Wednesday, June 8, 2016

*നാല്‌ ആശ്രമങ്ങളും ജീവിതചര്യയും*

മനുഷ്യജീവിതം സുഖം നിറഞ്ഞതാകണമെന്ന്‌ നാമെല്ലാം ആഗ്രഹിക്കുന്നു. മനുഷ്യന്റെ സാധാരണ ആയുസ്സ്‌ നൂറുവര്‍ഷമാണെന്ന്‌ വേദങ്ങള്‍ പറയുന്നു. എന്നാല്‍ ഇതിലധികം ജീവിക്കുന്നവരില്ലെന്നല്ല. ചിട്ടയായി ജീവിതം രൂപപ്പെടുത്തിയാല്‍ നൂറുവര്‍ഷം വരെ സുഖമായി ആസ്വദിച്ചുജീവിക്കാം.

അതിന്‌ ഒരു ക്രമം നാം സ്വീകരിക്കണം. ഉണ്ണുന്നതിനും ഉറങ്ങുന്നതിനും ശുചിയായിരിക്കുന്നതിനും പഠിക്കുന്നതും, കളിക്കുന്നതിനും അങ്ങനെ എല്ലാത്തും ഈ ക്രമം ആവശ്യമാണ്‌. സമൂഹം നിലനില്‍ക്കാനാകട്ടെ ചില ആചാരങ്ങളുണ്ട്‌. അതാണല്ലോ നേരത്തെ നാം പറഞ്ഞ സത്യം, ക്ഷമ, ശക്തി, ധൈര്യം എന്നിവ. ജീവിതകാലം മുഴുവന്‍ പാലിക്കേണ്ടതിനെ നാം ആശ്രമം എന്നുപറയുന്നു. ആശ്രമമെന്ന്‌ കേള്‍ക്കുമ്പോള്‍ സന്ന്യാസിമാരും മറ്റും താമസിക്കുന്ന സ്ഥലമാണെന്ന്‌ കരുതുമായിരിക്കും. ഒരര്‍ത്ഥത്തില്‍ അങ്ങനെ തന്നെ. ജീവിതത്തെ നാലുഭാഗങ്ങളാക്കി ഭാഗിക്കുകയും അവയിലോരോന്നിനെയും ഓരോ ആശ്രമമെന്നും പറയുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ്‌ നാല്‌ ആശ്രമങ്ങള്‍. ഇവയില്‍ ആദ്യത്തെ ബ്രഹ്മചര്യമെന്താണെന്ന്‌ നോക്കാം.

*ബ്രഹ്മചര്യം*

ബ്രഹ്മമെന്നാല്‍ ഈശ്വരന്‍, വേദം എന്നൊക്കെയാണര്‍ത്ഥം. ചര്യം എന്നാല്‍ നടപ്പ്‌ എന്നാണര്‍ത്ഥം. ഈശ്വരനെ ഓര്‍ത്തുകൊണ്ട്‌ അറിവില്‍ നടക്കുക എന്നാണ്‌ ബ്രഹ്മചര്യമെന്നതിനര്‍ത്ഥം. ഈ സമയത്ത്‌ അറിവുനേടുക എന്ന ചിന്ത മാത്രമേ കുട്ടികള്‍ക്കുണ്ടാകാവൂ. ആണ്‍കുട്ടികള്‍ ഇരുപത്തഞ്ചോ മുപ്പതോ വയസ്സുവരെ ബ്രഹ്മചര്യം അനുഷ്ഠിക്കണം. പെണ്‍കുട്ടികളാവട്ടെ പതിനെട്ടോ ഇരുപതോ വയസ്സുവരെ അത്‌ അനുഷ്ഠിക്കണം.

ബ്രഹ്മചാരികള്‍ എന്തുചെയ്യണം? ശരീരശക്തി, മനഃശക്തി, ആത്മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കണം. വിദ്യാര്‍ത്ഥിയുടെ പര്യായം കൂടിയാണ്‌ ബ്രഹ്മചാരി എന്നത്‌. മനുഷ്യന്റെ ഭാവി കരുപ്പിടിപ്പിക്കുന്നത്‌ പഠിക്കുന്ന കാലത്താണ്‌. ഇക്കാലത്ത്‌ ജീവിതത്തിന്‌ അടുക്കും ചിട്ടയുമുണ്ടായാല്‍ സ്വാഭാവികമായും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കെല്‍പുണ്ടാകും. ഇങ്ങനെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കെല്‍പുണ്ടാക്കുന്ന ജീവിതക്രമത്തെയാണ്‌ ബ്രഹ്മചര്യാശ്രമം എന്ന്‌ പറയുന്നത്‌.

സൂര്യോദയത്തിന്‌ മുന്‍പ്‌ ബ്രഹ്മചാരി ഉണരണം. ഇങ്ങനെ ബ്രഹ്മചാരി ഉണരുന്ന സമയമാണ്‌ ബ്രാഹ്മമുഹൂര്‍ത്തം. രവിലെ ഉണര്‍ന്നാലുടനെ മൂത്രവിസര്‍ജ്ജനം ചെയ്യണം. മുഖം, കൈകാലുകള്‍ എന്നിവ കഴുകി ഭാഗ്യസൂക്തം എന്ന വേദമന്ത്രം ചൊല്ലണം. വ്യായാമം ചെയ്യണം, കുളി സന്ധ്യാവന്ദനം, ഹോമം എന്നിവയും ചെയ്യണം. രണ്ട്‌ സന്ധ്യകളുണ്ട്‌. രാവിലത്തെ സന്ധ്യയും വൈകീട്ടത്തെ സന്ധ്യയും. ഇവയെല്ലാം കഴിഞ്ഞ്‌ സാത്വികമായ ഭക്ഷണം കഴിക്കണം. കൊന്നുതിന്നരുത്‌. അതായത്‌ സന്യാഹാരം ഉപയോഗപ്പെടുത്തണമെന്ന്‌ സാരം. എരിവും പുളിയും മസാലകളും അധികമുള്ള ഭക്ഷണം ഒഴിവാക്കണം. നാടകം, സിനിമ എന്നിവയും വിദ്യാര്‍ത്ഥി ഒഴിവാക്കേണ്ടതാണ്‌. അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ലളിതമായി ജീവിക്കാന്‍ പഠിക്കണം, മടി, വെറുപ്പ്‌, ക്രോധം, അത്യാഗ്രഹം, ഭയം, ദുഃഖം എന്നിവയെല്ലാം ഉപേക്ഷിക്കണം. സര്‍വ്വരേയും സഹോദരതുല്യരായി കാണണം. കാമം അടക്കുകയും വേണം. ഇങ്ങനെ ജീവിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും ആത്മാവിനും ശാന്തിയും ശക്തിയും ലഭിക്കുന്നു.

*ഗാർഹസ്ഥ്യം*

ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടക്കുമ്പോള്‍ നല്ല കുടുംബം പടുത്തുയര്‍ത്തുകയാണ്‌ ഇവിടെ. മര്യാദ, നിയമം, സംയമനം എന്നിവയോടെ ജീവിക്കുക. ഇവിടെ ഒരാള്‍ മാത്രമല്ല, ഭാര്യയും ഭര്‍ത്താവുമുണ്ടാകും. ഒരേ ശരീരത്തിന്റെ രണ്ടുഭാഗങ്ങളായി ഇവര്‍ പരസ്പരം കരുതണം. സ്വന്തം കുട്ടികള്‍ക്ക്‌ വേണ്ട നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ സദാചാരികളാക്കി വളര്‍ത്തണം. പരോപകാരികളും, ദയയുള്ളവരുമായി അവരെ മാറ്റണം. നല്ല തലമുറയെ വാര്‍ത്തെടുക്കുന്ന ആശ്രമമാണിത്‌.

*വാനപ്രസ്ഥം*

വാനപ്രസ്ഥാശ്രമം എന്ന്‌ കേള്‍ക്കുമ്പോള്‍ ആളുകള്‍ കരുതുക കാട്ടില്‍പോയി താമസിക്കുക എന്നാണ്‌. വീടുമായി ബന്ധമില്ലാത്തത്‌ എന്നുമാത്രമേ വനം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നുള്ളൂ. വീട്ടുകാര്യങ്ങളില്‍ നിന്ന്‌ വിട്ട്‌ സമൂഹകാര്യങ്ങള്‍ക്കായി ജീവിതം ചെലവിടുന്ന ഏര്‍പ്പാടാണ്‌ വാനപ്രസ്ഥാശ്രമം. ഗൃഹസ്ഥാശ്രമത്തിലെ തിരക്കുകളില്‍ നിന്നെല്ലാം വിട്ട്‌ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ ഈ ആശ്രമികളാണ്‌. മക്കള്‍ കുടുംബം നോക്കാന്‍ പ്രാപ്തരായാല്‍ ഈ ആശ്രമം സ്വീകരിക്കുകയാണ്‌ കരണീയം. വീട്ടുകാര്യങ്ങളില്‍ ഇടപെടാതിരിക്കുമ്പോഴാണ്‌ മക്കള്‍ കൂടുതല്‍ ബഹുമാനം പിതാവിന്‌ നല്‍കുക. വീട്ടുവഴക്കുകളും ഒഴിവാക്കാം.

*സന്യാസം*

ഒടുവിലത്തേതാണ്‌ സന്ന്യാസം. എല്ലാ ചീത്തകളെയും ത്യജിച്ചവനാണ്‌ സന്യാസി. ധനം, കീര്‍ത്തി, കുട്ടികള്‍ എന്നിങ്ങനെ ഒന്നും ആഗ്രഹിക്കാത്ത, ഈശ്വരനില്‍ സ്വയം സമര്‍പ്പിച്ച, പരോപകാരിയാണ്‌ സന്ന്യാസി. അദ്ദേഹം ഭയമില്ലാതെ എല്ലായിടത്തും നന്മകള്‍ പറഞ്ഞുകൊടുക്കാന്‍ എത്തിച്ചേരുന്നു. എല്ലാവരേയും സ്നേഹംകൊണ്ട്‌ മൂടണം. എന്നാല്‍ അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ക്കണം. ഇവരാണ്‌ സമൂഹത്തില്‍ ന്യായവും സ്നേഹവും ധര്‍മ്മവും വിതരണം ചെയ്യുന്നത്‌.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates