Sunday, May 8, 2016

മഹാത്മാക്കളുമായുള്ള സമ്പർക്കമാണ്‌ സത്സംഗം



ഒരിക്കല്‍ നാരദന്‍ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.

മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.

നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. പുഴുവിനോട് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.

പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.

പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.

മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.

നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം.

പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?

പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി. ഒന്നു വിറച്ചു. ചത്തു.

പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.ഭഗവാനോട് പറഞ്ഞു  “പ്രഭോ അതും മരിച്ചു”

മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.

"വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കുന്നില്ല. അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്. ആ കുഞ്ഞിനെക്കൂടെ ഞാൻ കൊലയ്ക്ക് കൊടുക്കണോ" നാരദർ പറഞ്ഞു.

പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..

ഭഗവാൻറെ വാക്കുകൾ അനുസരിക്കുകയില്ലാതെ വേറെ വഴിയില്ലല്ലോ, നാരദർ കാശിയിലേയ്ക്ക് പുറപ്പെട്ടു.

കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?

പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.

“തപോനിധേ”  അത്ഭുതം! കുഞ്ഞു സംസാരിച്ചു തുടങ്ങി “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.“

പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-
പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ
ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ

എന്നാണ് എന്നാൽ, അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു വീണ്ടും സാധാരണ ശിശുവിനെപ്പോലെയായി.

സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. മഹാത്മാക്കളോടും, ഭക്തന്മാരോടുമോക്കെയുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിലൂടെ നിസ്സംഗത്വവും, നിസ്സംഗത്വത്ത്തിലൂടെ ക്രമേണ നിർമോഹത്വവും, നിശ്ചലതത്വവും ഒടുവിൽ ജീവന്മുക്തി തന്നെയും സാദ്ധ്യമാകുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates