Thursday, March 30, 2017

ഓടക്കുഴല്‍

ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്.

ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു
ഇണ ചേരുന്നു
ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്.

മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും

ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക.
എന്ത് സംഭവിക്കും?

ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം.
അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം.
ഏതായാലും അപകടം ഉറപ്പ്.

ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്.
"നവദ്വാരേ പുരേ ദേഹി"
അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു.

ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍.

അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.

ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍?

പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം

ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ

ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക.

പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ഓടക്കുഴല്‍എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക.
അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം.

ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ് അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്.

മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്;അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല

"ഹേ കുന്തീപുത്രാ
നീ എന്ത് ചെയ്യുന്നുവോ
എന്ത് ഭക്ഷിക്കുന്നുവോ
എന്ത് ഹോമിക്കുന്നുവോ എന്ത് കൊടുക്കുന്നുവോ എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ
അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി ശ്രദ്ധയോട് കൂടി ചെയ്യുക ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും"

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates