Sunday, June 12, 2016

ഹനുമത്ജയന്തി

ഹനുമാന്റെ ജനനം
ഗണപതിയുടെ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമാമഹേശ്വരന്മാര്‍ വാനരരൂപികളായി വനത്തില്‍ പ്രവേശിച്ചു. അവര്‍ ആനന്ദത്തോടെ വൃക്ഷശിഖരങ്ങള്‍ ചാടിക്കടന്നും പഴുത്ത കായ്കനികള്‍ ഭക്ഷിച്ചും കാട്ടരുവിയിലെ ജലം കുടിച്ചും ക്രീഡിച്ചും നാളുകള്‍ ചെലവഴിച്ചു. കുറേനാളുകള്‍ക്കുശേഷം വാനരരൂപിയായ ഗൗരി ഗര്‍ഭിണിയായി.
എന്നാല്‍ താന്‍ ഗര്‍ഭവതിയാണെന്ന വിവരം പാര്‍വ്വതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയില്‍ ഗര്‍ഭം ധരിച്ചതിനാല്‍ തന്റെ ശിശു വാനരന്‍ ആയിരിക്കുമെന്നതിനാലാണ് ദേവിയ്ക്ക് സന്തോഷം തോന്നാത്തത്. സര്‍വലോകസുന്ദരിയും ഐശ്വര്യദായിനിയുമായ പാര്‍വ്വതി ഒരു കുരങ്ങന്റെ മാതാവാകാന്‍ ആഗ്രഹിച്ചില്ല.

ദേവിയുടെ അപ്രസന്നഭാവത്തില്‍ നിന്നും ശിവശങ്കരന്‍ കാര്യങ്ങള്‍ ഗ്രഹിച്ചു. ഭഗവാന്‍ തന്റെ യോഗശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ദേവന്‍ വായു ഭഗവാനോട് കല്പിച്ചു. അല്ലയോ വായുദേവാ. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗര്‍ഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാന്‍ ദേവി താല്പര്യപ്പെടുന്നില്ല. ഇവനെ സംരക്ഷിക്കുവാന്‍ ഞാനങ്ങയോട് ആവശ്യപ്പെടുന്നു.

‘ദേവാ. ഇത് അവിടുന്ന് എനിക്ക് നല്‍കിയ കല്പനയല്ല. അനുഗ്രഹം തന്നെയാണ്. മഹാശ്രേഷ്ഠനായ ശിവശങ്കരന്റെയും ദേവി ഉമയുടെയും ശിശുവിനെ സംരക്ഷിക്കുവാന്‍ കഴിയുന്നതില്‍പ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്.? ആനന്ദത്താല്‍ മതി മറന്ന വായുഭഗവാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.
വായുഭഗവാന്‍ ആ ഗര്‍ഭസ്ഥ ശിശുവിനെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു. കാലം കടന്നുപോയി. ഗര്‍ഭം പരിപക്വമായിതീര്‍ന്നു. അപ്പോള്‍ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗര്‍ഭസ്ഥശിശു ആരിലൂടെ ജനിക്കും?

അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാര്‍ത്ഥം തപസ്സുചെയ്യുന്ന വിവരം വായു ഭഗവാന്‍ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നില്‍ പ്രത്യക്ഷനായി പറഞ്ഞു. ഹേ അഞ്ജനേ, പുത്രലാഭാര്‍ത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാനിതാ അതുല്യപ്രഭയുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.’
അഞ്ജന ആനന്ദസമുദ്രത്തിലാറാടി. അവള്‍ ഇരുകൈകളും കൂപ്പി വായുഭഗവാന് സ്തുതിപറഞ്ഞുകൊണ്ട് ആ ഗര്‍ഭം ഏറ്റുവാങ്ങി. വായുഭഗവാന്‍ അഞ്ജനയെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.
ദിനങ്ങള്‍ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നല്‍കി. അവന്റെ ജന്മത്തില്‍ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പില്‍ക്കാലത്ത് ഹനുമാന്‍ എന്ന പേരില്‍ പുരണാപ്രസിദ്ധനായി തീര്‍ന്നത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates