമൻ.

യുദ്ധം അവസാനിച്ച ശേഷം, മുറിവേറ്റവരും മരിച്ചവരുമായ ശ്രീരാമസേനയെ പുനരുജ്ജീവിപ്പിക്കുന്നത് സീതാദേവിയുടെ കരുണാപൂർണ്ണമായ കൃപാകാടാക്ഷമാണ്.

'വിഭീഷണനെ ലങ്കാധിപതിയാക്കിയിരിക്കും' എന്ന് വാക്കുകൊടുത്ത ശ്രീരാമചന്ദ്രനോട്, 'അഥവാ രാവണൻ മാപ്പുപറഞ്ഞ് അവിടുത്തെ തൃപ്പാദങ്ങളിൽ ശരണമടഞ്ഞാൽ എന്ത് ചെയ്യും' എന്ന് സംശയിക്കുന്ന സുഗ്രീവനോട് മന്ദഹാസം മങ്ങാതെ 'അങ്ങിനെ വന്നാൽ അയോദ്ധ്യ വിഭീഷണന് കൊടുക്കും' എന്ന് പറയുന്നുണ്ട് ശ്രീരാമൻ. 

ഗരുഡനെപ്പോലും തറപറ്റിച്ച , ദേവന്മാർക്കൊക്കെയും ഭീതിവിതച്ച, അതിശക്തനായ, കാലന്റെ സഹോദരിയായ കാലകണ്ഠികയുടെ പുത്രനായ്പ്പിറന്ന ഭുസുണ്ഡൻ എന്ന കാക്കയ്ക്ക് സദ്ബുദ്ധികൈവരാൻ, ദേവോപദ്രവങ്ങൾ കുറയാൻ, ബ്രഹ്മദേവൻ ഉപദേശിച്ചു കൊടുത്ത രാമകഥയാണ് ബ്രഹ്മരാമായണം. ആ ആദിരാമായണമായ ബ്രഹ്മരാമായണത്തിലാണ് മേൽപ്പറഞ്ഞ സത്തുക്കൾ കാണാനാവുക. 

ത്രേതായുഗം അവസാനിച്ച് ദ്വാപരയുഗത്തിൽ കൃഷ്ണാവതാരകാലത്ത് ഭീഷ്മപിതാമഹൻ ശരശയ്യയിൽ മരണം കാത്തുകിടക്കവേയാണ് യുധിഷ്ഠിരന്, (പാണ്ഡവർക്ക്) വിഷ്ണുസഹസ്രനാമം ഉപദേശിക്കുന്നത്. വിഷ്ണുസഹസ്രനാമത്തിന്റെ അവർണ്ണനീയമായ ചാതുരിയിൽ സകലരും മയങ്ങിനിന്നുപോയെന്നും പിന്നീട് സഹദേവൻ തന്റെ ഓർമ്മയിൽ നിന്നും ആ സഹസ്രനാമങ്ങൾ വ്യാസമഹർഷിക്ക് ചൊല്ലിക്കൊടുത്തുവെന്നും വ്യാസമഹർഷി പറഞ്ഞുകൊടുത്തതനുസരിച്ച് ശ്രീഗണപതി അത് എഴുതിക്കൊടുത്തു എന്നും വേദവ്യാഖ്യാതാക്കൾ. 

ഏറ്റവും പ്രചുരപ്രചാരം സിദ്ധിച്ചത് മഹാഭാരതകാവ്യത്തിലെ അനുശാസന പർവ്വത്തിലെ, നമുക്ക് സുപരിചിതമായ സഹസ്രനാമത്തിനാണ് എങ്കിലും, വിഷ്ണുസഹസ്രനാമങ്ങൾ പദ്മപുരണത്തിലും, സ്‌കന്ദപുരാണത്തിലും, ഗരുഢപുരാണത്തിലും വാക് വകഭേദങ്ങളോടെ കാണാവുന്നതാണ്.

ഏതൊരു മന്ത്രത്തിനും ഒരു ഋഷി ഉണ്ടാകും. ആ മന്ത്രം കണ്ടെടുത്ത ആളാണ് ആ മന്ത്രത്തിന്റെ ഋഷി ആയി വാഴ്ത്തപ്പെടുന്നത്. ഇന്ന് പ്രസിദ്ധമായ വിഷ്ണുസഹസ്രനാമം നോക്കിയാൽ ' ഭഗവാൻ വേദവ്യാസോ ഋഷി' എന്നാണ് പറയപ്പെടുന്നത്. അതായത്, ഈ മന്ത്രം കണ്ടെടുത്തിരിക്കുന്നത് ശ്രീ വേദവ്യാസൻ തന്നെയാണ്. മന്ത്രത്തിന്റെ ദേവത ശ്രീകൃഷ്ണപരമാത്മാവാണ്. ദേവകീസുതൻ. സഹസ്രനാമം എന്ന് പറയുമെങ്കിലും 901 നാമങ്ങളാണ് ഈ വിഷ്ണുസഹസ്രനാമത്തിലുള്ളത്.

901 നാമങ്ങളിൽ 815 എണ്ണമാണ് ഒരു പ്രാവശ്യം വരുന്നത്.75 നാമങ്ങൾ രണ്ട് പ്രാവശ്യവും 9 നാമങ്ങൾ മൂന്ന് പ്രാവശ്യവും 2 നാമങ്ങൾ നാലുപ്രാവശ്യവും ആവർത്തിക്കപ്പെടുന്നുണ്ടെന്നാലും ഓരോ പ്രാവശ്യവും അർത്ഥതലങ്ങൾ മാറുന്നുവെന്ന് ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിച്ചിട്ടുണ്ട്.

ഈ വിഷ്ണുസഹസ്രനാമത്തിന്റെ അവസാനഭാഗത്ത് "ഈശ്വര ഉവാച" എന്നൊരു ഭാഗമുണ്ട്. പരമേശ്വരൻ പാർവ്വതിയോട് പറയുന്നു "ശ്രീരാമരാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനെ" എന്ന്.

സഹസ്രനാമങ്ങൾ ജപിക്കുമ്പോൾ വാക്കുകൾ ശരിയായി ഉച്ചരിക്കാനും മനസ്സിലാക്കാനും വേണ്ട സമയവും അറിവുമില്ലാത്ത മാലോകർക്ക് ശ്രീവിഷ്ണുസഹസ്രനാമം ജപിച്ചാൽ ലഭിക്കുന്ന ഫലം സ്വായാത്തമാക്കാൻ എന്ത് ചെയ്യേണ്ടൂ എന്നാരാഞ്ഞ പാർവ്വതീദേവിയോട് ഈശ്വരൻ പറഞ്ഞു " ഈ മന്ത്രം വിഷ്ണുസഹസ്രനാമത്തിന് തുല്യമാണ്" എന്ന്.

ഏത് മന്ത്രം? ആ മന്ത്രമാണ് ത്രയോദശാക്ഷരി. പതിമ്മൂന്ന് അക്ഷരങ്ങളാണ് ആ മന്ത്രത്തിന്. ആ പതിമൂന്നക്ഷരങ്ങളും മൂലമന്ത്രമായ 'ഓം' ചേർത്ത് ജപിക്കണം. അങ്ങിനെ ജപിച്ചാൽ അത് വിഷ്ണുസഹസ്രനാമജപത്തിന് തുല്യമാകും. ആ ത്രയോദശാക്ഷരീമന്ത്രമാണ്
" (ഓം) ശ്രീരാമ ജയ രാമ ജയ ജയ രാമ".

ആദിനാരായണനായ ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച്, ശ്രീപരമേശ്വരനെ ഗുരുവായി നിനച്ച് ജപിക്കാമോ?

ദ്വിപുഷ്ക്കരയോഗവും അമൃതസിദ്ധിയോഗവും സർവ്വാർത്ഥസിദ്ധിയോഗവും സമന്വയിക്കുന്ന ആ അത്യപൂർവ്വമുഹൂർത്തത്തിൽ, പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്തിൽ, എന്തെങ്കിലും നല്ല കാര്യങ്ങൾ തുടങ്ങി വയ്ക്കൂ. നല്ലത് വരും. 

നല്ലത് അധികമായ് വരട്ടെ. നല്ലതുകൾ ജീവിതത്തിൽ ആവർത്തിക്കട്ടെ. സർവ്വവിഘ്നങ്ങളും ഒഴിയട്ടെ. കർമ്മമേഖലയിൽ പൂർണ്ണഫലസിദ്ധി കൈവരട്ടെ മനസ്സിലും ജീവിതത്തിലും ഐശ്വര്യം വിളങ്ങട്ടെ 🙏

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates