Monday, January 25, 2016

മുടിപ്പുര


"മുടി' എന്നാല്‍ കിരീടം. ദേവിയുടെ കിരീടം വെച്ചാരാധിക്കുന്ന പുരയാണ് "മുടിപ്പുര". കൊടുങ്ങല്ലൂരമ്മയാണ് മുടിപ്പുരകളിലെ പ്രതിഷ്ഠ. പാതിവ്രത്യം കൊണ്ട് ഭര്‍ത്താവിനെ പുനരുജ്ജീവിപ്പീക്കുകയും ഒരു രാജ്യം ഭസ്മമാക്കുകയും ചെയ്ത ശക്തിയായ കണ്ണകി അടുത്ത വര്‍ഷത്തെ വിളവിന് അനുഗ്രഹിക്കണമെന്നാണ് പ്രാര്‍ത്ഥന.പ്രധാന ചടങ്ങുകളെല്ലാം വായ്മൊഴിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. തോറ്റം പാട്ടിലൂടെയാണ് ചടങ്ങുകള്‍ നടക്കുക. വായ്മൊഴിലൂടെ പകര്‍ന്ന അറിവുകളും വിശ്വാസങ്ങളും പഠിക്കുന്ന ഫോക്-ലോറിസ്റ്റുകള്‍ക്ക് ധാരാളം കണ്ടെത്തലുകള്‍ക്കു സാധ്യതയൊരുക്കുന്നതാണ് മുടിപ്പുരകളിലെ തോറ്റം പാട്ടും ആചാരാനുഷ്ഠാനങ്ങളും. ക്ഷിപ്രകോപിയായ ഭഗവതിയെ വിനയത്താല്‍ പ്രസന്നയാക്കി വയലില്‍ എത്തിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. കണ്ണകിയുടെ കഥ പാട്ടിലൂടെ പ്രതിപാദിക്കുന്ന തോറ്റം പാട്ടാണു മുടിപ്പുരകളില്‍ പാടുന്നത്.
ഇതിലെ കഥാസന്ദര്‍ഭമനുസരിച്ചാണ് ഉത്സവത്തിലെ ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന്‍റെ മൂന്നാം ദിവസം കണ്ണകിയുടെ വിവാഹ സന്ദര്‍ഭത്തെക്കുറിച്ചാണു പ്രതിപാദിക്കപ്പെടുക. ഈ ദിവസം മുടിപ്പുരയില്‍ അതിനനുസരിച്ചുള്ള പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ടാകും.

അതുപോലെ കണ്ണകിയുടെ ഭര്‍ത്താവായ കോവലനെ കൊല്ലുന്ന ഭാഗം പാടുന്നതോടെ പരിസരം നിശ്ശബ്ദമാകുന്നു. പിന്നീട് കോവലനെ പുനരുജ്ജീവിപ്പിച്ചതിന്‍റെ ആഘോഷത്തോടെയാണ് അന്തരീക്ഷം സജീവമാകുന്നത്. നാട്ടുകാരുടെയെല്ലാം പങ്കാളിത്തം മുടിപ്പുര ഉത്സവത്തിന് ആവശ്യമാണ്. നാട്ടുപ്രമാണിമാര്‍ നേതൃത്വം നല്കുന്ന ഉത്സവത്തില്‍ അന്നത്തെ ജാതിവ്യവസ്ഥയനുസരിച്ച് അധഃകൃതരാണ് പൂജാരിയാകുന്നത്. ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളെല്ലാം മണ്ണുമായി മല്ലിടുന്ന അവര്‍ണ്ണന്‍റെ കാര്‍മ്മികത്വത്തിലാണ് നടക്കുക.

ദ്രാവിഡപ്പഴമയുടെ ലക്ഷണമായ കള്ളും കുരുതിയും പൊലിക്കലും മുടിപ്പുരകളില്‍ നിര്‍ബന്ധമാണ്. കരിക്ക്, കമുകിന്‍പൂവ്, ചുറ്റുവട്ടത്തു നിന്നുള്ള പൂക്കള്‍, തുടങ്ങി സുലഭമായിരുന്ന വസ്തുക്കളാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്. ഇന്നു മുടിപ്പുര കെട്ടാന്‍ വയലുകളില്ല. വര്‍ഷത്തില്‍ പത്തുദിവസത്തോളം പുരകെട്ടി കുടിയിരുത്തിയ ദേവിയെ വരമ്പുകളില്‍ സ്ഥിരമായി കുടിയിരുത്തി. വയലിലെ മുടിപ്പുരകള്‍ കരയിലെ ക്ഷേത്രങ്ങളായി. അതോടെ ദേവിയെ കൊടുങ്ങല്ലൂരില്‍ നിന്നു വിളിച്ചു വരുത്തി കുടിയിരുത്തുന്ന വിശ്വാസവും അപ്രസക്തമായി.
കമുകിന്‍പൂവും പൂജാമലരുകളും ചുറ്റുവട്ടത്തു നിന്ന് അപ്രത്യക്ഷമായതോടെ എല്ലാം കമ്പോളത്തില്‍ നിന്നു വാങ്ങണമെന്നായി. കമ്പോളം അങ്ങിനെ മുടിപ്പുരകളെ ചെലവേറിയതാക്കി. ഇന്ന് മുടിപ്പുരകളില്‍ പൂജയും ഉത്സവപരിപാടികളും സ്പോണ്‍സര്‍മാരാണ് നടത്തുന്നത്.

കേരളത്തിന്‍റെ തെക്കേക്കോണില്‍ ആറ്റുകാല്‍, വെള്ളായണി, ബാലരാമപുരം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ കൂടുതലായി കണ്ടിരുന്ന മുടിപ്പുരകള്‍ പലതും ഇന്നു ക്ഷേത്രങ്ങളായി മാറിക്കഴിഞ്ഞു. നിത്യപൂജയ്ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമൊപ്പം ഇവിടെ മുടിപ്പുര ഉത്സവവും ആഘോഷിക്കുമെന്നു മാത്രം. ദേവിയെ കുടിയിരുത്തേണ്ട സാഹചര്യം ഇല്ലാതായതോടെ, നെല്ലെന്നാല്‍ 'അരിശിച്ചെടി'യെന്നു നമ്മള്‍ കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയതോടെ, മുടിപ്പുരകളുടെ സ്വത്വത്തിനു തന്നെ മാറ്റം സംഭവിച്ചു. ഒരു പുരാതനവിശ്വാസം കൂടി കച്ചവടത്തിന്‍റെ പുതിയ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി.വിളവിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കൂടുതല്‍ ലാഭത്തിനും വ്യക്തിപരമായ വിജയങ്ങള്‍ക്കും വേണ്ടിയായി. കടന്നുകയറ്റത്തിന്‍റെ പുത്തന്‍ സാദ്ധ്യതകള്‍ തേടി കമ്പോളം മതവും അധികാരവുമായുള്ള അതിന്‍റെ ബാന്ധവം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

തൂക്കം മുടിപ്പുര എന്നാ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത് , കേരളത്തിലെ എണ്ണം പറഞ്ഞ മുടിപ്പുരകളിൽ പ്രസിദ്ധമാണ് ഈ ക്ഷേത്ര സന്നിധി ,ദേവിയുടെ തിരുമുടി എഴുന്നള്ളിക്കുന്ന കളംകാവൽ എന്നാ ചടങ്ങ് വളരെ പ്രസിദ്ധമാണ് 

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates