Friday, July 15, 2016

നിര്‍മ്മാല്യവും വാകച്ചാര്‍ത്തും


**********************************************
"നിര്‍മ്മാല്യം" അതിന്റെ പദപ്രയോഗം കൊണ്ടും "വാകച്ചാര്‍ത്ത്" അതിന്റെ ഉദ്ദേശ്യലക്ഷ്യം കൊണ്ടും മനുഷ്യമനസ്സിലെ പാപവാസനയെ കഴുകി നിര്‍മ്മലമാക്കുന്നതാണ്.
എല്ലാവരും കരുതുന്നത് നിര്‍മ്മാല്യം മലിനതകളില്ലാത്ത നിര്‍മ്മലമായ പ്രഥമദര്‍ശനം എന്നാണ്. അഥവാ ആദ്യമായി ശ്രീകോവില്‍ തുറക്കുമ്പോള്‍ നാം ബിംബത്തെ കാണുകവഴി നമ്മുടെ മലിനതകള്‍ ഇല്ലാതാവുന്നു എന്നാണ്.
എന്നാല്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ നിര്‍-മാല്യം എന്നാല്‍ മാലകളും ചാര്‍ത്തുകളുമെല്ലാമഴിച്ചുമാറ്റി പൂര്‍ണ്ണബിംബം തനിയേ കാണുന്നതാണ് നിര്‍മ്മാല്യം.
ആദ്യത്തെ ദര്‍ശനത്തിനെ നടതുറപ്പ് എന്നാണ് സാധാരണ പറയുന്നത്.
ഈ നട തുറക്കുമ്പോള്‍ തലേദിവസത്തെ അത്താഴപൂജയും ശയനവും കഴിഞ്ഞ് ദേവന്‍ ഉറക്കത്തില്‍ നിന്നുണരുന്ന ഉറക്കച്ചടവോടെ ഇരിക്കുകയാണ്.
ദേവനെ/ദേവിയെ ഉറക്കിയ യോഗനിദ്രാശക്തി വിട്ടുമാറുന്നതേയുള്ളൂ. ശംഖിന്റെയും മണിനാദത്തിന്റെയും ഒപ്പം പൂജാരി നട തുറക്കുമ്പോള്‍ തലേന്നു ചാര്‍ത്തിയ മാല്യാഭരണങ്ങള്‍ ഒരു മയക്കത്തിന്റെയോ വാടലിന്റെയോ പ്രതീതിയില്‍ നില്‍ക്കുകയാണ്.

സൃഷ്ടിയുടെ ആരംഭത്തിനു മുമ്പുള്ള ബ്രഹ്മത്തിന്റെ സഗുണനിരാകാരഭാവമാണ് അഥവാ വ്യക്താവ്യക്തരൂപമാണിവിടെ.
ഇവിടെ മാലിന്യങ്ങള്‍ പ്രകൃതിയുടെ ആവരണമാണ്.
പ്രഥമ ദര്‍ശനസമയത്ത് വേദസൂക്തങ്ങള്‍ ജപിച്ചുകാണ്ടുവേണം തൊഴാന്‍ എന്നാണ്. മാത്രമല്ല ദര്‍ശനം ചെയ്യുന്നവര്‍ കൈയ്യില്‍ പൂക്കളേന്തി സ്വാഗതാര്‍ഹം ശ്രീകോവില്‍പ്പടിയിലേക്ക് ഇടുകയും വേണം.
(ഇത് പലേടത്തും നടത്താറേയില്ല.)
ക്ഷേത്രം തുറന്ന് പൂജാരി ദേവചൈതന്യത്തെ ഉണര്‍ത്തി ഉത്ഥാപനം ചെയ്യുന്നു .
(അതില്‍ ഉത്തിഷ്ഠ എന്ന വാക്കുണ്ട്. ഹേ ദേവാ ഉണരൂ. കര്‍മ്മത്തിനു തയ്യാറാകൂ എന്നതത്രേ.)
ഉത്ഥാപനത്തിനുശേഷം സ്വാഗതം, ആസനം, ശോധനം, പാദ്യര്‍ഘ്യാചമനീയങ്ങള്‍.

ശേഷം സ്‌നാനശാലയിലേക്ക് പ്രവേശനം.
വസ്ത്രാഭൂഷണാദിമോചനം അഥവാ വസ്ത്രം, ആഭരണം, പുഷ്പമാല്യം ഇവ മാറ്റല്‍.
ഇതാണ് "നിര്‍മ്മാല്യദര്‍ശനം".

മാലകള്‍ നീക്കികഴിയുമ്പോള്‍ പൂര്‍ണ്ണബിംബതേജസ്സ് കാണുന്നു. ദേഹം പൂര്‍ണ നഗ്നമാണ് എന്നു സങ്കല്‍പം. ബ്രഹ്മം മറകൂടാതെയിരിക്കുമ്പോള്‍ ചൈതന്യം കൂടുതല്‍ പ്രസരിക്കുകയാണ്. ആകയാല്‍ നിര്‍മ്മാല്യദര്‍ശനം പുണ്യമാണ്.

അവ്യക്താവസ്ഥയില്‍ നിന്നും സഗുണനിരാകാരാവസ്ഥയില്‍ നിന്നും നിര്‍ഗ്ഗുണസാകാര അവസ്ഥയിലേക്ക്, അഥവാ ഗുണമുണ്ട് രൂപമില്ല എന്ന അവസ്ഥയിലേക്ക് ബ്രഹ്മം വ്യക്തമാക്കപ്പെടുകയാണ്. പിന്നീടുവേണം സൃഷ്ടിക്കുവേണ്ടി ഗുണവും രൂപവുമുള്ളവനാകാന്‍.
ദേവനെ അങ്ങനെയാക്കലാണ് വാകച്ചാര്‍ത്തും സ്‌നാനവും.
സ്‌നാനാര്‍ത്ഥം എണ്ണയാടുന്നു. സാധാരണ എള്ളെണ്ണയാണുപയോഗിക്കുന്നത്. എണ്ണ വീഴുമ്പോഴേക്കും ബിംബം കൂടുതല്‍ തേജസ്സാര്‍ന്നുവരുന്നു. ഈ എണ്ണയെ കളയുവാനുള്ള ദ്രവ്യമത്രേ വാകപ്പൊടി. പയറുപൊടിയും ഉപയോഗിക്കും. നെന്മേനി വാക എന്ന അത്യുത്തമ വൃക്ഷത്തിന്റെ ഇലയാണ് പൊടിച്ചെടുക്കുന്നത്. അതാണ് നെന്മേനിവാകച്ചാര്‍ത്ത്. സാധാരണ വാകയിലയാണെങ്കില്‍ വാകച്ചാര്‍ത്ത്. എണ്ണ പുരട്ടിയ ശിലയിലേക്ക് വാകപ്പൊടി നന്നായി വിതറുന്നു. അതൊരു മനോഹരമായ കാഴ്ചയാണ്. ശേഷം ഇഞ്ചയുപയോഗിച്ച് മെഴുക്കിളക്കി കഴുകിക്കളയുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates