Wednesday, June 21, 2017

ജഡഭരതൻ

**

ആംഗിരസ ഗോത്രത്തിൽപെട്ട ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു.  ബ്രാഹ്മണർക്ക് വിധിച്ച എല്ലാ നിത്യനൈമിത്തിക കർമ്മങ്ങളും അദ്ദേഹം വിധിയാംവണ്ണം അനുഷ്ഠിച്ചിരുന്നു.  ആദ്യത്തെ ഭാര്യയിൽ അദ്ദേഹത്തിന് ഒൻപത് പുത്രന്മാരും, രണ്ടാമത്തെ ഭാര്യയിൽ ഒരു പുത്രനും ഒരു പുത്രിയും ഉണ്ടായി.   വീണ്ടും ജന്മമെടുത്ത മാൻരൂപിയായ ഭരതനായിരുന്നു ദ്വിതീയപത്നിയുടെ  പുത്രൻ

*ഭഗവാൻ നാരായണന്റെ അവതാരമായ ഋഷഭദേവന്റെ മകനായിരുന്നു ഭരതൻ. ആത്മവിദ്യയുടെ ബാലപാഠങ്ങൾ അദ്ദേഹം മകനെ പഠിപ്പിച്ചിരുന്നു.  ഭരതൻ അത് മിക്കവാറും സ്വായത്തമാക്കുകയും ചെയ്തിരുന്നു.  എന്നാൽ *പ്രാരബ്ധ കർമ്മങ്ങളുടെ ആധിക്യം മൂലം അദ്ദേഹത്തിന് ഒരു മാനായി ജനിക്കേണ്ടിവന്നു.  മാനിന്റെ ജന്മത്തിൽ ഋഷിമാരായ മഹത്തുക്കളുടെ സംഗം ഉണ്ടായതിനാൽ ഇപ്പോൾ അദ്ദേഹം വീണ്ടും മനുഷ്യജന്മം കൈക്കൊണ്ടിരിക്കുന്നു.*  ഒരു അനുഗ്രഹം ഇപ്പോഴും ഉണ്ട്.  പൂർവ്വജന്മ സ്മരണ അറ്റുപോയിരുന്നില്ല.  അതിനാൽ കഴിഞ്ഞതെല്ലാം ഓർമ്മയുണ്ട്.

അതുകൊണ്ട് ഭരതൻ വിചാരിച്ചു: *"മാലിന്യം പറ്റിയശേഷം അത് കഴുകിക്കളയുന്നതിൽ ഭേദം അതിന്റെ സ്പർശം ഏൽക്കാതിരിക്കുകയാണ് "*
ഭരതൻ സർവ്വസംഗ പരിത്യാഗം ചെയ്തു.  പൂർവ്വജന്മത്തിലെ ജ്ഞാനം മുഴുവൻ സ്പഷ്ടമായിരുന്നിട്ടും അദ്ദേഹം ഒരു വിഡ്ഢിയെപ്പോലെ മൃതപ്രായനായി വർത്തിച്ചു.  പുതുതായി ഒന്നുംതന്നെ അദ്ദേഹത്തിന് പഠിക്കാനുണ്ടായിരുന്നില്ല.  എങ്കിലും ബോധപൂർവ്വം വിഡ്ഢി ചമഞ്ഞു കഴിഞ്ഞുകൂടി. എല്ലാവരും അവനെ ജഡഭരതൻ എന്ന് വിളിച്ചു. 

അവന്റെ അച്ഛൻ തന്റെ മകനെ ഒരു ഉത്തമ ബ്രാഹ്മണനായി വളർത്തിക്കൊണ്ടുവരാൻ കഴിയാത്തതിൽ വളരെ ദുഃഖിച്ച് ഒരു ദിവസം ദേഹം വെടിയുകയും ചെയ്തു.

ആ നാട്ടിൽ സന്തതിയുണ്ടാകാതിരുന്ന ഒരു കൊള്ളത്തലവൻ ഉണ്ടായിരുന്നു.  കാളീദേവിക്ക് ഒരു മനുഷ്യജീവിയെ ബലിയർപ്പിച്ചാൽ പുത്രനുണ്ടാകുമെന്ന് അവനോട് ആരോ പറഞ്ഞു.  ബലിക്ക് പറ്റിയ ഒരു മനുഷ്യനെ പിടിച്ചുകൊണ്ടുവരാൻ അവൻ ഭൃത്യന്മാരോട് ആജ്ഞാപിച്ചു.  അവർ പകൽ മുഴുവൻ ഒരാളെ അന്വേഷിച്ച് ചുറ്റിനടന്നു.  രാത്രിയായപ്പോൾ വയൽവരമ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു. അത് ഭരതനായിരുന്നു.  കാട്ടുമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നുണ്ടോ എന്ന് നോക്കാനായി അദ്ദേഹം അവിടെ നിൽക്കുകയായിരുന്നു.  ഭരതന് ദേഹബോധം തീരെയില്ല. 

ഭൃത്യന്മാർ അദ്ദേഹത്തെ കുറ്റമറ്റ ഒരു ഇരയായി കരുതി.  ശരീരം അഴുക്കു പുരണ്ടിട്ടുണ്ട്. എന്നാലും വൈരൂപ്യമോ, മുറിവോ ഒന്നും ഉണ്ടായിരുന്നില്ല.  അവർ അദ്ദേഹത്തെ കയർകൊണ്ട് വരിഞ്ഞുകെട്ടി എടുത്തുകൊണ്ടുപോയി.  വരിഞ്ഞുകെട്ടുമ്പോൾ യാതൊരു എതിർപ്പും പ്രദർശിപ്പിക്കാതിരുന്ന  അദ്ദേഹത്തിന്റെ മനസ്ഥിതി കണ്ട് അവർക്ക് അത്ഭുതം തോന്നി.  അവർ അദ്ദേഹത്തെ ഒരു ക്ഷേത്രത്തിൽ എത്തിച്ചു.  പുണ്യജലത്തിൽ കുളിപ്പിക്കുകയും, ബലിനൽകാൻ പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു.  അപ്പോഴെല്ലാം ഭരതൻ നിശ്ശബ്ദനായും, നിർവികാരനായും ഇരുന്നു.

ബലിപീഠത്തിൽ ഇരുത്തി പുരോഹിതൻ മന്ത്രം ചൊല്ലുകയും അദ്ദേഹത്തെ ബലി നൽകാനായി വാളുയർത്തുകയും ചെയ്തു. വധിക്കപ്പെടാൻ തയ്യാറായി ഇരുന്ന ആ  ബ്രഹ്മണനിൽ നിന്ന് നിർഗ്ഗളിച്ച തേജസ്സ് ദേവിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവിടെ ഒരു മഹാപാതകം നടക്കാൻ പോകുന്നത് ദേവി കണ്ടു.  ദേവി സ്വർഗ്ഗവാസികളായ അനുചരന്മാരോട് കൂടി അവിടെ പ്രത്യക്ഷപ്പെട്ടു.  അദ്ദേഹത്തെ കൊല്ലാൻ ഉയർത്തിയ അതേ വാളുകൊണ്ട് തന്നെ ദേവി അവരുടെയെല്ലാം കഥ കഴിച്ചു.  *തന്റെ ഭക്തനെ ആരെങ്കിലും അപമാനിക്കുന്നത്  സഹിക്കുവാൻ ഭഗവാന് സാധിക്കുകയില്ല.*  ഭക്തനെ അനുഗ്രഹിച്ച് ദേവി അപ്രത്യക്ഷയായി.  ഒന്നും സംഭവിക്കാത്തത് പോലെ ഭരതൻ അവന്റെ വഴിക്ക് പോവുകയും ചെയ്തു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates