Thursday, October 13, 2016

ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍

🙏🙏🙏👍
ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന് നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്.

1. *ഒന്നിനയും ഭയക്കാതിരിക്കുക*

മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ ശ്രീ കൃഷ്‌ണന്‍ തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട് മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ഒരു സാധാരണ മനുഷ്യനോ പട്ടാളക്കാരനോ നേതാവോ ഒരിക്കല്‍ പോലും തങ്ങളുടെ സമ്പത്തിനെക്കുറിച്ചോ പദവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഭയക്കുന്നില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരമാകും.

2. *ഒന്നിനെയും സംശയിക്കാതിരിക്കുക*

ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍ എന്നത്. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. അതേസമയം, അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വചിന്തകരുടെ നിര്‍ദ്ദേശങ്ങളും പണ്ഡിതരുടെ വാക്കുകളും തള്ളിക്കളയരുത്.

3. *വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക*

ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.

4. *എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക*

എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

5. *കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക*

ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള പാതയല്ല. കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതും സൌഹൃദങ്ങള്‍ ഉപേക്ഷികുന്നതും ഒരിക്കലും ആത്മീയജ്ഞാനത്തിനുള്ളതോ നിത്യമായ സമാധാനത്തിനു വേണ്ടിയുള്ളതോ ആയ മാര്‍ഗമല്ല. ലൌകികലോകത്ത് ജീവിക്കുമ്പോള്‍ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പൂര്‍ണ സമര്‍പ്പണത്തോടെ അവനവനില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചെയ്യുക. ലൌകികമായതെല്ലാം ഉപേക്ഷിച്ചിട്ടും അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് ഒരാളുടെ പരാജയമാണ്.

6. *പരംപൊരുളിനെ തിരിച്ചറിയുക*

ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്. സര്‍വ്വവ്യാപിയായ ഈശ്വരനെ തിരിച്ചറിയുക എന്നതാണ് മനസ്സിന്റെയും ആത്മാവിന്റെയും സന്തോഷം എന്നു പറയുന്നത്.

7. *സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല*

നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. എന്നാല്‍, കണ്ണാടി തെളിമയുള്ളതല്ലെങ്കില്‍ അതില്‍ തെളിയുന്ന പ്രതിബിംബം മങ്ങിയതും തെളിമയില്ലാത്തതും ആയിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും.

8. *എല്ലാത്തിനോടും സമചിത്തത പാലിക്കുക*

ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല. ധ്യാനം ശീലിക്കുന്ന ഒരാള്‍ക്ക് എല്ലാ സങ്കടങ്ങളെയും മറികടക്കാന്‍ കഴിയും. ശരിയായ ഉറക്കവും ശരിയായ ഭക്ഷണവും ശീലമാക്കുക.

9. *കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക*

കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കുകയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

10. *ശരീരം എന്നത് നശ്വരമാണ്; ആത്മാവ് ആണ് അനശ്വരം*

ഒരു കഷണം വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ കൃഷ്‌ണന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല.(narayaneeyam)

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates