Thursday, October 6, 2016

നവരാത്രി

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്.... തിന്മയുടെ മേല്‍ നന്മ.... 
ഇതാണ് നവരാത്രി നല്‍കുന്ന സന്ദേശം.
സൃഷ്ടിയുടെ മഹാശക്തിക്കാണ് പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്.
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് അതു ലക്ഷ്യമാക്കുന്നത്.
ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെക്കരുതി സത്വരജസ്തമോഗുണങ്ങളായും സൃഷ്ടിസ്ഥിതി സംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകടീഭവിക്കുന്നതാണ് ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും.
ത്രിഗുണാത്മികയായ പരാശക്തി പല പേരുകളില്‍ നാനാ ശക്തികളായി പ്രവര്‍ത്തിക്കുന്നു.
കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കാനുള്ള കരുത്താര്‍ജിക്കാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്കു പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു.
സ്‌നേഹം, ദയ തുടങ്ങിയ ദൈവികസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കാന്‍ മഹാനവമിദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്.
കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്.
*ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതിമാതാവായ സരസ്വതി*. 'സാര'മായ 'സ്വ'ത്തെ - അതായത് - *സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി*.
അതുകൊണ്ട് വിജയദശമിനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. *മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്*.
*ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം*.
മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. *ഓരോ ദേവീരൂപത്തേയും ഉപാസിക്കാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്*.
ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ...
*ദേവ്യുപാസന*
*ദുർഗാ ഭഗവതി* 
സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുശതേ.
*മഹാലക്ഷ്മി*
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവ ബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം.
*സരസ്വതി*
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.
*ക്ഷമാപ്രാര്‍ഥന*
അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വ്വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി.
*ദേവീസൂക്തം, ദേവീസ്‌തോത്രം കേശാദിപാദസ്തവം തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം*.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates