Friday, December 11, 2015

അച്ചന്‍കോവില്‍ അയ്യപ്പന്‍

ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം തപസ്വിയായ ശാസ്താവിന്റേതാണ്. എന്നാല്‍ ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.
പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണു ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍ പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പം സ്മരേദാര്യകം
പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണു പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണു ദേവി.
രക്തരക്താംബരാകല്‍പസ്വരൂപാം കാന്തയൗവനാം
ധൃതവീണാം പ്രഭാം വന്ദേ ദേവീം രക്താം ത്രിലോചനാം
ഭൂതാധിപഭാര്യായൈ ഭൂതിദായൈ ദിനേദിനേ
ഭവാന്യൈ ഭവഭക്തായൈ പ്രഭായൈ തേ നമോ നമഃ
എന്ന് പ്രഭാദേവിയേയും
ഭൂതാധിപതനൂജായ ഭൂതിദായാര്‍ത്തിഹാരിണേ
ശരകാര്‍മ്മുകഹസ്തായ സത്യകായ നമോനമഃ
എന്ന് സത്യകനേയും വന്ദിച്ചു വരുന്നു
പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.
ശ്രീമച്ഛങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാസമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാസമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates