Wednesday, June 21, 2017

മഥുര

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമി, വേദോപനിഷത്തുക്കളുടെ സാരസംഗ്രഹമായ ഭഗവദ്ഗീത ആരുടെ മൊഴികളിലൂടെയാണോ ഉതിര്‍ന്നുവീണത് ആ സര്‍വേശ്വരന് ജന്മമരുളിയ പുണ്യഭൂമി. ദ്വാപരയുഗാന്ത്യത്തില്‍ അവതരിച്ച ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങളും മന്ദിരങ്ങളും ഈ പുണ്യസങ്കേതത്തില്‍ കാണാം. ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ ക്ഷേത്രം, വൃന്ദാവനം, ഗോവര്‍ദ്ധനം എന്നിവ അടുത്ത പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു.

അയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ അവതരിച്ച ആ പുണ്യാത്മാവിന്റെ ജന്മഗൃഹം ആരെയും ഭക്തിയുടെ ആനന്ദകോടിയില്‍ എത്തിക്കും. സപ്തപുരികളിലൊന്നായ മഥുര ഉത്തര്‍പ്രദേശില്‍ യമുനയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ലോക മനസ്സിനെ പിടിച്ചുനിര്‍ത്തി പ്രാപഞ്ചിക രഹസ്യങ്ങളും ജീവിതതത്വങ്ങളും മനസ്സിലാക്കിക്കൊടുത്ത ഭഗവദ്ഗീത ശ്രീകൃഷ്ണ ഭഗവാനെ എന്നുമെന്നും ഓര്‍ക്കുന്നതിന് പര്യാപ്തമാക്കുന്നു. മഥുരയില്‍ തന്നെ അനന്തമായി വ്യാപിച്ചുകിടക്കുന്ന തുളസിത്തോട്ടമാണ് വൃന്ദാവനം. ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ച നടന്ന സ്ഥലം. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഈ പൂന്തോട്ടം കൃഷ്ണഭക്തരുടെ മുഴുവന്‍ സ്വപ്നഭൂമിയായി നിലനില്‍ക്കുന്നു.

കാലത്തിന്റെ പ്രയാണം ഈ ഭൂപ്രദേശത്തെ കുറെയൊക്കെ വിഴുങ്ങിയെങ്കിലും വൃന്ദാവനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കുറച്ചുഭാഗം ഇന്നും തുളസീവനമായി നിലനില്‍ക്കുന്നു. ഉണ്ണിക്കണ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലം ഇവിടെയാണ്. ഇവിടുത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാറുള്ളതായും ഇവിടെയുള്ളവര്‍ പറയുന്നു. ഇതിന് സമീപമുള്ള തീര്‍ത്ഥക്കുളം ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയ സ്ഥലം എന്നും കരുതിപ്പോരുന്നു. ഇവിടെയെല്ലാം എപ്പോഴും കൃഷ്ണമന്ത്രങ്ങളാല്‍ മുഖരിതമാണ്
ഇതിന് സമീപപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഇസ്‌കോണ്‍ ടെമ്പിള്‍ ആരാധകര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. മാര്‍ബിള്‍കൊണ്ട് തീര്‍ത്ത ഈ പുണ്യക്ഷേത്രത്തില്‍ ആയിരങ്ങള്‍ ദിനംപ്രതി എത്തുന്നു. കംസന്റെ രാജധാനിയായിരുന്ന മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം മുസ്ലിം അക്രമകാരിയായ ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു. എന്നാല്‍ കൃഷ്ണ സ്മൃതികള്‍ ഉറങ്ങുന്ന ഈ പുണ്യഭൂമി വിട്ടുതരുവാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഹൈന്ദവ ദേവീ-ദേവന്മാരുടെ നിരവധി ക്ഷേത്ര സമുച്ചയങ്ങളാണ് മുസ്ലിം ആക്രമണകാരികളായ ബാബറെപ്പോലുള്ളവര്‍ തകര്‍ത്തിട്ടുള്ളത്.

പുണ്യപുരാണങ്ങളില്‍ കൂടി ഏറെ അറിയപ്പെടുന്നതും പുണ്യക്ഷേത്രങ്ങളുമുള്ള ഇവിടം വീണ്ടെടുക്കാന്‍ പുതുതലമുറക്കെങ്കിലും കഴിയണം; നിയമങ്ങള്‍ക്കും, കോടതിയ്ക്കും പരിമിതികള്‍ ഏറെയാണ്. എന്നാല്‍ പൈതൃക സ്വത്തുക്കളും ആരാധന സ്വാതന്ത്ര്യവും വീണ്ടെടുക്കുകയെന്നത് ഏതൊരു വിശ്വാസിയുടെയും കടമയുമാണ്. ഇത്തരം ക്ഷേത്രസങ്കേതങ്ങളില്‍ എത്തുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുന്ന വികാരമാണ് ഈ മനഃസ്ഥിതിയെന്നതാണ് സത്യം. മഥുരയിലും ഇതാണ് സ്ഥിതി.

ആഗ്ര-ദല്‍ഹി ദേശീയ പാതയില്‍ നിന്നും 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്ര സങ്കേതങ്ങളില്‍ എത്തിച്ചേരാം. വിവിധ ആരാധനാ ക്രമങ്ങളിലും വിവിധ ഭാവത്തിലും രൂപത്തിലുമുള്ള നിരവധി ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ് ഇവിടെ അടുത്തടുത്തായി ഉള്ളത്.

വൃന്ദാവനം
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സ്ഥിതിചെയ്യുന്ന വൃന്ദാവനം ഭഗവാന്‍ കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച സ്ഥലമാണ്. ഇവിടുത്തെ വൃന്ദാവന്‍ ക്ഷേത്രത്തില്‍ കൃഷ്ണനേയും രാധയേയും ആരാധിക്കുന്നു. പ്രാചീനമായ ഹൈന്ദവ ചരിത്രം പ്രതിപാദിക്കുന്ന പഴക്കം ചെന്ന ക്ഷേത്രമാണ് മഥുര വൃന്ദാവന്‍ ക്ഷേത്രം. 1590- ല്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. വൃന്ദാവനം എന്നത് പുരാതന സംസ്‌കൃത നാമമാണ്. ‘വന തുളസി’ എന്ന പേരില്‍ നിന്നാണ് വൃന്ദാവനം ഉണ്ടായത്. ഇതിന് സമീപത്തായി ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രക്കുളവുമുണ്ട്.

താന്‍സന്റെ ഗുരുവായ ഹരിദാസിന്റെയും അനേകം ശ്രീകൃഷ്ണ ഭക്തരുടെയും സമാധികള്‍ വൃന്ദാവനത്തിലുണ്ട്. ഇവിടെ അനേകം ഗോശാലകളും കാണാം. 16-ാം നൂറ്റാണ്ടില്‍ ചൈതന്യ-മഹാപ്രഭു ഇവിടം കണ്ടെത്തുന്നതുവരെ വൃന്ദാവനം കൊടുംവനമായിരുന്നു. 1515 ല്‍ വൃന്ദാവനം സന്ദര്‍ശിച്ച ചൈതന്യ മഹാപ്രഭു സ്വര്‍ഗീയ സ്‌നേഹത്തിന്റെ ആദ്ധ്യാത്മിക മയക്കത്തില്‍ വൃന്ദാവനത്തിലെ പരിപാവനമായ വനങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ അദ്ദേഹം കൃഷ്ണലീലകള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായും ക്ഷേത്രം പണിതീര്‍ത്തതായും പറയപ്പെടുന്നു. കൃഷ്ണഭക്തയായ മീരാഭായ് ഈ കാലയളവില്‍ മേവാര്‍ രാജ്യമുപേക്ഷിച്ച് ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുകയും അവരുടെ അവസാന 14 വര്‍ഷം വൃന്ദാവനത്തിലെ ഒരു സ്ഥലത്ത് താമസിച്ചു. ഹിന്ദു ഭക്തി കവയത്രികളില്‍ ഏറെ പ്രശസ്തയാണ് മീരാഭായി.

വനനിബിഡമായിരുന്നു എന്നു പറയപ്പെടുന്ന ഇവിടെ ഇന്ന് വനമില്ല. അന്ന് മയില്‍, കുരങ്ങുകള്‍, പശു, പക്ഷിജാലങ്ങള്‍ എന്നിവ ഏറെ അധിവസിച്ചിരുന്നു. എന്നാല്‍ പശുക്കളുടെയും കുരങ്ങുകളുടെയും സാന്നിദ്ധ്യം ഇന്നും ഉണ്ട്. ഹൈവേ കടന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ തെരുവോരങ്ങളില്‍ എല്ലാം കൃഷ്ണസ്മൃതികള്‍ തീര്‍ത്ത് ഭക്തിഗാനങ്ങളും കച്ചവടസ്ഥാപനങ്ങളില്‍ പൂജാവസ്തുക്കളും കൃഷ്ണ-രാധ ശില്‍പ്പങ്ങളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. കൊടുംവേനലില്‍ ദാഹം തീര്‍ക്കാന്‍ മോരിന്‍വെള്ളവും ലസിയും (മോരില്‍ പഞ്ചസാര കലര്‍ത്തിയ പാനീയം) കിട്ടും. കൃഷ്ണഭക്തിയില്‍ ചെറിയ ഇടനാഴികളിലൂടെ കൃഷ്ണഭജനകള്‍ പാടിയാടുന്ന സംഘത്തെയും ചിലപ്പോഴൊക്കെ കാണാന്‍ കഴിയും. ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും തിരക്കാണ്.
കാളിന്ദീതീരത്തായി കാണുന്ന പുരാതനമായ ഗോവിന്ദരാജക്ഷേത്രവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ താണ്. കൂടാതെ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപക ഗുരുവായ പ്രഭുപാദ ചൈതന്യ സ്വാമികളുടെ സമാധിക്ക് സമീപമായി 300 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മാര്‍ബിള്‍ ക്ഷേത്രം ഭക്തജനങ്ങളുടെ പ്രധാന ആരാധന കേന്ദ്രമാണ്. നിരവധി വിദേശീയരും ഇവിടെ വന്നുപോകുന്നു. ഇന്ന് ഇത് ലോകപ്രശസ്ത ക്ഷേത്രസമുച്ചയമായി അറിയപ്പെടുന്നു. സ്വാമി ഹരിദാസ് നിര്‍മിച്ച ബല്‍കി ബിഹാരി ക്ഷേത്രം, കാളിഘട്ടിനരികിലായുള്ള മദന്‍ മോഹന്‍ ക്ഷേത്രം, പ്രേംമന്ദിര്‍, രാധാവല്ലഭ് ക്ഷേത്രം, രാധാരമണ്‍ ക്ഷേത്രം, കൃഷ്ണ-ബലരാമ ക്ഷേത്രം, രാധാ ദാമോദര്‍ ക്ഷേത്രം…. ഇങ്ങനെ നിരവധി ക്ഷേത്രങ്ങളാണ് അടുത്തടുത്തായി ഉള്ളത്.

ഇവിടെനിന്നും കുറച്ചകലെയായാണ് ഗോവര്‍ദ്ധന്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്. വൃന്ദാവനത്തിലെ ഗോപാലകരെ രക്ഷിക്കാനും, ഇന്ദ്രന്റെ അഹങ്കാരം ഇല്ലാതാക്കുവാനുമായി ഗോവര്‍ദ്ധന പര്‍വതത്തെ കൈവിരലില്‍ ഉയര്‍ത്തി ഗോപാലകരെ രക്ഷിച്ചുവെന്നുമാണ് വിശ്വാസം. ഇന്ദ്രനെയല്ല എല്ലാം തരുന്ന ഗോവര്‍ദ്ധനത്തെ ആരാധിച്ചാല്‍ എല്ലാ അനുഗ്രഹവും ലഭിക്കുമെന്നും ഭഗവാന്‍ കൃഷ്ണന്‍ വൃന്ദാവനത്തില്‍ ഉള്ളവരോട് പറഞ്ഞതായും വിശ്വസിക്കപ്പെടുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനായി കൃഷ്ണഭക്തര്‍ ഇന്നും ഈ ഗ്രാമത്തില്‍ എത്തി 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാതയിലൂടെ ഈ ഗ്രാമത്തെ വലംവയ്ക്കുന്നു. ‘ഗോവര്‍ദ്ധന്‍ പരിക്രമ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഊരുചുറ്റല്‍ എല്ലാ ദിവസവും മുടക്കം കൂടാതെ നടക്കുന്നു.

അന്യദേശങ്ങളില്‍ നിന്നുകൂടി എത്തുന്നവര്‍ ഭജനയും, ഹരേ രാമ ഹരേകൃഷ്ണ എന്ന മന്ത്രം ഉരുവിട്ടും നടന്നുനീങ്ങുന്ന കാഴ്ചയും ഭക്തിയുടെ ആനന്ദകൊടിയില്‍ എത്തിക്കും. ഇന്ന് പുരാണങ്ങളില്‍ പറയപ്പെടുന്ന പര്‍വതം ഇവിടെ ഇല്ല എങ്കിലും ഈ ചടങ്ങ് ഇവിടെ ഇന്നും തുടരുന്നു. ഈ ഗ്രാമവാസികള്‍ ഗോപരിപാലനത്തിലും കൃഷ്ണഭക്തിയിലും ഒരു ലോപവും വരുത്താറുമില്ല. ഇത്തരത്തില്‍ ഭഗവാന്റെ അപദാനങ്ങള്‍ കേട്ടുണരുന്ന മഥുര ഭാരതഭൂമിയിലെ സ്വര്‍ഗ്ഗമെന്നു തന്നെ പറയാം. ഭഗവാന്റെ ബാല്യകൗമാരങ്ങള്‍ വര്‍ണിക്കുന്നതായ നിരവധി ക്ഷേത്രങ്ങളും സ്ഥലങ്ങളും രാജ്യത്തെമ്പാടുമുണ്ട്. എന്നാല്‍ ഭഗവാന്‍ സ്വര്‍ഗാരോഹണം ചെയ്തു എന്നു വിശ്വസിക്കുന്ന സ്ഥലവുമുണ്ട്.

ഗുജറാത്തിലെ പേരാവല്‍ എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രവും ആല്‍വൃക്ഷവും സ്ഥിതിചെയ്യുന്നത്. ആലിന്‍കൊമ്പില്‍ ഇരുന്ന കൃഷ്ണനെ മയില്‍ എന്നു കരുതി വേടന്‍ അമ്പെയ്തു എന്നു കരുതുന്നതാണ് ഈ ആല്‍വൃക്ഷം.
.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates